കമ്പളക്കാട്: അതിക്രമിച്ചു കയറി എസ്റ്റേറ്റ് ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന് കാപ്പിയും കുരുമുളകും കവര്‍ന്ന കേസില്‍ സഹോദരങ്ങളെ പൊലീസ് പിടികൂടി. കോഴിക്കോട് പൂനൂര് കുറുപ്പിന്റെക്കണ്ടി പാലംതലക്കല് വീട്ടില്‍ അബ്ദുൽ റിഷാദ് (29), കെ.പി. നിസാര്‍ (26) എന്നിവരെയാണ് വയനാട് ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം കോഴിക്കോടുനിന്ന് പിടികൂടിയത്.
സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇരുവരെയും പൊലീസ് വലയിലാക്കി. കവർച്ച നടത്തിയ ശേഷം കുന്ദമംഗലം പെരിങ്ങളത്ത് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലര്‍ച്ച പൊലീസ് വീടുവളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 250ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നടത്തിയ ശാസ്ത്രീയാന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പ്രതികളിൽ ഒരാളായ നിസാര്‍ നിരവധി കേസുകളില്‍ കൂടി പ്രതിയായ ഒരാളാണ്.
Also Read :ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
70 കിലോയോളം തൂക്കം വരുന്ന, 43,000 രൂപയോളം വിലമതിക്കുന്ന കുരുമുളകും, 12,000 രൂപയോളം വില വരുന്ന കാപ്പിയുമാണ് ഇവര്‍ കവര്‍ന്നത്. നവംബർ 15ന് രാത്രിയോടെയാണ് കമ്പളക്കാട് ചുണ്ടക്കര പൂളക്കൊല്ലിയിലെ എസ്റ്റേറ്റ് ഗോഡൗണില്‍ കവര്‍ച്ച നടന്നത്.