CMDRF

ലോകം ഭീതിയിൽ, റഷ്യയുടെ അവസാന മുന്നറിയിപ്പ്, ആണവായുധം പ്രയോഗിക്കാൻ അണിയറയിൽ നീക്കം ?

യുക്രെയിന്‍ സൈന്യത്തിന് ആവശ്യമായ ടെക്നോളജിയും ആധുനിക ആയുധങ്ങളും നല്‍കിയത് നാറ്റോ സഖ്യ രാജ്യങ്ങളാണ്

ലോകം ഭീതിയിൽ, റഷ്യയുടെ അവസാന മുന്നറിയിപ്പ്, ആണവായുധം പ്രയോഗിക്കാൻ അണിയറയിൽ നീക്കം ?
ലോകം ഭീതിയിൽ, റഷ്യയുടെ അവസാന മുന്നറിയിപ്പ്, ആണവായുധം പ്രയോഗിക്കാൻ അണിയറയിൽ നീക്കം ?

ടുവില്‍ ലോകം ഭയപ്പെടുന്ന നാശത്തിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് റഷ്യ നല്‍കി കഴിഞ്ഞു. ഒരു തീരുമാനം എടുത്താല്‍ അത് മിന്നല്‍ വേഗത്തില്‍ നടപ്പാക്കുന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആണവായുധം പ്രയോഗിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ലോകം ഭയക്കുക തന്നെ വേണം. അതിന്റെ കെടുതികള്‍ യുക്രെയിന്‍ മാത്രമല്ല അമേരിക്കന്‍ ചേരിയും അനുഭവിക്കേണ്ടി വരും. ടെക്നോളജിയുടെ പുതിയ കാലത്ത് ആരാദ്യം ആണവായുധങ്ങള്‍ പ്രയോഗിക്കുന്നുവോ ആ രാജ്യത്തിന് തന്നെയാണ് ആത്യന്തികമായി വിജയവും ഉണ്ടാകുക. കോടിക്കണക്കിന് മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും കൊന്നൊടുക്കുന്ന ആണവായുധ പ്രയോഗം ആര് നടത്തിയാലും അത് ഭൂമിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകും. ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണത്.

ഇത്തരം ഒരു സാഹചര്യം ലോകത്ത് സൃഷ്ടിച്ചത് അമേരിക്കയും അവരുടെ സഖ്യകക്ഷികളുമാണ്. യുക്രെയിനെ മുന്‍നിര്‍ത്തി റഷ്യയ്ക്കെതിരെ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആക്രമണം നടത്തുന്നത് അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയാണ്. യുക്രെയിന്‍ സൈന്യത്തിന് ആവശ്യമായ ടെക്നോളജിയും ആധുനിക ആയുധങ്ങളും നല്‍കിയത് നാറ്റോ സഖ്യ രാജ്യങ്ങളാണ്. ഈ സഹായം കൊണ്ടാണ് ഇത്രയും നാള്‍ യുക്രെയിന്‍ പിടിച്ചുനിന്നത്. എന്നാല്‍ ഇപ്പോള്‍ റഷ്യയിലേക്ക് അമേരിക്ക ഉള്‍പ്പെടെ നല്‍കിയ മിസൈലുകള്‍ ഉപയോഗിച്ച് വരെ യുക്രെയിന്‍ ആക്രമണം നടത്തുകയാണ്. ഇതാണ് ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ റഷ്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളുടെ ആയുധങ്ങള്‍ റഷ്യയില്‍ പതിച്ചാല്‍ ആ രാജ്യത്തെ ആക്രമിക്കുമെന്നത് റഷ്യയുടെ പ്രഖ്യാപിത നയമാണ്. ഈ നയം നടപ്പാക്കാനാണ് പുടിന്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

Vladimir Putin

ഇതിന്റെ ഭാഗമായി ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകേണ്ടി വരുമെന്ന മുന്നറിയിപ്പ് സകല പാശ്ചാത്യ രാജ്യങ്ങള്‍ക്കും പുടിന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും റഷ്യയ്ക്കെതിരെ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിക്കാന്‍ യുക്രെയിന് നല്‍കിയ അനുമതിയെ തുടര്‍ന്ന് ആണവായുധത്തെ പ്രതിരോധിക്കാനുള്ള റഷ്യയുടെ ശേഷിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നത സുരക്ഷാ കൗണ്‍സിലുമായി പുടിന്‍ അടിയന്തരയോഗം ചേര്‍ന്നിരുന്നു. ശത്രുവിന്റെ ഏത് മിസൈലുകളെയും പ്രതിരോധിക്കാനുള്ള ശേഷി ലോകത്തെ തന്നെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമുള്ള റഷ്യയ്ക്ക് ഉണ്ടെന്ന റിപ്പോര്‍ട്ടാണ് യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. ഇതും പുടിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

