റഷ്യയില്‍ യുക്രൈന് സൈന്യം നിരവധി പ്രദേശങ്ങള്‍ പിടിച്ചടക്കിയെന്നും, സൈനിക ഓഫീസ് തുറന്നു എന്നും പറഞ്ഞ്, മാധ്യമങ്ങള്‍ വലിയ വാര്‍ത്തകളാണ് നല്‍കിയിരുന്നത്. റഷ്യയെ യുക്രൈന്‍ പിടിച്ചടക്കി എന്ന മട്ടിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഈ കടന്നു കയറ്റത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ ചിത്രം മാറിയിരിക്കുകയാണ്. റഷ്യയില്‍ സ്ഥാപിച്ച സൈനിക ഓഫീസ് ഉള്‍പ്പെടെ സകലതും, റഷ്യന്‍ സൈന്യം തകര്‍ത്ത് ചാമ്പലാക്കിയിരിക്കുകയാണ്. യുക്രൈന്റെ അനവധി തന്ത്രപ്രധാനമായ പ്രദേശങ്ങളും റഷ്യന്‍ സൈന്യം പിടിച്ചടക്കിയിട്ടുണ്ട്. യുക്രൈന്‍ സൈന്യം റഷ്യന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങുന്നതും പതിവ് സംഭവമായി മാറിയിട്ടുണ്ട്.
ഇത്തരത്തില്‍ റഷ്യ-യുക്രൈന്‍ സംഘര്‍ഷം നടക്കുമ്പോഴും, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ അസര്‍ബൈജാനിലെത്തിയത് പാശ്ചാത്യ മാധ്യമങ്ങളുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. യുക്രൈന്‍ കടന്നുകയറ്റത്തെ എത്ര നിസ്സാരമായാണ് റഷ്യ കാണുന്നത് എന്നതിന് പ്രത്യക്ഷ ഉദാഹരണം കൂടിയായിരുന്നു, ഈ സന്ദര്‍ശനം.
സ്വന്തം രാജ്യം വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍, ഒരു ഭരണാധികാരിയും, സൗഹൃദ സന്ദര്‍ശനത്തിനായി വിദേശ രാജ്യങ്ങളില്‍ പോകാറില്ല. എന്നാല്‍, ഇവിടെ… ആ പതിവ് രീതിയാണ് പുടിന്‍ പാടെ തെറ്റിച്ചിരിക്കുന്നത്. തന്റെ രാജ്യം ഒരു ഭീഷണിയും നേരിടുന്നില്ലെന്നത് ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ്, പുടിന്‍ ഇറങ്ങി കളിച്ചിരിക്കുന്നത്. ഇതാകട്ടെ അമേരിക്കയ്ക്കും തികച്ചും അപ്രതീക്ഷിതമാണ്.
ഇറാന്‍ – ഇസ്രയേല്‍ യുദ്ധമുണ്ടായാല്‍, റഷ്യയെ തളച്ചിടാനാണ്, ആയുധങ്ങളും നല്‍കി യുക്രൈന്‍ സൈന്യത്തെ അമേരിക്ക റഷ്യന്‍ അതിര്‍ത്തിയിലേക്ക് അയച്ചിരുന്നത്. എന്നാല്‍, റഷ്യയുടെ അതിര്‍ത്തി പ്രദേശം ഇപ്പോള്‍ യുക്രൈന്‍ സൈനികരുടെ ശവപ്പറമ്പായാണ് മാറിയിരിക്കുന്നത്. കീഴടങ്ങിയ യുക്രൈന്‍ സൈനികരെ, യുക്രൈന് എതിരെ ഉപയോഗിക്കാനും റഷ്യന്‍ സൈന്യത്തിന് സാധിക്കുന്നുണ്ട്.
