പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ റബ്ബർ വില

പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ റബ്ബർ വില
പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ റബ്ബർ വില

വർഷങ്ങൾക്ക് ശേഷം റബ്ബർ വില ഉയർന്നെങ്കിലും കേരളത്തിലെ ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല. മഴ മൂലം ഉത്പാദനം കുറഞ്ഞ നിൽക്കുന്ന സമയത്തെ വില വർധനവ് കർഷകരെ നിരാശയിലാക്കിയിരിക്കുകയാണ്. അതേസമയം ഉത്പാദനം ഇല്ലാത്ത സമയത്ത് വില വർധിപ്പിച്ചത് കമ്പനികൾക്ക് റബർ ഇറക്കുമതി ചെയ്യാനുള്ള അവസരമൊരുക്കലാണെന്നാണ് കർഷക സംഘടനകളുടെ ആക്ഷേപം.

പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ് റബ്ബർ വില. ആഭ്യന്തര വിപണിയിലെ വില 205 വരെ എത്തി. പക്ഷെ പഴയ പ്രതാപത്തിലേക്ക് റബ്ബർ എത്തിയിട്ടും ഷീറ്റ് വിറ്റ് കാശാക്കാൻ പറ്റുന്നില്ല കർഷകർക്ക്. വില കൂടിയതിന് ശേഷം വിപണിയിലേക്കെത്തിക്കാനുള്ള ചരക്ക് കർഷകരുടെ കൈയ്യിൽ ഇല്ല. മഴയാണ് പ്രശ്നം. മെയ് ജൂൺ മാസങ്ങളിലെ ഷീറ്റുകൾ മുഴുവൻ വിറ്റു. 30 ശതമാനം കർഷക‍ർ മാത്രമാണ് മഴക്കാലത്ത് ടാപ്പിങ്ങ് നടത്താനുള്ള പ്ലാസ്റ്റിക്ക് ഇടൽ പ്രക്രിയ പൂർത്തിയാക്കിയത്.

കാലവസ്ഥ അനുകൂലമായ ശേഷവും ഇതേ വില നിലനിന്നാൽ മാത്രമെ കർഷക‍ർക്ക് ഗുണചെയ്യുകയുള്ളു. ഇതിനിടയിൽ ടയർ കമ്പനികളെ സഹായിക്കാനാണ് ഇപ്പോൾ വില വർധിപ്പിച്ചതെന്നും ആരോപണമുണ്ട്. കപ്പൽ- കണ്ടെയ്നർ ക്ഷാമം രൂക്ഷമായതോടെ ഇറക്കുമതി ഇല്ലാത്തതും ഇപ്പോഴത്തെ ആഭ്യന്തര വിപണയിലെ വില വർധനവിന് കാരണമാണ്.

Top