‘സ്റ്റോം ഷാഡോ’ എന്ന മിസൈല്‍ റഷ്യയ്ക്കുമേല്‍ പ്രയോഗിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടന്‍ യുക്രെയിന് അനുമതി നല്‍കിയിരുന്നത്. പുടിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയെ പോലെ തന്നെ ലോകത്തിലെ അധികാര സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതും പ്രാധാന്യമാണ്. അതുകൊണ്ടാണ് ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ആണവായുധങ്ങളുടെയും അവയുടെ ഘടകങ്ങളുടെയും വ്യാപനം തടയാന്‍ ലോകത്ത് തന്നെ ആത്മാര്‍ത്ഥമായി ശ്രമിച്ച ഒരു രാജ്യം റഷ്യയാണ്. ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആണവായുധം കൈവശമുള്ള രാജ്യമെന്ന നിലയില്‍ ആ ഉത്തരവാദിത്തം റഷ്യ ഇന്നുവരെ നിറവേറ്റിയിട്ടുമുണ്ട്. എന്നാല്‍, സ്വന്തം രാജ്യം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഭീഷണി നേരിടുമ്പോള്‍ ഇനിയും ഈ സംയമനം റഷ്യ തുടരണമെന്ന് ആര്‍ക്കും തന്നെ പറയാന്‍ സാധിക്കുകയില്ല. അത്യന്തം അപകടകരമായ സാഹചര്യമാണിത്.

Storm Shadow missile

അമേരിക്കയും മറ്റ് നാറ്റോ സഖ്യകക്ഷികളും നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യന്‍ പ്രദേശം ആക്രമിക്കുന്ന യുക്രെയിന് റഷ്യയുടെ പുതിയ നിലപാട് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. റഷ്യ ആണവായുധം പ്രയോഗിക്കുന്ന ആ നിമിഷം നാറ്റോ രാജ്യങ്ങള്‍ക്ക് നിരുപാധികം പിന്‍മാറേണ്ടി വരും. അതല്ലെങ്കില്‍ റഷ്യയില്‍ നിന്ന് മാത്രമല്ല ഇറാന്‍, ഉത്തര കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആക്രമണമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. റഷ്യ ആണവായുധം പ്രയോഗിക്കുക എന്നതിനര്‍ത്ഥം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തുക എന്നതാണ്. ഇപ്പോള്‍ തന്നെ ലോകം പല യുദ്ധങ്ങളാല്‍ സംഘര്‍ഷഭരിതമാണ്. യുക്രെയിനു മാത്രമല്ല ഇസ്രയേലിനും പണവും ആയുധങ്ങളും നല്‍കുന്നതും നാറ്റോ രാജ്യങ്ങളാണ്.

ഇറാഖ്, ഇറാന്‍, ഗാസ, ലെബനന്‍ എന്നിവിടങ്ങളില്‍ അമേരിക്കന്‍ ചേരി നടത്തുന്ന ആക്രമണങ്ങളിലും, വംശഹത്യയിലും ഇസ്ലാമിക രാജ്യങ്ങളും കടുത്ത പ്രതിഷേധത്തിലാണ് ഉള്ളത്. ഇവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ റഷ്യയ്ക്ക് എളുപ്പത്തില്‍ കഴിയും. ആണവായുധം പ്രയോഗിക്കാന്‍ റഷ്യ തീരുമാനിച്ചാല്‍ അമേരിക്കയെ കൂടി ലക്ഷ്യമിട്ട പദ്ധതികളാണ് അണിയറയില്‍ തയ്യാറാക്കപ്പെടുക. അമേരിക്കയില്‍ എത്താന്‍ ശേഷിയുള്ള ഉത്തര കൊറിയന്‍ മിസൈല്‍ ഇപ്പോഴും അമേരിക്കയ്ക്ക് അഭിമുഖമായാണ് തിരിച്ചുവച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറമെ റഷ്യയും നിരവധി ആധുനിക ആയുധങ്ങള്‍ ഉത്തര കൊറിയക്ക് നല്‍കിയിട്ടുണ്ട്. അമേരിക്കയെ ആക്രമിക്കുക എന്നത് ജീവിതലക്ഷ്യമായി കരുതുന്ന ഈ കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ഭരണാധികാരിയായ കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന നിലപാടിലാണുള്ളത്. ഉപരോധം കൊണ്ട് അത്രയ്ക്കും ഈ രാജ്യത്തെ അമേരിക്ക കഷ്ടപ്പെടുത്തിയിട്ടുണ്ട്.