ഇറാനില്‍ അമേരിക്ക ഇടപെട്ടാല്‍, റഷ്യയും ഇടപെടുമെന്ന് തന്നെയാണ് പുടിന്‍ നല്‍കുന്ന മുന്നറിയിപ്പ്. അമേരിക്കയോടുള്ള എല്ലാ പകയും വീട്ടാന്‍ ഒരവസരം തന്നെയാണ് റഷ്യയും കാത്തുനില്‍ക്കുന്നത്. അമേരിക്കയ്ക്ക് എതിരെ ആക്രമണമുണ്ടാകുമെന്ന പ്രചരണം പോലും ആ രാജ്യത്തിന്റെ ഓഹരി വിപണിയെ തകിടം മറയ്ക്കും. സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്. ഇപ്പോള്‍ തന്നെ ഡോളറിനെതിരെ ബദല്‍ സംവിധാനവുമായാണ് റഷ്യയും ചൈനയും ഇന്ത്യയുമെല്ലാം മുന്നോട്ട് പോകുന്നത്. ഈ രീതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചാല്‍, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
അമേരിക്ക വീണാല്‍, അതോടെ ഇസ്രയേലും തീരുമെന്ന ചിന്താഗതിയാണ് ഇറാനെയും നയിക്കുന്നത്. ഇസ്രയേലിനെ മുന്‍നിര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കുന്നതിനു പിന്നില്‍, അമേരിക്കന്‍ ചാര സംഘടനയെ ആണ് ഇറാന്‍ സംശയിക്കുന്നത്. ഹമാസ് മേധാവിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ഉചിതമായ സമയമാണ് ഇറാന്‍ തേടുന്നത്. അത് തീര്‍ച്ചയായും റഷ്യയുടെ നിലപാടിന് അനുസരിച്ചായിരിക്കും. ആരും പ്രതീക്ഷിക്കാത്ത സമയത്ത് നിരവധി കേന്ദ്രങ്ങള്‍ ഒന്നിച്ച് ആക്രമിക്കുക എന്ന തന്ത്രമാണ് ഇറാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നാണ് അമേരിക്ക കരുതുന്നത്. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ ശേഷിയുള്ള സംവിധാനം റഷ്യയ്ക്കുണ്ട്. റഷ്യയില്‍ നിന്നും ഈ സംവിധാനം ഇറാനില്‍ എത്തിയിട്ടുണ്ടോ എന്ന സംശയം ഇസ്രയേലിനുമുണ്ട്. അതു തന്നെയാണ്, ബങ്കറില്‍ ഒളിക്കാന്‍ ഇസ്രയേല്‍ ഭരണകൂടത്തെയും ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെയല്ല നിലവിലെ അമേരിക്കയിലെയും ഇസ്രയേലിലെയും അവസ്ഥ. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനത്തിന്റെ മികവ്, ഹമാസ് ആ രാജ്യത്ത് നുഴഞ്ഞ് കയറിയതിലൂടെ ലോകം കണ്ടതാണ്. ഇതേ മോഡല്‍ ഒരു തിരിച്ചടി അമേരിക്കയ്ക്ക് സംഭവിച്ചാല്‍ അതോടെ അമേരിക്കയുടെ സര്‍വ്വ അഹങ്കാരങ്ങളും അവസാനിക്കും. ഇത്തരമൊരു അവസരത്തിനായാണ് റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കാത്തിരിക്കുന്നത്.
ലോകം തന്നെ തീരുമെന്നതിനാല്‍, എന്തായാലും റഷ്യയോട് യുദ്ധം ചെയ്യാന്‍ അമേരിക്ക തയ്യാറാവുകയില്ല. ലോക രാജ്യങ്ങളും അതിന് അവസരം ഉണ്ടാക്കുകയില്ല. എന്നാല്‍, ഉത്തര കൊറിയയും ഇറാനും അമേരിക്കയെ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. യുക്രൈന് അമേരിക്ക നല്‍കിയ നിര്‍ദ്ദേശം ഉത്തര കൊറിയയ്ക്കും ഇറാനും റഷ്യ നല്‍കിയാല്‍ ആ നിമിഷം തീരുന്നതാണ് അമേരിക്കയുടെ അഹങ്കാരം. പുതിയ ലോകക്രമത്തില്‍ ഇതൊന്നും തന്നെ നടക്കാത്ത കാര്യവുമല്ല.
