CMDRF

കീവിനു സമീപമുള്ള വൈദ്യുതനിലയം റഷ്യ ആക്രമണത്തില്‍ തകര്‍ത്തു

കീവിനു സമീപമുള്ള വൈദ്യുതനിലയം റഷ്യ ആക്രമണത്തില്‍ തകര്‍ത്തു
കീവിനു സമീപമുള്ള വൈദ്യുതനിലയം റഷ്യ ആക്രമണത്തില്‍ തകര്‍ത്തു

കീവ് : യുക്രെയ്ന്‍ നഗരമായ കീവിനു സമീപമുള്ള വൈദ്യുതനിലയം റഷ്യ ആക്രമണത്തില്‍ തകര്‍ത്തു. ഇതോടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായി. കിഴക്കന്‍ യുക്രെയ്‌നിലെ ഹര്‍കീവ് പ്രവിശ്യയിലെ 2 ലക്ഷത്തോളം പേരെ ബാധിച്ചെന്നാണു വിലയിരുത്തല്‍. സാപോറീഷ്യ, ലിവ്യു എന്നിവിടങ്ങളിലും കനത്ത മിസൈല്‍ ആക്രമണമുണ്ടായി.

വൈദ്യുതനിലയം ആക്രമിച്ചതിനെ ‘ഭീകരത’ എന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. 2 വര്‍ഷത്തിനിടയില്‍ യുക്രെയ്‌നിനു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങളുടെ ഇന്ധനസംവിധാനങ്ങള്‍ക്കു നേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു തിരിച്ചടിയായിരുന്നു ആക്രമണമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. 82 മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണമെന്നും 18 മിസൈലുകളും 39 ഡ്രോണുകളും വെടിവച്ചു വീഴ്ത്തിയെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു. റഷ്യ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അടിയന്തര വ്യോമപ്രതിരോധ സാമഗ്രികള്‍ അനുവദിക്കാന്‍ യുക്രെയ്ന്‍ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഇതിനിടെ, യുദ്ധരംഗത്തേക്ക് കൂടുതല്‍ സൈനികരെ നിയോഗിക്കാന്‍ ലക്ഷ്യമിട്ട് നിര്‍ബന്ധിത സൈനികസേവനത്തിനുള്ള പ്രായം യുക്രെയ്ന്‍ പാര്‍ലമെന്റ് 25 ആയി കുറച്ചു. നേരത്തേ ഇത് 27 ആയിരുന്നു.

കീവിനു സമീപം ട്രൈപില്‍സ്‌കയില്‍ കല്‍ക്കരി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് റഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്നലെ പുലര്‍ച്ചെ ആക്രമിച്ചത്. 1800 മെഗാവാട്ട് ശേഷിയുള്ള നിലയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വൈദ്യുതോല്‍പാദന കേന്ദ്രമായിരുന്നു.

Top