CMDRF

സിദ്ധി വിനായക ക്ഷേത്രത്തിലെത്തി രോഹിത് ശർമ്മയും ജയ് ഷായും

സിദ്ധി വിനായക ക്ഷേത്രത്തിലെത്തി രോഹിത് ശർമ്മയും ജയ് ഷായും
സിദ്ധി വിനായക ക്ഷേത്രത്തിലെത്തി രോഹിത് ശർമ്മയും ജയ് ഷായും

മുംബൈ: ടി20 ലോകകപ്പ് ട്രോഫിയുമായി മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തിലെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കൊപ്പമാണ് രോഹിത് ക്ഷേത്ര സന്ദർശനം നടത്തിയത്. ലോകകപ്പ് ട്രോഫി പൂജിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.നിരവധി സെലിബ്രിറ്റികൾ സന്ദർശനം നടത്തുന്ന ഇടമാണ് മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം. ബുധനാഴ്ചയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ലോകകപ്പ് വിജയത്തിന് നന്ദി അർപ്പിച്ച് പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി.

17 വർഷങ്ങൾക്കു ശേഷമാണ് കുട്ടിക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തിയത്. 2007ൽ ധോണിയുടെ ക്യാപ്റ്റൻസിയിൽ നേടിയ ടി20 ലോകകിരീടം ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ രോഹിത് ശർമയും സംഘവും സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്താണ് രോഹിത് ശർമ്മയും സംഘവും ജേതാക്കളായത്.

അതേസമയം ഐസിസി ചെയർമാൻ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ജയ് ഷാ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ ലഭിച്ചതോടെയാണ് ജയ് ഷാ ഐസിസിയുടെ പുതിയ ചെയർമാൻ ആകുമെന്ന റിപ്പോർട്ടുകൾ ശക്തമായത്. ഗ്രെഗ് ബാർക്ലേയുടെ പകരക്കാരനായാവും ജയ് ഷാ എത്തുക.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേയ്ക്ക് മത്സരിക്കില്ലെന്ന് ഗ്രെഗ് ബാർക്ലേ അറിയിച്ചിരുന്നു. നവംബർ 30ന് ബാർക്ലേയുടെ കാലാവധി അവസാനിക്കും. രണ്ട് തവണയായി നാല് വർഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായിരുന്നു ബാർക്ലേ.

ഐസിസി ചെയർമാൻ സ്ഥാനത്തേയ്ക്ക് നാമനിർദ്ദേശം നൽകാൻ ഓ​ഗസ്റ്റ് 27 വരെയാണ് സമയം. ഒന്നിലധികം സ്ഥാനാർത്ഥികൾ രംഗത്തുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടക്കും. ബോർഡിലെ 16 അം​ഗങ്ങളിൽ ഒമ്പത് പേരുടെ വോട്ട് നേടിയാൽ തിരഞ്ഞെടുപ്പ് വിജയിക്കാം. ബോർഡ് അം​ഗങ്ങളുമായുള്ള ബന്ധം ജയ് ഷായ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

ബിസിസിഐയ്ക്ക് പുറമെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും പ്രസിഡന്റാണ് ജയ് ഷാ. ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടാൽ ഈ രണ്ട് പദവികളും ജയ് ഷാ ഒഴിയേണ്ടതുണ്ട്. 2022ൽ നാല് വർഷങ്ങൾക്ക് ശേഷം ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ഫോർമാറ്റിൽ നടത്തിയതാണ് ജയ് ഷായുടെ പ്രധാന നേട്ടം.

Top