CMDRF

രൂപ കിതച്ചു, റിയാലിന് കുതിപ്പ്

രൂപ കിതച്ചു, റിയാലിന് കുതിപ്പ്
രൂപ കിതച്ചു, റിയാലിന് കുതിപ്പ്

ദോഹ: അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും ഡോളറിനെതിരെ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ ഇടിവും യു.എസിലെ പ്രതിസന്ധിയും സൃഷ്ടിച്ച അങ്കലാപ്പില്‍ ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടം. ഒരാഴ്ചയായി മികച്ച കുതിപ്പ് നടത്തുന്ന ഖത്തര്‍ റിയാല്‍ ചൊവ്വാഴ്ച രൂപക്കെതിരെ 22.92 എന്ന നില വരെയെത്തി. ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച കുതിപ്പായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

പുതിയ മാസത്തിന്റെ തുടക്കമെന്ന നിലയില്‍ ശമ്പളം കൈയിലെത്തുന്ന സമയമായതിനാല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനും ഇത് നല്ല കാലമാണ്. ഒരു റിയാലിന് 22.90 മുതല്‍ 22.94 വരെയാണ് ചൊവ്വാഴ്ച വിവിധ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ നല്‍കുന്ന നിരക്ക്. ഓണ്‍ലൈന്‍ ആപ് വഴിയുള്ള ഇടപാടിനാണ് ഇത്രയും നല്‍കുന്നത്. അതേമസയം, എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ടെത്തി പണമയക്കുമ്പോള്‍ ഇതില്‍ മാറ്റമുണ്ടായേക്കാം.

യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭയത്തില്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞതും രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്കെത്തിയതുമാണ് ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സിയില്‍ കാര്യമായ നേട്ടമുണ്ടാവാന്‍ കാരണം. ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യവും ഇടിഞ്ഞു. ഇറാന്‍ -ഇസ്രായേല്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമോയെന്ന ഭീതിയും വിപണിയെ സ്വാധീനിച്ചു.

നിലവില്‍ ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84 രൂപക്ക് മുകളിലാണുള്ളത്. യു.എ.ഇ ദിര്‍ഹം, കുവൈത്ത് ദീനാര്‍ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് കറന്‍സികളും രൂപക്കെതിരെ റെക്കോഡ് കുതിപ്പാണ് കൈവരിക്കുന്നത്. ഒരു യു.എ.ഇ ദിര്‍ഹമിന് 22.77 ഇന്ത്യന്‍ രൂപയാണ് കഴിഞ്ഞ ദിവസത്തെ നിരക്ക്. രൂപക്കെതിരെ കുവൈത്ത് ദീനാര്‍ 275ന് മുകളിലെത്തി. ഒരു ദീനാറിനാണ് ഇത്രയും രൂപ മൂല്യത്തിലേക്കുയര്‍ന്നത്. ഒരു മാസം മുമ്പ് ദീനാറിന് 272 രൂപയായിരുന്നുവെങ്കില്‍ ഏതാനും നാളുകള്‍ക്കകമാണ് ഈ മാറ്റമുണ്ടായത്. ഒമാന്‍, സൗദി, ബഹ്‌റൈന്‍ കറന്‍സികളുടെ മൂല്യവും ഉയര്‍ന്നത് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നത് ലാഭമായി മാറി.

ഇന്ത്യയുടെ ബജറ്റ് അവതരണത്തിനു പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഇടിവിനൊപ്പം രൂപയുടെ മൂല്യവും താഴേക്കിടിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആഗോള വിപണിയിലെ ചലനങ്ങളും പ്രതിഫലിപ്പിക്കുന്നത്. അതേസമയം, ഈയാഴ്ചയിലെ തുടര്‍ ദിവസങ്ങളിലും കറന്‍സി നിരക്കിലെ ചാഞ്ചാട്ടം തുടരുമെന്നാണ് സൂചന.

Top