റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ 4ന് വിപണിയിലെത്തും. പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ ബൈക്കിന്റെ അവസാന ഘട്ട പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ബാഴ്സലോണയില്‍നിന്നുള്ള ചിത്രങ്ങള്‍ എം.സി.എന്‍ എന്ന വെബ്സൈറ്റാണ് പുറത്തുവിട്ടത്. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയ്ക്ക് തൊട്ടുമുമ്പ് റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ബൈക്കിന്റെ ടീസര്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു. ഇലക്ട്രിക് ബൈക്ക് പാരച്യൂട്ടില്‍ ഇറക്കുന്ന തരത്തിലുള്ളതായിരുന്നു ടീസര്‍.
സിറ്റി മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ആദ്യം പുറത്തിറക്കാനൊരുങ്ങുന്നത് എന്നാണ് വിവരം. ഇലക്ട്രിക് ബൈക്കിന്റെ റേഞ്ച്, ബാറ്ററി, പ്രത്യേകതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബൈക്കിന്റെ വലിപ്പവും സ്ലിം ഡിസൈനുമടക്കം കണക്കിലെടുത്താണ് സിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ബൈക്കാണ് ആദ്യം ഇലക്ട്രിക്കായി എത്തുന്നതെന്ന നിഗമനത്തിലെത്തുന്നത്. ബാറ്ററി റിമൂവബിള്‍ ആയിരിക്കില്ലെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ജനപ്രിയ ബൈക്കായ ഹിമാലയന്റെ ഇലക്ട്രിക് പ്രോട്ടോടൈപ്പും റോയല്‍ എന്‍ഫീല്‍ഡ് നേരത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഹിമാലയന്റെ ഇലക്ട്രിക് വകഭേദത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങില്ലെന്ന് പിന്നീട് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിരുന്നു.
Read Also: ദിവ്യക്കെതിരെ കടുത്ത നടപടി ? സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന്
എല്‍ഇഡി ഹെഡ് ലാമ്പുകള്‍, എല്‍.ഇ.ഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അഡ്ജസ്റ്റബില്‍ ബ്രേക്ക് ലിവറുകള്‍, വൃത്താകൃതിയിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടി.എഫ്.ടി സ്‌ക്രീന്‍ തുടങ്ങിയവയെല്ലാമാണ് റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കിന്റെ സവിശേഷതകള്‍ എന്നാണ് പുറത്തുവരുന്ന വിവരം.