CMDRF

രോഹിത് ശർമയുടെ ക്യാപ്റ്റൻസി ; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരങ്ങൾ

രോഹിത് ശർമയുടെ ക്യാപ്റ്റൻസി ; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരങ്ങൾ
രോഹിത് ശർമയുടെ ക്യാപ്റ്റൻസി ; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരങ്ങൾ

രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമിയും ശ്രേയസ് അയ്യരും. കളിക്കളത്തിൽ താരങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്ന ക്യാപ്റ്റനാണെങ്കിലും ചില ഘട്ടങ്ങളിൽ രോഹിത് രോഷം പ്രകടിപ്പിക്കാറുണ്ടെന്നാണ് ഷമിയുടെ വെളിപ്പെടുത്തൽ. ശ്രേയസ് അയ്യരും ഇക്കാര്യം അനുകൂലിച്ച് സംസാരിച്ചു.

‘സഹതാരങ്ങൾക്ക് വേണ്ടത്ര സ്വാതന്ത്ര്യം നൽകുന്ന ക്യാപ്റ്റൻ തന്നെയാണ് രോഹിത്. എന്നാൽ നമ്മൾ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച വെക്കാതെ വരുമ്പോഴും പദ്ധതികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുമ്പോൾ രോഹിത്തിന് ദേഷ്യം വരും. നിങ്ങൾ ഇതുതന്നെ ചെയ്യണമെന്ന് അദ്ദേഹം നമ്മളോട് പറയും’, ഷമി പറഞ്ഞു.

ഷമിയുടെ പ്രതികരണത്തെ അനുകൂലിച്ച് ശ്രേയസ് അയ്യരും സംസാരിച്ചു. ‘ഷമി പറഞ്ഞത് ശരിയാണ്. ഓരോ സാഹചര്യങ്ങളിലും രോഹിത് എങ്ങനെയെല്ലാം പ്രതികരിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് എന്താണ് തോന്നുന്നതെന്ന് ഞങ്ങൾക്കറിയാം’, ശ്രേയസ് അയ്യരും പറഞ്ഞു.

അടുത്തിടെ നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു താരങ്ങളുടെ വെളിപ്പെടുത്തൽ. രോഹിത് ശർമയാണ് സിയറ്റ് ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സ്വന്തമാക്കിയത്. അവാർഡ് സ്വീകരിച്ച് രോഹിത്തിനെ സാക്ഷി നിർത്തിയാണ് തങ്ങളുടെ ക്യാപ്റ്റനെ കുറിച്ച് ഷമിയും ശ്രേയസ്സും സംസാരിച്ചത്.

ഇന്ത്യയുടെ ടി 20 ലോകകപ്പ് നേട്ടത്തിനു പിന്നിൽ നെടുംതൂണുകളായി പ്രവർത്തിച്ച മൂന്നുപേരെ കുറിച്ച് രോഹിത് ശർമയും തുറന്നുപറഞ്ഞിരുന്നു. മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരെയാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു പിന്നിലെ നെടുംതൂണുകളായി ക്യാപ്റ്റൻ രോഹിത് തിരഞ്ഞെടുത്തത്.

‘ഈ ടീമിനെ രൂപാന്തരപ്പെടുത്തിയെടുക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. മത്സരഫലങ്ങൾ, വ്യക്തിഗതമായുള്ള നേട്ടങ്ങൾ എന്നിവയെ കുറിച്ച് കൂടുതൽ ചിന്തിക്കാതെ സ്വതന്ത്രമായി കളിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമായിരുന്നു. അതായിരുന്നു ഏറ്റവും അത്യാവശ്യം’, രോഹിത് പറഞ്ഞു.

‘ലോകകപ്പ് നേട്ടത്തിൽ എനിക്ക് മൂന്ന് നെടുംതൂണുകളുടെ സഹായവും ലഭിച്ചു. ജയ് ഷാ, രാഹുൽ ദ്രാവിഡ്, അജിത് അഗാർക്കർ എന്നിവരാണ് അത്. ഞാൻ ചെയ്തുകൊണ്ടിരുന്നത് തന്നെ തുടരുകയെന്നത് വളരെ നിർണായകമായിരുന്നു. പക്ഷേ കളിക്കാരുടെ കാര്യവും മറന്നുപോകരുത്. കിരീടനേട്ടത്തിലേക്കുള്ള യാത്രയിൽ അവരെല്ലാം ഓരോ ഘട്ടങ്ങളിൽ ഒരുപാട് സഹായിച്ചിട്ടുമുണ്ട്’, രോഹിത് കൂട്ടിച്ചേർത്തു.

Top