റഷ്യ : ജപ്പാൻ്റെ പുതിയ ആണവ നയങ്ങളിൽ ആശങ്ക അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയാണ് ജപ്പാൻ്റെ നയങ്ങളിൽ പ്രതികരണം അറിയിച്ചത്. റഷ്യൻ അതിർത്തിക്ക് സമീപത്തുള്ള ടോക്കിയോയുടെ നാവികസാന്നിധ്യം മോസ്‌കോ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. ജപ്പാൻ്റെ നിലവിലെ ആണവ ഇതര നയത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ ആശങ്കാജനകമാണെന്ന് മരിയ സഖരോവ പറഞ്ഞു. യുഎസ് ആണവ ദൗത്യങ്ങളിൽ ജപ്പാൻ പങ്കുചേരുന്നതും യുഎസ് മിസൈലുകൾ റഷ്യയുടെ അതിർത്തി പ്രദേശങ്ങളിൽ വിന്യസിക്കുന്നതുമെല്ലാം ആണവ ഇതര പദവി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ജപ്പാൻ നടത്തുന്ന നീക്കങ്ങളാണെന്ന് മരിയ പ്രതികരിച്ചു.
ഫാസ്‌റ്റ് ഈസ്‌റ്റിലെ റഷ്യയുടെ അതിർത്തിക്ക് സമീപം നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) അംഗങ്ങളുടെ പങ്കാളിത്തത്തോടെ
ടോക്കിയോയുടെ നാവിക പ്രവർത്തനങ്ങൾ വർധിച്ച് വരുന്നത് മോസ്കോ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇവർ പറഞ്ഞതായും സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. ജപ്പാൻ്റെ നയമാറ്റം വലിയ തോതിലുള്ള അപകടസാധ്യതകൾ ഉയർത്തുമെന്നാണ് റഷ്യയുടെ വാദം.
അതേസമയം ഈ വാദങ്ങളെ ശരിവയ്‌ക്കുന്ന തരത്തിൽ ദക്ഷിണ കൊറിയ-യുഎസ്-ജപ്പാൻ സംയുക്ത സൈനികാഭ്യാസം തിങ്കളാഴ്‌ച ആരംഭിച്ചു. പരസ്‌പര പ്രവർത്തനക്ഷമത ശക്തിപ്പെടുത്തുന്നതിനും സംയുക്ത കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുമായി ഫീൽഡ് പരിശീലനവും ലൈവ്-ഫയർ ഡ്രില്ലുകളും വിപുലീകരിക്കാൻ സംയുക്ത സേന പദ്ധതിയിട്ടതായും ദക്ഷിണ കൊറിയയുടെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് (ജെസിഎസ്) അറിയിച്ചിട്ടുണ്ട്. 11 ദിവസം നീളുന്ന സൈനികാഭ്യാസം ഓഗസ്റ്റ് 29 ന് അവസാനിക്കും.