ചെങ്ങന്നൂർ: പുലിയൂർ സുറിയാനി കത്തോലിക്ക പള്ളിയിലെ കാണിക്കവഞ്ചി രണ്ടുതവണ കുത്തിത്തുറന്ന് കവർച്ച നടത്തിയയാളെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം മംഗലശേരി കടവ് കോളനിയിൽ മണിയൻ (54) ആണ് പിടിയിലായത്. വഞ്ചി പൊക്കിയെടുത്ത് പുറത്തു കൊണ്ടുവെച്ച ശേഷമാണ് ഇയാൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. ചെങ്ങന്നൂർ പോലീസിന് പള്ളി അധികാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കാണിക്കവഞ്ചി മോഷണ കേസുകളിലെയും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. പള്ളിയിലെ വഞ്ചികൾ മോഷ്ടിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ കുരിശടികളിലെ വഞ്ചികളാണ് ഇയാൾ കവർന്നുവന്നത്. ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ വിപിൻ എ.സി, എസ്.ഐ പ്രദീപ് എസ്, ഗ്രേഡ് എസ്.ഐ സാം നിവാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിജോ സാം, രതീഷ്, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.