CMDRF

മെസിക്കൊപ്പമുള്ള റെക്കോര്‍ഡ് തകര്‍ക്കാന്‍ റൊണാള്‍ഡോ

മെസിക്കൊപ്പമുള്ള റെക്കോര്‍ഡ് തകര്‍ക്കാന്‍ റൊണാള്‍ഡോ
മെസിക്കൊപ്പമുള്ള റെക്കോര്‍ഡ് തകര്‍ക്കാന്‍ റൊണാള്‍ഡോ

2024 യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഇന്നിറങ്ങും. ലെപ്‌സിക്കിലെ റെഡ് ബുള്‍ അറേനയില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പോര്‍ച്ചുഗല്‍ ഇന്ന് കളിക്കുക. മത്സരത്തില്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. ഫ്രീ കിക്ക് ഗോള്‍ നേടിയാല്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഫ്രീ കിക്ക് ഗോള്‍ നേടുന്ന താരമാകാം റൊണാൾഡോയ്ക്ക്.

നിലവില്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും റൊണാള്‍ഡോയും ഒപ്പത്തിനൊപ്പമാണ്. 11 ഫ്രീകിക്ക് ഗോളുകളാണ് ഇരു താരങ്ങളും നേടിയിട്ടുള്ളത്.

ഫുട്ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീക്കിക്ക് ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മെസി ആറാമതും റൊണാള്‍ഡോ ഏഴാമതുമാണ്. മെസി 65 ഫ്രീകിക്ക് ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റൊണാള്‍ഡോ 63 എണ്ണവും നേടി.

ബാഴ്സലോണക്കൊപ്പം 60 ഫ്രീകിക്ക് ഗോളുകളും പാരീസ് സെയ്ന്റ് ജെര്‍മെന്‍, ഇന്റര്‍മയാമി എന്നീ ടീമുകള്‍ക്കൊപ്പം രണ്ടു വീതം ഫ്രീ കിക്ക് ഗോളുകളുമാണ് മെസി നേടിയിട്ടുള്ളത്.

മറുഭാഗത്ത് റൊണാള്‍ഡോ റയല്‍ മാഡ്രിനൊപ്പം 34 തവണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 13 തവണയും അല്‍ നസറിന് വേണ്ടി നാല് തവണയും യുവന്റസിനു വേണ്ടി ഒരുതവണയും ഫ്രീകിക്ക് ഗോള്‍ നേടി.

അതേസമയം യൂറോകപ്പിന് മുന്നോടിയായി നടന്ന അയര്‍ലാന്‍ഡിനെതിരെയുള്ള സൗഹൃദം മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോ കാഴ്ചവെച്ചത്. അടുത്തിടെ അവസാനിച്ച സൗദി പ്രോ ലീഗില്‍ അല്‍ നസറിനു വേണ്ടിയും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്.

സൗദി ലീഗിലും മിന്നും പ്രകടനം നടത്തി ടോപ് സ്‌കോററാവാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചു.

Top