CMDRF

ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് രോഹിത് ശര്‍മ

ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് രോഹിത് ശര്‍മ
ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് രോഹിത് ശര്‍മ

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനാണ് രോഹിത്തിനെ രണ്ടാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. മ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള താരവും രോഹിത് തന്നെ. തന്റെ 37-ാം വയസിലാണ് രോഹിത് ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടം സ്വന്തമാക്കുന്നത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു.

824 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്. രോഹിത്തിന് 765 പോയിന്റും. രോഹിത് ഒരു സ്ഥാനം മെച്ചപ്പെടുത്തിയതോടെ യുവതാരം ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ശ്രീലങ്കയ്ക്കെതിരെ ഭേദപ്പെട്ട പ്രകടനമായിരുന്നു ഗില്ലിന്റേത്. അതേസമയം സീനിയര്‍ താരം വിരാട് കോലി നാലാം സ്ഥാനത്ത് തുടരുന്നു. ലങ്കയ്ക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും കോലി സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. അദ്ദേഹത്തിനൊപ്പം അയര്‍ലന്‍ഡ് താരം ഹാരി ടെക്റ്ററുമുണ്ട്.

ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, മുന്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളില്‍. പതും നിസ്സങ്ക (ശ്രീലങ്ക), ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), റാസി വാന്‍ ഡര്‍ ഡസ്സന്‍ (ദക്ഷിണാഫ്രിക്ക) എന്നിവര്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യന്‍ താരങ്ങളില്‍ മറ്റാരും ആദ്യ പത്തിലില്ല. ശ്രേയസ് അയ്യര്‍ (16), കെ എല്‍ രാഹുല്‍ (22) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ റാങ്കുകള്‍.

ബൗളര്‍മാരില്‍ ആദ്യ നാല് സ്ഥാനം മാറ്റമില്ലാതെ തുടരുന്നു. കേശവ് മഹാരാജ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് നാലാം സ്ഥാനത്തുണ്ട്. ജസ്പ്രിത് ബുമ്ര എട്ടാം സ്ഥാനത്തുണ്ട്. മുഹമ്മദ് സിറാജാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. എന്നാല്‍ സിറാജിന് അഞ്ച് സ്ഥാനങ്ങള്‍ നഷ്ടമായി. ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത് തുടരുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരാണ് അടുത്ത നാല് സ്ഥാനങ്ങളില്‍.

Top