ചെന്നൈ: തമിഴ്‌നാട്ടിൽ കോളേജ് വിദ്യാർത്ഥികൾക്ക് മാസം തോറും 1000 രൂപയുടെ ഗ്രാൻഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഡിഗ്രി കോഴ്‌സുകൾക്ക് കോളേജുകളിൽ പോകുന്ന 3.28 ലക്ഷം ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരത്തെ തന്നെ ഡിഎംകെ സർക്കാർ പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ‘തമിൾ പുതൽവൻ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
പദ്ധതിക്ക് വേണ്ടി ഈ വർഷം 360 കോടി രൂപ നീക്കിവെച്ചതായി പദ്ധതി ഉദ്ഘാടന ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു. കോയമ്പത്തൂരിലെ 173 വർഷം പഴക്കമുള്ള 6500 കുട്ടികൾ പഠിക്കുന്ന ആർട്സ് കോളേജിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. പദ്ധതിയുടെ ആദ്യ ഗഡു വ്യാഴാഴ്ച്ച തന്നെ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലെത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.’പുതുമൈ പെണ്‍’ പദ്ധതി ആരംഭിച്ചപ്പോൾ പുരുഷ വിദ്യാർഥികൾ ഒഴിവാക്കപ്പെട്ടതായി തോന്നിയിരുന്നു, അവരെ കൂടി ചേർത്തുനിർത്താനാണ് പുതിയ പദ്ധതിയെന്ന് സ്റ്റാലിൻ പറഞ്ഞു.