റഷ്യന്‍ ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ‘ഹ്വാള്‍ദിമിര്‍’ ചത്ത നിലയില്‍

റഷ്യന്‍ ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ‘ഹ്വാള്‍ദിമിര്‍’ ചത്ത നിലയില്‍
റഷ്യന്‍ ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ‘ഹ്വാള്‍ദിമിര്‍’ ചത്ത നിലയില്‍

നോര്‍വേ: റഷ്യയുടെ ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗിലമായ ഹ്വാള്‍ദിമിര്‍ ചത്ത നിലയില്‍. നോര്‍വേയ്ക്ക് സമീപം കടലിലാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്. നോര്‍വേയിലെ സ്റ്റാവഞ്ചര്‍ നഗരത്തിന് സമീപം റിസവിക ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവരാണ് ഹ്വാള്‍ദിമിറിനെ കണ്ടെത്തിയത്.

2019-ലാണ് ആണ്‍ ബെലൂഗ തിമിംഗിലമായ ഹ്വാള്‍ദിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. 1225 കിലോഗ്രാമോളം ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞന്‍ തിമിംഗിലമാണ് ഹ്വാള്‍ദിമിര്‍. വടക്കന്‍ നോര്‍വേയിലെ തീരനഗരമായ ഹമ്മര്‍ഫെസ്റ്റിന് സമീപം കടലില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി ഹ്വാള്‍ദിമിറിനെ കണ്ടത്.കഴുത്തില്‍ ‘സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ (റഷ്യന്‍ നഗരം) നിന്നുള്ള ഉപകരണം’ എന്ന് രേഖപ്പെടുത്തിയ കോളര്‍ ബെല്‍റ്റ് കണ്ടതോടെയാണ് ഹ്വാള്‍ദിമിര്‍ റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുയര്‍ന്നത്.

Also Read: ഗ്രോട്ടൺ കപ്പൽ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി സംഘം

കോളര്‍ബെല്‍റ്റില്‍ ക്യാമറയും ഘടിപ്പിച്ചിരുന്നു. നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന ‘ഹ്വാല്‍’, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പേരിന്റെ ഭാഗമായ ‘വ്‌ളാദിമിര്‍’ എന്നീ വാക്കുകള്‍കൂട്ടിച്ചേര്‍ത്താണ് ചാരത്തിമിംഗിലത്തിന് ഹ്വാള്‍ദിമിര്‍ എന്ന പേര് നല്‍കിയത്. അതേസമയം, റഷ്യ ഹ്വാൾദിമിറിന്റെ ഉടമസ്ഥത ഏറ്റെടുക്കാത്തതിനാൽ ഇത് ചാരത്തിമിംഗിലമാണോ എന്ന കാര്യം ഇപ്പോഴും പൂർണമായി ചുരുളഴിയാത്ത രഹസ്യമാണ്.

മറ്റ് ബെലൂഗ തിമിംഗിലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യരോട് അടുത്തിടപഴകിയിരുന്നു ഹ്വാള്‍ദിമിര്‍. സാധാരണയായി ബെലൂഗകള്‍ ഉണ്ടാകാറുള്ള ഇടങ്ങള്‍ക്ക് പകരം കടലില്‍ മനുഷ്യര്‍ കൂടുതലായെത്തുന്ന ഭാഗത്താണ് ഹ്വാള്‍ദിമിര്‍ പതിവായി ചുറ്റിക്കറങ്ങിയിരുന്നത്. 2019-ല്‍ ഒരു സ്ത്രീയുടെ ഐഫോണ്‍ കടലില്‍ വീണപ്പോള്‍ അത് കടിച്ചെടുത്ത് തിരികെ നല്‍കിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് ഹ്വാള്‍ദിമിര്‍. ഇതിന്റെ വീഡിയോ അക്കാലത്ത് വൈറലായിരുന്നു.

Also Read: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി

ഹ്വാള്‍ദിമിറിനെ സ്‌നേഹിക്കുന്ന നിരവധി പേരാണ് അവന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറൈന്‍ മൈന്‍ഡ് എന്ന സ്ഥാപനമാണ് ഹ്വാള്‍ദിമിറിനെ സംരക്ഷിച്ചുവന്നിരുന്നത്. അവന്റെ മരണം തന്റെ ഹൃദയം തകര്‍ത്തുവെന്ന് മറൈന്‍ മൈന്‍ഡിന്റെ സ്ഥാപകന്‍ സെബാസ്റ്റ്യന്‍ സ്ട്രാന്‍ഡ് പറഞ്ഞു. അതേസമയം, ഹ്വാള്‍ദിമിറിന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മരണകാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെലൂഗ തിമിംഗിലം

ആര്‍ട്ടിക് സമുദ്രത്തിന്റെ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന പല്ലുള്ള ചെറിയ ഇനം തിമിംഗിലമാണ് ബെലൂഗ തിമിംഗിലം. കുഞ്ഞായിരിക്കുമ്പോള്‍ ചാര നിറമുള്ള ഇവ പ്രായപൂര്‍ത്തിയാകുന്നതോടെ വെള്ള നിറമുള്ളവയായി മാറും. റഷ്യന്‍ ഭാഷയില്‍ ‘വെളുത്തത്’ എന്നാണ് ബെലൂഗ എന്ന വാക്കിന്റെ അര്‍ഥം. മൂന്ന് മുതല്‍ ഇരുന്നൂറിലധികം വരെ അംഗങ്ങളുള്ള സംഘങ്ങളായാണ് (പോഡ്‌സ്) പൊതുവേ ബെലൂഗ തിമിംഗിലങ്ങള്‍ വസിക്കുന്നത്. 2625 അടി ആഴത്തിലേക്ക് പോകാന്‍ കഴിയുന്ന ഇവയ്ക്ക് 25 മിനിറ്റോളം വെള്ളത്തിനടിയില്‍ തുടരാനും കഴിയും. 35 മുതല്‍ 50 വര്‍ഷം വരെയാണ് ബെലൂഗ തിമിംഗിലങ്ങളുടെ ആയുസ്.

Top