കഴിഞ്ഞ ദിവസം മാത്രം 70 ലധികം യുക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ. മോസ്കോയ്ക്ക് ചുറ്റും വിന്യസിച്ച 12 ഡ്രോണുകളും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രേനിയന്‍ സൈന്യം റഷ്യന്‍ സ്ഥാനങ്ങള്‍ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ബ്രയാൻസ്ക് മേഖലയിൽ 59 ഡ്രോണുകൾ തകർത്തതായും റീജണൽ ഗവർണർ അലക്സാണ്ടർ ബൊഗോമാസ് ടെലിഗ്രാമിൽ പങ്കുവച്ചു.
ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോസ്‌കോ മേഖലയിൽ 12 ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്‌കോ മേയർ സെർജി സോബിയാനിൻ ടെലിഗ്രാമിൽ പറഞ്ഞു. സംഘർഷാവസ്ഥയെ തുടർന്ന് മോസ്കോയ്ക്ക് ചുറ്റുമുള്ള മൂന്ന് വിമാനത്താവളങ്ങൾ സർവീസ് താത്കാലികമായി നിർത്തിവെച്ചു.
2 യുക്രേനിയൻ ഡ്രോണുകൾ കൂടി മോസ്കോയുടെ തെക്ക് ഭാഗത്തുള്ള തുല മേഖലയിൽ റഷ്യ തടഞ്ഞുവെച്ചതായാണ് വിവരം. യുക്രെയ്‌നും റഷ്യയും തങ്ങളുടെ പ്രദേശത്ത് രാത്രിയിൽ ഡ്രോൺ ആക്രമണം നടത്തുന്നത് പതിവാണ്. റഷ്യയിലെ വൊറോനെഷ് മേഖലയിലെ ഒരു ആയുധ ഡിപ്പോയിൽ ശനിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ എസ്ബിയു സുരക്ഷാ സേവനങ്ങൾ അറിയിച്ചു.