Donald Trump

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെ ദക്ഷിണ കൊറിയയുമായുള്ള സംഘര്‍ഷത്തില്‍ ഇടപെട്ട അമേരിക്കയ്ക്കെതിരെ ആണവ മിസൈല്‍ തന്നെ തിരിച്ചുവച്ച ഉത്തര കൊറിയയുടെ നടപടി അമേരിക്കയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അമേരിക്കയെ ആക്രമിക്കുമെന്ന ഭീഷണി കൂടി കിം ജോങ് ഉന്‍ ഉയര്‍ത്തിയതോടെ സമാധാന ചര്‍ച്ചയ്ക്കായി അന്ന് ആദ്യം പറന്നെത്തിയത് അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണെന്നതും ചരിത്രമാണ്.അന്ന് താല്‍ക്കാലികമായി അടങ്ങിയ കിം ജോങ് ഉന്‍ അടുത്തിടെ നടന്ന റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം വീണ്ടും അമേരിക്കയ്ക്ക് എതിരെയും ദക്ഷിണ കൊറിയക്ക് എതിരെയും നിലപാടുകള്‍ കടുപ്പിച്ചിരിക്കുകയാണ്.

ഉത്തര കൊറിയയില്‍ നിലവിലുള്ള ആണവായുധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ആണവശക്തി നിര്‍മാണനയം നടപ്പിലാക്കുമെന്നാണ് പ്രസിഡന്റ് കിം ജോങ് ഉന്‍ അടുത്തിടെ പ്രഖ്യാപിച്ചിരിക്കുന്നത്. നോര്‍ത്ത് കൊറിയന്‍ സ്ഥാപക ദിനത്തിലായിരുന്നു അമേരിക്കയെ ഞെട്ടിച്ച പ്രഖ്യാപനം ‘കിം’ നടത്തിയിരുന്നത്. രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാനും പ്രയോഗിക്കുവാനും സന്നദ്ധരായിരിക്കണമെന്നും കിം ജോങ് ഉന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ശക്തമായ സായുധ – സൈനീക സേനകള്‍ രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഉത്തര കൊറിയയുടെ രണ്ടുവശങ്ങളിലും സംരക്ഷണം തീര്‍ത്ത് ചൈനയും റഷ്യയും നില്‍ക്കുന്നതിനാല്‍ ആ രാജ്യത്തെ തൊടാന്‍ പോലും അമേരിക്കയ്ക്ക് സാധിക്കുകയില്ല.

Kim Jong Un

ഇറാനും അണിയറയില്‍ വമ്പന്‍ പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇസ്രയേല്‍ ലെബനനിലും ഗാസയിലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഒരു തിരിച്ചടി നല്‍കുക എന്നത് ഇറാന്റെ പരമ പ്രധാനമായ ലക്ഷ്യമാണ്. അതിനുള്ള അവസരത്തിനായാണ് അവര്‍ കാത്തുനില്‍ക്കുന്നത്. യുക്രെയിന്‍-റഷ്യ യുദ്ധം അതിന്റെ അവസാനത്തിലേക്ക് കടന്ന സാഹചര്യത്തില്‍ റഷ്യന്‍ പിന്തുണയോടെ ഇറാനും ഹമാസും ഹിസ്ബുള്ളയും സംയുക്തമായി ഇസ്രയേലിനെ ആക്രമിക്കാനാണ് സാധ്യത. അമേരിക്ക ഈ യുദ്ധത്തില്‍ ഇടപെടുന്നപക്ഷം റഷ്യയും നേരിട്ട് രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്.റഷ്യയുടെ ആണവശക്തിയെ അമേരിക്കയെ പോലെ തന്നെ ഇസ്രയേലും ഭയപ്പെടുന്നുണ്ട്. ഇറാന്‍ ആണവ ശക്തിയാകുന്നത് തടയാന്‍ നടത്തിയ നീക്കങ്ങള്‍ പൂര്‍ണ്ണ തോതില്‍ വിജയിച്ചിട്ടില്ലെന്ന വിലയിരുത്തലും ഇസ്രയേലിനുണ്ട്.

റഷ്യ മാരകായുധങ്ങള്‍ ഇറാന് നല്‍കിയിട്ടുണ്ടെങ്കില്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതത്തെ കുറിച്ച് മേഖലയില്‍ തമ്പടിച്ചിട്ടുള്ള അമേരിക്കന്‍ സൈന്യത്തിനും വലിയ ആശങ്കകളുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുക്രെയിന് നേരെ റഷ്യ ആണവായുധം പ്രയോഗിച്ചാല്‍ അത് അമേരിക്കയെ മാത്രമല്ല ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രയേലിനെയും പ്രതിരോധത്തിലാക്കും.റഷ്യയ്ക്ക് ആണവ പ്രതിരോധം സജീവമാക്കാന്‍ സാധിക്കുന്ന നാല് സാഹചര്യങ്ങളാണ് 2020ല്‍ അംഗീകരിച്ചിട്ടുള്ളത്. അതില്‍ ആദ്യത്തേത് സ്വന്തം രാജ്യത്തിനും, സഖ്യകക്ഷികള്‍ക്കുമെതിരെയും ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുമെന്ന വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാമെന്നതാണ്.

