റബ്ബർ ഉൽപാദനം കുറയുന്നു; ടയർ ഉൽപാദകർ ആശങ്കയിൽ

റബ്ബർ ഉൽപാദനം കുറയുന്നു; ടയർ ഉൽപാദകർ ആശങ്കയിൽ
റബ്ബർ ഉൽപാദനം കുറയുന്നു; ടയർ ഉൽപാദകർ ആശങ്കയിൽ

കേരളത്തിൽ റബർ ഉൽപാദനം കുറഞ്ഞത്‌ ടയർ കമ്പനികളെ ആശങ്കയിലാക്കുന്നു. കാലവർഷം ആദ്യ മാസം പിന്നിടുമ്പോൾ കേരളത്തിൽ ടാപ്പിങ്‌ ദിനങ്ങൾ വിരലിൽ എണ്ണാവുന്ന അവസ്ഥയിലേക്ക് ചുരുങ്ങിയത്‌ വ്യവസായികളെ പ്രതിസന്ധിയിലാക്കും. നിരക്ക്‌ ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ നടത്തിയ അവസാന തന്ത്രവും പാളിയതോടെ പല കമ്പനികളും ഉൽപാദനം കുറച്ചു.

മികച്ചയിനം ഷീറ്റ്‌ വില കിലോ 207 രൂപ വരെ ഉയർത്തിയിട്ടും കാർഷിക മേഖലയിൽ നിന്ന് വരവ്‌ നാമമാത്രം. ഫെബ്രുവരി മുതൽ പകൽ താപനില ഉയർന്നതിനൊപ്പം കർഷകർ ടാപ്പിങ്ങിൽ നിന്ന് പിൻതിരിഞ്ഞതിനാൽ ഉൽപാദന മേഖലകളിൽ കരുതൽ ശേഖരം കുറഞ്ഞു. മേയ്‌ രണ്ടാം പകുതിയിലെ വേനൽ മഴയിൽ തോട്ടങ്ങളിൽ മഴ മറ ഒരുക്കാൻ അവസരം നഷ്‌ടപ്പെട്ടത്‌ ജൂണിൽ ടാപ്പിങ്ങിനെ ബാധിച്ചു.

നേരത്തേ ഉറപ്പിച്ച വിദേശ കരാറുകൾ പ്രകാരമുള്ള ഇറക്കുമതി റബർ ജൂണിൽ എത്താഞ്ഞത്‌ സ്ഥിതി കൂടുതൽ വഷളാക്കി. ചെന്നൈ, മുംബൈ തുറമുഖങ്ങളിൽ ബാങ്കോക്കിൽ നിന്നും ജകാർത്തയിൽ നിന്നുമുള്ള ഷീറ്റ്‌ യഥാസമയം എത്തിയില്ല. പ്രതികൂല കാലാവസ്ഥ കാരണം മറ്റു രാജ്യങ്ങളിലും ടാപ്പിങ്‌ സ്‌തംഭിച്ചതിനാൽ കിലോ 208 രൂപ വരെ ജൂണിൽ ഉയർന്ന ബാങ്കോക്കിൽ ഇപ്പോൾ വില 165 രൂപ. നിരക്ക്‌ പൊടുന്നനെ ഇടിഞ്ഞതോടെ തിരക്കിട്ട്‌ പുതിയ വ്യാപാരങ്ങൾ ഉറപ്പിച്ചതായാണ്‌ വിവരം, ആഗസ്റ്റ്‌ ഷിപ്മെന്റിനായി.

ഇറക്കുമതി റബർ എത്തുന്നതോടെ പിരിമുറുക്കങ്ങൾക്ക്‌ അയവ്‌ കണ്ടുതുടങ്ങും. ജൂണിൽ പ്രതീക്ഷിച്ച കണ്ടയ്‌നറുകൾ വൈകാതെ തുറമുഖങ്ങളിൽ എത്തുമെന്നാണ്‌ വിവരം. ആഭ്യന്തര ചരക്ക്‌ ക്ഷാമം തൽക്കാലം തുടരുമെന്നതിനാൽ റബർ വില ഉയർന്നത്‌ അവസരമാക്കി ടയർ വില വർധിപ്പിക്കാൻ അണിയറ നീക്കങ്ങൾ നടക്കുന്നു.

Top