ലണ്ടൻ: ലോകത്തെ ആദ്യ ‘ആർട്ടിസ്റ്റ്’ റോബോട്ടായ എയ്ഡ വരച്ച ചിത്രം ലേലത്തിൽ വിറ്റുപോയത് 13 കോടി ഡോളറിന്(ഏകദേശം 110 കോടി രൂപ). എയ്ഡ വരച്ച ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ അലൻ ട്യൂറിങ്ങിന്റെ ഛായാചിത്രം ലണ്ടനിലെ ലേലസ്ഥാപനമായ സൊതബീസാണ് ലേലത്തിനെത്തിച്ചത്.
2.2 മീറ്ററുള്ള (7.5 അടി) ചിത്രത്തിന് ‘എ.ഐ. ഗോഡ്’ എന്നാണ് പേര്. ഒരു ഹ്യൂമനോയിഡ് റോബോട്ടുവരച്ച ആദ്യ ചിത്രമെന്ന സവിശേഷതയുമുണ്ടതിന്.ചിത്രം 1,80,000 ഡോളറിന് വിറ്റുപോകുമെന്നായിരുന്നു കരുതിയിരുന്നത്. പുരോഗമിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തന്റെ കലാസൃഷ്ടി പ്രോത്സാഹനമാകുമെന്ന് എയ്ഡ പ്രതികരിച്ചു.
ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്‌ലേസിന്റെ സ്മരണാർഥമാണ് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടിന് എയ്ഡ എന്ന് പേരുനൽകിയത്. ആധുനിക കലയിൽ വിദഗ്ധനായ എയ്ഡൻ മെല്ലറാണ് റോബോട്ട് രൂപകല്പന ചെയ്ത ഇംഗ്ലണ്ടിലെ ഓക്സ്‌ഫഡ്, ബർമിങ്ങാം സർവകലാശാലകളിലെ വിദഗ്ധരുടെ സംഘത്തെ നയിച്ചത്.