NATO

രണ്ടാമതായി പറയുന്നത്, റഷ്യയ്ക്കെതിരെയും സഖ്യകക്ഷികള്‍ക്കെതിരെയും ആണവായുധമോ മറ്റ് തരത്തിലുള്ള മരകായുധങ്ങളോ ഉപയോഗിച്ചാലും ആണവായുധം റഷ്യയ്ക്ക് പ്രയോഗിക്കാം എന്നതാണ്. റഷ്യന്‍ ആണവശക്തികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ഭരണകൂടത്തിനോ സൈനിക സൗകര്യങ്ങള്‍ക്കോ എതിരായി ശത്രുപക്ഷം പ്രവര്‍ത്തിച്ചാലും റഷ്യ ആണവായുധം പ്രയോഗിക്കുമെന്നതാണ് മൂന്നാമതായി പറയുന്നത്.നാലാമതായി പറയുന്നത്, രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഭീഷണി ഉണ്ടായാല്‍ ആണവായുധം പ്രയോഗിക്കാമെന്നതാണ്. നാറ്റോയില്‍ നിന്ന് ഉയര്‍ന്നുവരുന്ന പുതിയ ഭീഷണികള്‍ കണക്കിലെടുത്ത് ഈ നിലപാടില്‍ ഇനിയും ഒരു മാറ്റം കൊണ്ടുവരാനാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനവും അതിന്റെ ഭാഗമാണ്.

റഷ്യയ്ക്കും സഖ്യകക്ഷിയായ ബെലാറസിനും എതിരായി ഏതുതരം ആക്രമണമുണ്ടായാലും ആണവായുധം ഉപയോഗിക്കാനുള്ള അവകാശം റഷ്യയില്‍ നിക്ഷിപ്തമാണ്. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയിനെ മുന്‍നിര്‍ത്തി റഷ്യയ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തില്‍ ആണവനയം പുനഃപരിശോധിക്കേണ്ടി വരുമെന്നത് റഷ്യന്‍ ഇന്റലിജന്‍സും നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, റഷ്യയെ യുക്രെയിനെതിരായ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് മണ്ടത്തരമായി പോയെന്ന നിലപാടാണ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനുള്ളത്. അമേരിക്കന്‍ ആയുധക്കലവറ ശൂന്യമായെന്ന് ആരോപിച്ച ട്രംപ് ഹിറ്റ്ലറെ വധിച്ച റഷ്യയുടെ ചരിത്രവും പാശ്ചാത്യ ലോകത്തെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. വീണ്ടും ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യുക്രെയിന് നല്‍കുന്ന ആയുധ സഹായം നിര്‍ത്തലാക്കാനുള്ള സാധ്യതയും ഏറെയാണ്.

Kamala Harris

ഇതിനിടെ…ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസിനെതിരെ ട്രംപിന്റെ സാധ്യത വര്‍ധിപ്പിക്കാന്‍ റഷ്യന്‍ ഏജന്‍സികള്‍ ശ്രമിക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ ആരോപണത്തെ റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് അമേരിക്കയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ റഷ്യയ്ക്ക് പുറമെ ചൈനയും ഇറാനും ഉള്‍പ്പെടുന്നുണ്ട്.

നിലവില്‍ ലോകത്തെ ആണവനിലയങ്ങളില്‍ 88 ശതമാനവും നിയന്ത്രിക്കുന്നത് അമേരിക്കയും റഷ്യയുമാണ്. ഇതില്‍ തന്നെ ഒന്നാം സ്ഥാനത്ത് റഷ്യയാണുള്ളത്. യുക്രെയിനുമായി സംഘര്‍ഷം തുടങ്ങുന്നതിനു മുമ്പ് തന്നെ റഷ്യയുടെ ആണവനയം പുടിന്‍ ഇടപെട്ട് പരിഷ്‌കരിച്ചിരുന്നു. ഇതിലാണിപ്പോള്‍ വീണ്ടും പുടിന്‍ മാറ്റം കൊണ്ടുവരുന്നത്. ആണവായുധങ്ങളുടെ ഉപയോഗം റഷ്യന്‍ പരമാധികാരം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഒടുവിലത്തെ മാര്‍ഗമായി മാത്രം കണ്ട പുടിനെ റഷ്യയ്ക്കും സഖ്യകക്ഷികള്‍ക്കും നേരെ നിലവില്‍ ഉയര്‍ന്ന അപകടസാധ്യതയാണ് കടുത്ത തീരുമാനം എടുക്കുന്നതിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. അതെന്തായാലും… പറയാതെ വയ്യ…

വീഡിയോ കാണാം

Top