കാഞ്ഞങ്ങാട്: പൊലീസ് വേഷത്തിലെത്തിയ സംഘം കാർ തടഞ്ഞ് സിനിമാ സ്റ്റൈലിൽ വ്യാപാരിയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ കൊള്ളയടിച്ച് രക്ഷപ്പെട്ടു. ചിത്താരി ചേറ്റുകുണ്ടിൽ നോർത്ത് കോട്ടച്ചേരിയിലെ വ്യാപാരി പള്ളിക്കര കല്ലിങ്കാലിലെ ശംസു എന്ന എം.ബി. ശംസു സലാമിനെയാണ്(60) പട്ടാപ്പകൽ സംസ്ഥാന പാതയിൽ കൊള്ളയടിച്ചത്. കഴിഞ്ഞ ദിവസം തന്റെ കാറിൽ രാവിലെ 8.50ന് കല്ലിങ്കാലിലെ വീട്ടിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് കട തുറക്കാൻ വരികയായിരുന്നു വ്യാപാരി. എന്നാൽ കാർ ചേറ്റുകുണ്ടിലെത്തിയപ്പോൾ മറ്റൊരു കാറിലെത്തിയ സംഘം ശംസുവിന്റെ കാർ തടഞ്ഞു. അക്രമി സംഘത്തിൽ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.
സംഘത്തിലെ ഒരാൾ പൊലീസ് വേഷത്തിലായിരുന്നു, ഇയാൾ പൊലീസാണെന്നും വാഹനം പരിശോധിക്കണമെന്നും പറഞ്ഞു. തുടർന്ന് ഡ്രൈവർ സീറ്റിൽനിന്ന് ബലമായി തന്നെ പിടിച്ചിറക്കി പിറകുവശത്തെ സീറ്റിലിരുത്തി. സംഘം വ്യാപാരിയുടെ വാഹനം ഓടിച്ച് ചാമുണ്ഡിക്കുന്ന് കൊട്ടിലങ്ങാട് പാലത്തിനടുത്തെത്തിച്ചു. ശേഷം ഇവിടെ വെച്ച് കാറിന്റെ ഡാഷ് ബോക്സിൽ സൂക്ഷിച്ചിരുന്ന ഒന്നേമുക്കാൽ ലക്ഷം രൂപ അപഹരിച്ച് രക്ഷപ്പെടുകയായിരുന്നു.
Also Read : സിനിമ താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയില്
ക്യാഷ് എടുത്തതിന് പിന്നാലെ കടയും പരിശോധിക്കണമെന്നും തങ്ങൾ പിന്നാലെ വാഹനത്തിൽ വരുമെന്നും സംഘം വ്യാപാരിയെ അറിയിച്ചിരുന്നതായി പറയുന്നു. എന്നാൽ വ്യാപാരി കടയിലെത്തി ഏറെനേരം കഴിഞ്ഞിട്ടും ‘പൊലീസിനെ’ കാണാതായതോടെയാണ് പണം കൊള്ളയടിച്ചതാണെന്ന് മനസിലാക്കുന്നത്. കെ.എൽ. 01 എന്ന നമ്പറിൽ തുടങ്ങുന്ന വെള്ള നിറത്തിലുള്ള കാറിലാണ് ഈ സംഘമെത്തിയത്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.