ന്യൂഡൽഹി: ഓഹരി വിപണിയുടെ പേരിൽ വാട്‌സാപ്പ് വഴി മലയാളിയെ സൈബർ തട്ടിപ്പിനിരയാക്കിയ ചൈനീസ് പൗരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സഫ്ദർജങ് എൻക്ലേവിൽ താമസിച്ചിരുന്ന ഫാങ് ചെൻജിനാണ് പിടിയിലായത്. മലയാളിയായ കെ.എ. സുരേഷ് ജുലൈയിൽ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൂത്രധാരനായ ചൈനീസ് പൗരന്റെ അറസ്റ്റ്.
സുരേഷിനെ കബളിപ്പിച്ച് 43.5 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. പലരിൽനിന്നായി സംഘം 100 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ലാഭമുണ്ടാക്കാൻ ഓഹരി വിപണിയുടെ തന്ത്രങ്ങൾ പഠിപ്പിക്കാമെന്ന തരത്തിൽ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.
Also Read: ഗാസയിൽ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു
ഇരകളെ വലയിലാക്കി നിക്ഷേപമെന്നപേരിൽ വൻതുക തട്ടിപ്പുസംഘം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുന്നതായിരുന്നു തന്ത്രം. സുരേഷിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകളും പിന്തുടർന്നാണ് തട്ടിപ്പുസംഘത്തിലേക്കെത്തിയത്.
ഇതിനായി സാങ്കേതികവിദഗ്ധരുടെ സഹായവും തേടി. ഫാങ് ചെൻജിൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കണ്ടെത്തിയ പോലീസിന് തുടർന്നുനടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ നിർണായകതെളിവുകൾ അയാളുടെ ഫോണിലെ വാട്‌സാപ്പ് സന്ദേശങ്ങളിൽനിന്നു ലഭിച്ചു.
Also Read: തിരിച്ച് കയറി സ്വർണ വില; 400 രൂപ കൂടി
അന്വേഷണത്തിൽ ഡൽഹി സൈബർ ക്രൈം പോർട്ടലിൽ ലഭിച്ചിരുന്ന 17 പരാതികളിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ആന്ധ്രാപ്രദേശിലെയും ഉത്തർപ്രദേശിലെയും സൈബർ കുറ്റകൃത്യം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും ചൈനീസ് പൗരന് ബന്ധമുള്ളതായും പോലീസ് പറഞ്ഞു.