CMDRF

ആർഎസ്എസ് ഇടപെടൽ ഒരു വിഭാഗം വോട്ടുകൾ നഷ്ടമാക്കി: എംവി ഗോവിന്ദൻ

ആർഎസ്എസ് ഇടപെടൽ ഒരു വിഭാഗം വോട്ടുകൾ നഷ്ടമാക്കി: എംവി ഗോവിന്ദൻ
ആർഎസ്എസ് ഇടപെടൽ ഒരു വിഭാഗം വോട്ടുകൾ നഷ്ടമാക്കി: എംവി ഗോവിന്ദൻ

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിനുള്ള പരിമിതി തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തിലുള്ള ആർഎസ്എസ് ഇടപെടൽ ഒരുവിഭാഗം വോട്ടുകൾ നഷ്ടമാക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

‘തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങളെല്ലാം ഞങ്ങൾ ആദ്യമേ മനസിലാക്കിയിട്ടും ജയിക്കാൻ സാധിക്കും എന്നായിരുന്നു ഞങ്ങളുടെ ധാരണ. അതിന്റെ അർഥം ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ ഞങ്ങൾക്ക് വേണ്ടത്ര സാധിച്ചില്ല. സൂക്ഷ്മമായ പരിശോധനയിൽ അതാണ് കണ്ടെത്തിയത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസ് മനസിലാക്കി പ്രവർത്തനം കാര്യക്ഷമതയോടെ നടത്താൻ കഴിയണം’, ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി, സെക്രട്ടറിയേറ്റ് യോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.

കേരളത്തിൽ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല. നല്ല പരാജയമുണ്ടായി. ഒരു സീറ്റ് ബിജെപിക്ക് നേടാനായി എന്നതാണ് അപകടകരമായ കാര്യം. ദേശീയരാഷ്ട്രീയം എല്ലാ കാലത്തും ചർച്ച ചെയ്യുന്നവരാണ് കേരളീയ ജനത. സ്വാഭാവികമായും ദേശീയതലത്തിൽ ഒരു സർക്കാരിന് നേതൃത്വം കൊടുക്കേണ്ടത് കോൺഗ്രസ് ആണെന്നുള്ള ജനങ്ങളുടെ ചിന്ത ഞങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിന്റെ പരിമിതിയാണ്. കഴിഞ്ഞ പ്രാവശ്യവും അതുതന്നെയാണ് കണ്ടെത്തിയത്. ഇപ്രാവശ്യവും അങ്ങനെയാണ് ഉണ്ടായതെന്നും ഗോവിന്ദൻ പറഞ്ഞു.

ഇതിനൊപ്പം ജമാ അത്തെ ഇസ്‍ലാമി, പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ ഉൾപ്പടെയുള്ളവരുമായി ലീഗ്-കോൺഗ്രസ് ഐക്യം വർഗീയ ധ്രുവീകരണം ഉണ്ടാകുന്ന തരത്തിൽ കൂട്ടുക്കെട്ടുണ്ടാക്കി ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ചു. അത് മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തെ സംബന്ധിച്ച് ദൂരവ്യാപകമായ അപകടമുണ്ടാക്കുന്ന ഒന്നാണ്. മതനിരപേക്ഷ ശക്തികൾക്ക് ഇതിനെ എതിർക്കാനാകണമെന്നും ഗോവിന്ദൻ പറഞ്ഞു.

‘വ്യത്യസ്ത ജാതി വിഭാഗങ്ങളും സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളും വർഗീയ ശക്തികൾക്ക് കീഴ്‌പ്പെടുന്ന സ്ഥിതിയുണ്ടായി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ രൂപീകരണത്തോടുകൂടി ബിജെപി, അജണ്ടയുടെ ഭാഗമായി എസ്എൻഡിപിയിലേക്ക് കടന്നുകയറി. എസ്എൻഡിപിയിൽ വർഗീയവൽകരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം, ബിജെപിക്കായി സജീവമായി ഇടപെട്ടിട്ടുണ്ട്. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തിൽ ആർഎസ്എസ് ഇടപെടൽമൂലം ഇടതുമുന്നണിക്ക് കിട്ടേണ്ട ഒരുവിഭാഗം വോട്ടുകൾ നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തി’, സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ നിലകൊണ്ടിരുന്ന ക്രൈസ്തവരിലെ ഒരു വിഭാഗം ഇത്തവണ ബിജെപിക്ക് അനുകൂലമായി നിലകൊണ്ടു എന്നതും പ്രധാനപ്പെട്ടതാണ്. വർഗീയ ധ്രുവീകരണത്തിന് ജാതീയ വിഭാഗങ്ങളെ മാത്രമല്ല മത വിഭാഗങ്ങളെയും ഉപയോഗിച്ചിട്ടുണ്ട്. ചില ബിഷപ്പുമാർ ബിജെപി പരിപാടികളിൽ പങ്കെടുത്തുവെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ജാഗ്രതയോടെ ഗൗരവപൂർവം ജനങ്ങളെ സമീപിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കേന്ദ്ര സർക്കാരും പ്രതിപക്ഷവും കഴിഞ്ഞ കുറച്ചുകാലങ്ങളായി കേരള വിരുദ്ധ സമീപനമാണ് എടുത്തുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് കൃത്യതയോടെ നൽകേണ്ടിയിരുന്ന നിരവധി അവകാശപ്പെട്ട ആനുകൂല്യങ്ങൾ നൽകിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര സർക്കാരാണെന്ന് പറയാമെങ്കിലും അതുണ്ടാക്കിയ പ്രശ്‌നം ഈ വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. വലതുപക്ഷ മാധ്യമങ്ങൾ എടുത്ത നിലപാടും വളരെ പ്രധാനമാണ്. സർക്കാരിനും പാർട്ടിക്കും മുഖ്യമന്ത്രിക്കും എതിരായിട്ടുള്ളതാണ് മാധ്യമങ്ങളുടെ നിലപാട്. പിണറായിയെ ഒറ്റപ്പെടുത്താൻ യുഡിഎഫും മാധ്യമങ്ങളും ബോധപൂർവമായ ശ്രമംനടത്തി. അതിപ്പോഴും തുടരുകയാണ്. അത് ഒരുപരിധിവരെ ജനങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Top