അമേരിക്കയുടെയും ബ്രിട്ടൻ്റെയും ദീർഘദൂര മിസൈലുകൾ റഷ്യക്ക് നേരെ യുക്രെയ്ൻ സേന പ്രയോഗിച്ചതിന് ആദ്യ തിരിച്ചടിയായി റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന് റിപ്പോർട്ട്. റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന കാര്യം യുക്രെയ്ൻ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് റഷ്യ ഇത്രയും ശക്തമായ ദീർഘദൂര മിസൈൽ ഉപയോഗിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ കെടുതികൾ എത്രത്തോളമാണെന്ന റിപ്പോർട്ടുകൾ ഇതുവരെ യുക്രെയ്ൻ പുറത്ത് വിട്ടിട്ടില്ല. എന്നാൽ, റഷ്യ വൻ ആക്രമണത്തിന് തയ്യാറെടുത്ത് കഴിഞ്ഞതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBMs) ഏറ്റവും അപകടകാരിയായ മിസൈലാണ്. ആണവ പോർമുനകൾ എത്തിക്കാൻ രൂപകൽപ്പന ചെയ്ത തന്ത്രപ്രധാനമായ ആയുധമാണിത്. റഷ്യയുടെ ആണവ പ്രതിരോധത്തിൻ്റെ ഒരു പ്രധാന ഭാഗമായാണ് ഇത്തരം മിസൈലുകൾ അറിയപ്പെടുന്നത്. ആയിരക്കണക്കിന് കിലോമീറ്റർ ദൂരപരിധിയുള്ള വ്യത്യസ്തങ്ങളായ ഭൂഖന്ധാന്തര മിസൈലുകളുടെ വൻ ശേഖരമുള്ള രാജ്യമാണ് റഷ്യ. സാധാരണ ICBM-കൾക്ക് പോലും ഏകദേശം 6,000 മുതൽ 9,300 മൈൽ വരെ പരിധിയുണ്ട്. റഷ്യ ആണവ പോർമുന ഘടിപ്പിച്ച് ആക്രമിക്കുന്നതിൻ്റ ട്രയലാണോ ഇപ്പോൾ നടത്തിയതെന്ന സംശയവും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷം ആരംഭിച്ച് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന സ്‌ഫോടന പരമ്പരയില്‍ ഡിനിപ്രോ നഗരം നടുങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിസൈലുകളുടെയും ഡ്രോണുകളുടെയും കാതടപ്പിക്കുന്ന ശബ്ദമാണ് നഗരത്തില്‍ അലയടിച്ചത്. ഈ യുദ്ധത്തില്‍ റഷ്യ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടെന്ന യുക്രെയിന്‍ ആരോപണത്തിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
ആറായിരം മൈല്‍ വരെ ദൂരപരിധിയുള്ളതും ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്നതുമായ മിസൈല്‍ കാസ്പിയന്‍ കടലിന് സമീപമുള്ള അസ്ട്രഖാനില്‍ നിന്നാണ് വിക്ഷേപിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ ബിബിസിയോട് പറഞ്ഞിട്ടുണ്ട്.
നഗരമധ്യത്തില്‍ നിന്ന് വളരെ ദൂരെയുള്ള ഒരു വലിയ വ്യവസായ സമുച്ചയത്തിന്റെ പ്രദേശത്ത് നാല് സ്‌ഫോടനങ്ങളാണ് നടന്നിരിക്കുന്നത്. ആണവായുധം വഹിക്കാവുന്ന മിസൈലില്‍ മറ്റ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായാണ് നാറ്റോ സൈനിക നേതൃത്വം പറയുന്നത്. അവരും ഇത് റഷ്യയുടെ ഒരു റിഹേഴ്‌സലായാണ് നോക്കി കാണുന്നത്.
റഷ്യ യുക്രെയ്നിൽ ആദ്യമായി ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായ യുക്രെയ്ൻ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ റഷ്യ വിസമ്മതിച്ചിട്ടുണ്ട്. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, ഈ വിഷയത്തിൽ തനിക്ക് “ഒന്നും പറയാനില്ലെന്നാണ്” പ്രതികരിച്ചിരിക്കുന്നത്.
