വിരമിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് രോഹിത് ശർമ

വിരമിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന്  രോഹിത് ശർമ

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് 17 വര്‍ഷത്തിന്റെ കാത്തിരിപ്പുണ്ട്. ഇന്ത്യന്‍ ആരാധകരുടെ ആ സന്തോഷത്തിന് മങ്ങലേല്‍പിച്ച് പുറകെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും രവീന്ദ്ര ജഡേജയുടെയും ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം വന്നു.

എന്നാല്‍ മത്സരശേഷം രോഹിത് തന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ടി20യില്‍ നിന്നും താന്‍ വിരമിക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നില്ലെന്നും സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നുമാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.

‘ടി 20യില്‍ നിന്നും വിരമിക്കുമെന്ന് ഞാന്‍ കരുതിയില്ല, എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു. എനിക്ക് പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഞാന്‍ കരുതി. കിരീടം നേടി വിട പറയുന്നത് വളരെ മികച്ചതാണ്,’ രോഹിത് പറഞ്ഞു.

ഈ ലോകകപ്പില്‍ ബാറ്റിങ്ങില്‍ മിന്നും പ്രകടനമായിരുന്നു രോഹിത് നടത്തിയത്. എട്ട് ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 281 റണ്‍സാണ് രോഹിത് നേടിയത്. 35.12 ആവറേജിലും 124.33 സ്ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്. ഇന്ത്യക്കൊപ്പം കുട്ടി ക്രിക്കറ്റില്‍ 159 മത്സരങ്ങളില്‍ നിന്നും അഞ്ച് സെഞ്ച്വറികളും 32 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4231 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും എടുത്തു പറയേണ്ടതാണ്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഇന്റര്‍നാഷണല്‍ ടി20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ ആകാനും രോഹിത്തിനായി.

Top