CMDRF

രോഹിത് വേമുലയുടെ ആത്മഹത്യ; പുനരന്വേഷണത്തിന് തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്

രോഹിത് വേമുലയുടെ ആത്മഹത്യ; പുനരന്വേഷണത്തിന് തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്
രോഹിത് വേമുലയുടെ ആത്മഹത്യ; പുനരന്വേഷണത്തിന് തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്

ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല ഗവേഷക വിദ്യാർത്ഥി രോഹിത് വേമുലയുടെ മരണം പുനരന്വേഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. രോഹിത് വേമുല ദളിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് കോടതിയില്‍ ഡിജിപി അപേക്ഷ നല്‍കും. അന്വേഷണത്തില്‍ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സര്‍കലാശാല ക്യാംപസിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ദളിത് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങള്‍ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുമുള്ള ഭയം രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യമൊട്ടാകെ കോളിളക്കമുണ്ടാക്കിയ വിഷയത്തില്‍ അന്വേഷണം നടത്തിയ ഹൈദരാബാദ് പൊലീസാണ് കേസവസാനിപ്പിച്ചു റിപ്പോര്‍ട്ട് നല്‍കിയത്.

എബിവിപി നേതാവിനെ മര്‍ദിച്ചു എന്ന കുറ്റത്തിനു ഹോസ്റ്റലില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഞ്ചു ദളിത് ഗവേഷക വിദ്യാര്‍ത്ഥി കളിലൊരാളായിരുന്നു രോഹിത് വേമുല. സമരം തുടരുന്നതിനിടെ രോഹിത് ജീവനൊടുക്കുകയായിരുന്നു. വിദ്യാർത്ഥി സംഘര്‍ഷത്തില്‍ അന്വേഷണമാവശ്യപ്പെട്ടു കേന്ദ്ര തൊഴില്‍ മന്ത്രിയായിരുന്ന ബണ്ഡാരു ദത്താത്രേയ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു നല്‍കിയ കത്തില്‍ ദളിത് വിദ്യാർത്ഥികളെ ‘തീവ്രവാദികളും ദേശവിരുദ്ധരും ജാതിവാദികളുമായി’ മുദ്രകുത്തിയെന്നും ഇതേത്തുടര്‍ന്നു ക്യാംപസില്‍ ഉണ്ടായ സാമൂഹിക ബഹിഷ്‌കരണമാണു രോഹിതിന്റെ മരണത്തിലേക്കു നയിച്ചതെന്നും വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തി.

രാജ്യമൊട്ടാകെ പ്രക്ഷോഭമുണ്ടാവുകയും പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മില്‍ വന്‍ വാക്കേറ്റത്തിന് ഇടയാക്കുകയും ചെയ്തതോടെ ദത്താത്രേയയ്ക്കും സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനുമെതിരെ പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ഈ അന്വേഷണത്തിലാണു പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. അന്നുതന്നെ, രോഹിത് വേമുല ദളിതനല്ലെന്ന വാദമുയരുകയും അതു തെറ്റാണെന്നു വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ രേഖാമൂലം തെളിയിക്കുകയും ചെയ്തിരുന്നു. വഡ്ഡേര സമുദായാംഗമാണെന്ന പ്രചാരണം ഖണ്ഡിക്കാന്‍ രോഹിതിന്റെ സമുദായം സ്ഥിരീകരിക്കുന്ന ആന്ധ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടിരുന്നു.

Top