CMDRF

ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്‌

ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്‌
ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്‌

ന്യൂയോർക്ക്: ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്ക്. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ മുതിർന്ന അംഗം ഫൗദ് ഷുക്കൂറിന്റെയും കൊലപാതകത്തെ തുടർന്ന് മേഖലയിൽ യുദ്ധഭീതി നിലനിൽക്കെയാണ് ആക്രമണം. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ-അസാദ് വ്യോമതാവളത്തിന് നേരെ തിങ്കളാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. കത്യുഷ റോക്കറ്റുകളാണ് വ്യോമതാവളത്തിൽ വീണത് എന്നാണ് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. റോക്കറ്റുകൾ ബേസിനുള്ളിൽ പതിച്ചതായി ഇറാഖി ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. അതേസമയം ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിലെ പ്രതികാരവുമായി ആക്രമണത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

ഇസ്രായേലിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതിനാൽ ഹനിയ്യയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് നേരത്തെ ഇറാൻ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെക്കുറിച്ച് പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും വിവരമറിയിച്ചെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ബെയ്റൂത്തിൽ വെച്ചാണ് ഹിസ്ബുല്ല കമാൻഡർ ഫൗദ് ഷുക്കൂറിനെ ഇസ്രായേൽ വധിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ്, ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ്യ, ഇറാന്റെ തലസ്ഥാനത്ത് വെച്ച് കൊല്ലപ്പെടുന്നത്. ഹനിയ്യയുടെ രക്തത്തിന് മറുപടി കൊടുക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അപകടകരമായ നീക്കം എന്നാണ് ഇറാഖിലുണ്ടായ ആക്രമണത്തെ യു.എസ് വിശേഷിപ്പിച്ചത്. ആക്രമണത്തെക്കുറിച്ച് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ചെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാതലത്തിൽ യു.എസ് സൈനിക നില ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തെഹ്റാനിൽവെച്ച് ഹനിയ്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇറാന്റെ പ്രതികരണം ഏത് തരത്തിലായിരിക്കുമെന്നാണ് അമേരിക്കയും നോക്കുന്നത്. ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സേനാവിന്യാസം, യുഎസ് വർധിപ്പിച്ചിരുന്നു. പ്രതിരോധമെന്ന നിലയ്ക്കാണ് സേനാ വിന്യാസത്തെ യുഎസ് വിശേഷിപ്പിച്ചിരുന്നത്. ഇറാന്റെ തിരിച്ചടി ഏത് സമയത്തും ഉണ്ടാകാമെന്നാണ് ഇസ്രായേൽ കണക്കുകൂട്ടുന്നത്.

Top