ഡൽഹി: ‘ഗാന്ധി’ സിനിമ ഇറങ്ങുംവരെ മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം. ആർ.എസ്.എസുകാർക്ക് ഗാന്ധിയുടെ പൈതൃകമറിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
വിവേകാനന്ദപ്പാറയിൽ ഇരുന്നാലോ ഗംഗാ നദിയിൽ മുങ്ങിക്കുളിച്ചാലോ ഗാന്ധിജിയെ മനസ്സിലാക്കാൻ കഴിയില്ലെന്നും അതിന് പഠിക്കുകതന്നെ വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. പരാമർശം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, സ്വന്തം നാട്ടുകാരനായ ‘ബാപ്പു’വിനെ പ്രകീർത്തിക്കുന്നതിൽ മോദിക്ക് നാണക്കേട് തോന്നുന്നുണ്ടാകുമെന്നും പ്രതികരിച്ചു.
ശാഖയിൽ പരിശീലനം നേടിയവരും ഗോദ്സേയുടെ അനുയായികളുമായ ആർ.എസ്.എസുകാർക്ക് ഗാന്ധിജിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഒഡിഷയിലെ ബാലസോറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു. ഹിന്ദുസ്ഥാന്റെ ചരിത്രവും അവർക്കറിയില്ല. ഗാന്ധിയെക്കുറിച്ച് മോദി ഇങ്ങനെയേ പറയൂവെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.
മഹാരഥന്മാരായ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, നെൽസൺ മണ്ടേല, ഐൻസ്റ്റീൻ തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളെല്ലാം ഗാന്ധിജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ്. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് മുതിരുന്നില്ലെന്നും ആർ.എസ്.എസുകാരുടെ ലോകം ശാഖ മാത്രമാണെന്നും രാഹുൽ പരിഹസിച്ചു.