Also Read :കിമ്മിന് സിംഹത്തെയും കരടികളെയും സമ്മാനിച്ച് പുടിൻ
റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുക്രെയ്ന് അമേരിക്ക വിതരണം ചെയ്ത ദീർഘദൂര മിസൈലുകള്‍ ഉപയോഗിച്ചതിന് ഒരു ദിവസത്തിന് ശേഷം, ബ്രിട്ടീഷ് ദീർഘദൂര മിസൈൽ ഉപയോഗിച്ചുള്ള ആക്രമണവും റഷ്യക്ക് നേരെ നടന്നിരുന്നു. എന്നാൽ, ഈ രണ്ട് രാജ്യങ്ങളുടെ മിസൈലുകളെയും ഫലപ്രദമായി തകർക്കാൻ റഷ്യക്ക് സാധിച്ചിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് തിരിച്ചടിക്കുമെന്ന പ്രഖ്യാപനം റഷ്യ നടത്തിയിരുന്നത്. ഇപ്പോൾ റഷ്യ പ്രയോഗിച്ചത് സാമ്പിൾ മാത്രമാണെന്നും വലുത് വരാനിരിക്കുകയാണെന്നുമുള്ള അഭ്യൂഹം, യുക്രെയ്നിൽ മാത്രമല്ല, അമേരിക്കയിലും ബ്രിട്ടണിലും വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
കുര്‍സ്‌ക് മേഖലയിലെ ഉത്തരകൊറിയന്‍ സാന്നിധ്യവും അവിടെ യുക്രെയ്ൻ നുഴഞ്ഞുകയറ്റത്തിനെതിരെ ഉപയോഗിക്കുന്ന 50,000-ത്തോളം സൈനികരെയുമാണ്, ബ്രിട്ടൻ്റെയും അമേരിക്കയുടെയും ദീര്‍ഘദൂര മിസൈലുകള്‍ വഴി യുക്രെയ്ൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആ ശ്രമം പാളുകയാണ് ഉണ്ടായത്.
നിലവിൽ റഷ്യൻ ആക്രമണം പേടിച്ച് അമേരിക്കയിലും ബ്രിട്ടണിലും എപ്പോള്‍ വേണമെങ്കിലും ആണവായുധം വീഴാനുള്ള സാധ്യതയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. റഷ്യന്‍ ആക്രമണം ഭയന്ന് ഇതിനകം തന്നെ യുക്രെയ്നിലെ അമേരിക്കന്‍ എംബസി അടച്ച് പൂട്ടി ഉദ്യോഗസ്ഥര്‍ മാളത്തില്‍ ഒളിച്ചിട്ടുണ്ട്. ഇറ്റലി, ഗ്രീക്ക്, സ്‌പെയിന്‍ തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളും അവരുടെ എംബസികള്‍ പൂട്ടി സ്ഥലംവിട്ടിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങാനും ജാഗ്രത പാലിക്കാനും അമേരിക്ക നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അമേരിക്കയുടെയും ബ്രിട്ടന്റെയും നടപടി ‘മൂന്നാം ലോക മഹായുദ്ധം’ കൂടുതല്‍ അടുപ്പിക്കുന്നുവെന്നാണ് റഷ്യ പറയുന്നത്. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിധി കുറയ്ക്കുന്ന പരിഷ്‌കരിച്ച ആണവ സിദ്ധാന്തത്തില്‍ ഇതിനകം തന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഒപ്പുവെച്ചതിനാല്‍ ഇനി ശത്രു രാജ്യത്ത് മാത്രമല്ല അവരെ സഹായിക്കുന്ന രാജ്യങ്ങളിലും ആണവ ബോംബിടാന്‍ റഷ്യന്‍ സൈന്യത്തിന് കഴിയും. അതേസമയം, ഒറ്റരാത്രികൊണ്ട് യുക്രെയ്നില്‍ റഷ്യ ഒരു ആണവായുധം പ്രയോഗിക്കാന്‍ പദ്ധതിയിടുന്നതായി ഒരു സൂചനയും ഇതുവരെ കണ്ടില്ലെന്നാണ് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ പറയുന്നത്. അവരുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ റഷ്യ പ്രയോഗിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, റഷ്യയിലേക്ക് വിനാശകാരിയായ എടിഎസിഎംഎസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ യുക്രെയ്‌നെ അനുവദിച്ച അമേരിക്കൻ പ്രസിഡൻ്റ് ജോബൈഡന് എതിരെ ലോകരാജ്യങ്ങളും സ്വന്തം രാജ്യത്തെ ജനങ്ങളും വാളെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.
റഷ്യക്ക് നേരെ ദീർഘദൂര മിസൈൽ ആക്രമണം നടത്താൻ യുക്രെയ്‌നെ പ്രേരിപ്പിച്ചതും നിർബന്ധം ചെലുത്തിയതും ബൈഡന്റെ ആശയമായിരുന്നു. സമാധാനം കൊണ്ടുവരേണ്ട അമേരിക്കയുടെ തലവൻ തന്നെ യുക്രെയ്‌ന്റെ കൈയ്യിൽ പൊരുതാൻ വാളെടുത്ത് കൊടുത്ത കാഴ്ചയ്ക്കാണ് ലോകം ഇപ്പോൾ സാക്ഷിയായിരിക്കുന്നത്. ഇതോടെ സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ കൂടിയാണ് ബൈഡൻ അപകടത്തിലാക്കിയിരിക്കുന്നത്.
വിനാശകാലെ വിപരീത ബുദ്ധി എന്ന വാചകം ഇപ്പോൾ ബൈഡനെ സംബന്ധിച്ചും അമേരിക്കയെ സംബന്ധിച്ചും വളരെ അർത്ഥവത്തായിരിക്കുകയാണ്. ഇതോടെ അമേരിക്കയുടെ ഇടപെടൽ ഒരു ലോകമഹായുദ്ധത്തിന് കോപ്പുകൂട്ടി എന്നുതന്നെ പറയേണ്ടിവരും.
അതേസമയം, ലോകത്തെ ആശങ്കയിലാക്കി മൂന്നാം ലോക മഹായുദ്ധത്തിന് കോപ്പുകൂട്ടിയ ബൈഡനെ പുറത്താക്കാൻ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ പടയൊരുക്കം തുടങ്ങിയതായാണ് സൂചന. റിപ്പബ്ലിക്കൻമാർക്ക് പുറമെ ഡെമോക്രാറ്റിക്കുകളും ബൈഡന് എതിരെ വിമർശനം ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.
25-ാം ഭേദഗതി ഉടൻ കൊണ്ടുവരണമെന്നും വിരമിച്ച അമേരിക്കൻ ആർമി ലഫ്റ്റനന്റ് ജനറൽ, മൈക്കൽ ഫ്ലിൻ ഇപ്പോൾ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനോട് ആവശ്യപ്പെട്ടതായ വാർത്തയാണ് അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയെ അപകടത്തിലാക്കിയതിന് നിലവിലെ ജനപ്രതിനിധി സഭ ബൈഡനെ ഇംപീച്ച് ചെയ്യണമെന്നാണ് എക്‌സിൽ എഴുതിയ പോസ്റ്റിലൂടെ മൈക്കൽ ഫ്ലിൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് 25-ാം ഭേദഗതി വോട്ടിനിട്ട് പാസാക്കി ബൈഡനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഉടൻ അയോഗ്യനാക്കണമെന്നാണ് ഫ്ലിന്നിന്റെ ആവശ്യം. ബൈഡൻ മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് അമേരിക്കയെ നയിച്ചിരിക്കുന്നതെന്നും ഫ്ലിൻ തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപോ, അമേരിക്കൻ അറ്റോർണി ജനറലായി തിരഞ്ഞെടുക്കപ്പെട്ട മാറ്റ് ഗെയ്റ്റ്സോ ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ഫ്ലിൻ തന്റെ പോസ്റ്റിൽ ചോദിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ട്രംപ് പ്രതികരിക്കാത്തത് ബൈഡനെ കൂടുതൽ സങ്കീർണമായ തീരുമാനങ്ങൾ എടുപ്പിക്കാൻ പ്രേരിപ്പിക്കുമെന്നാണ് ഫ്ലിന്നിന്റെ കണ്ടെത്തൽ. മാത്രമല്ല ഇപ്പോൾ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ പുടിനുമായി ബന്ധപ്പെടണമെന്നും മുൻ ആർമി ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
അദ്ദേഹം പറഞ്ഞ നിലപാടിനോട് യോജിക്കുന്ന നിരവധി പേർ അമേരിക്കൻ കോൺഗ്രസ്സിലുമുണ്ട്. ബൈഡനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന അഭിപ്രായവും ശക്തമാണ്. ഒന്നുമറിയാത്ത ജനങ്ങളുടെ ജീവനാണ് ബൈഡന്റെ തലതിരിഞ്ഞ തീരുമാനം കാരണം അപകടത്തിലാകാൻ പോകുന്നത് എന്നാണ് ഈ വിഭാഗത്തിൻ്റെ വാദം. അമേരിക്കൻ എംബസികൾ ഉൾപ്പെടെ റഷ്യ ആക്രമിക്കുമെന്ന് പേടിച്ച് നിലവിൽ യുക്രെയ്നിലെ അമേരിക്കൻ എംബസി തന്നെ അടച്ചിട്ടിരിക്കുകയാണ്.
ചുരുക്കി പറഞ്ഞാൽ ആകെ പെട്ട അവസ്ഥയിലാണിപ്പോൾ ജോബൈഡൻ ഉള്ളത്. ഒരു മിസൈൽ അമേരിക്കയിൽ പതിച്ചാൽ ബൈഡനും അകത്താകുമെന്നതാണ് അവസ്ഥ. ട്രംപ് പരാജയപ്പെട്ട തിരഞ്ഞെടുപ്പിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനെ ജയിലിലടക്കാൻ നോക്കിയ പകവീട്ടാൻ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കുന്നത് വരെ കാത്ത് നിൽക്കാനാണ് ട്രംപിന്റെ തീരുമാനം.
വീഡിയോ കാണാം