നേരിട്ട് യുദ്ധം ചെയ്ത പരിചയം, അമേരിക്കയേക്കാള്‍ ഇപ്പോള്‍ റഷ്യയ്ക്കാണ് ഉള്ളത്. അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും ആയുധത്തിന്റെ ശക്തി എത്രമാത്രമാണ് എന്നത് യുക്രൈന്‍ യുദ്ധത്തിലൂടെ റഷ്യയ്ക്ക്, ഒരു പരിധി വരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. യുക്രൈന്‍ സൈനികര്‍ ഉപയോഗിച്ച അമേരിക്കന്‍-ബ്രിട്ടണ്‍ നിര്‍മ്മിത ടാങ്കുകള്‍ ഉള്‍പ്പെടെ നിന്നു കത്തുകയാണ്.
വ്യോമാക്രമണത്തിലൂടെയും പീരങ്കി ആക്രമണത്തിലൂടെയും ശക്തമായ മറുപടിയാണ് റഷ്യ യുക്രൈന് നല്‍കിയിരിക്കുന്നത്. ഒറ്റ ദിവസം മാത്രം നാല് ടാങ്കുകളും, ഒരു ഐഎഫ്‌വി മൂന്ന് 56 കവചിത വാഹനങ്ങള്‍ 30 വാഹനങ്ങള്‍ 12 പീരങ്കികള്‍, മൂന്ന് മോര്‍ട്ടാറുകള്‍ മുന്നൂറോളം സൈനികര്‍ എന്നിവയുള്‍പ്പെടെ വന്‍ നാശമാണ് യുക്രൈയിന് നഷ്ടമായിരിക്കുന്നത്. യുക്രൈന്റെ തകര്‍ച്ച സ്ഥിരീകരിക്കുന്ന വീഡിയോകള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം, ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.
കുര്‍സ്‌ക് മേഖലയിലും യുക്രൈനിലെ സുമി മേഖലയിലുമാണ് റഷ്യന്‍ സൈന്യം യുക്രൈന്‍ സൈനികരെ ലക്ഷ്യമിടുന്നത്. നിലവില്‍ 22, 61, 115 യന്ത്രവല്‍കൃത ബ്രിഗേഡുകള്‍, 80, 82 ആക്രമണ ബ്രിഗേഡുകള്‍, 103, 129 ടെറിട്ടോറിയല്‍ ഡിഫന്‍സ് ബ്രിഗേഡുകള്‍ എന്നിവയാണ് നുഴഞ്ഞുകയറാന്‍ യുക്രൈന്‍ സൈന്യം ഉപയോഗിച്ചിട്ടുള്ളത്. ഇതെല്ലാം തന്നെ ചാരമാകാനാണ് സാധ്യത.
ഇതിനിടെ, ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ പ്രധാന നഗരവും റഷ്യന്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചതായി RIA നോവോസ്റ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുക്രൈന്റെ നിര്‍ണ്ണായക പ്രദേശം പിടിച്ചെടുത്തതോടെ ഡോണ്‍ബാസിലെ മറ്റൊരു പ്രധാന യുക്രേനിയന്‍ കോട്ടയായ ടോറെറ്റ്‌സ്‌കിലേക്കുള്ള വഴിയും, ഇപ്പോള്‍ തുറന്നിട്ടുണ്ട്. ഉടന്‍ തന്നെ ഈ പ്രദേശങ്ങളും റഷ്യന്‍ നിയന്ത്രണത്തിലാകാനാണ് സാധ്യത.
അതേസമയം, കുര്‍സ്‌ക് മേഖലയിലെ ഓള്‍ഗോവ്ക ഗ്രാമത്തിന് സമീപം, 19 സൈനികരടങ്ങുന്ന യുക്രേനിയന്‍ രഹസ്യാന്വേഷണ സംഘത്തെ, റഷ്യന്‍ കരിങ്കടല്‍ കപ്പലിലെ നാവികര്‍ പിടികൂടിയത്, പല വിലപ്പെട്ട വിവരങ്ങളും റഷ്യയ്ക്ക് ലഭിക്കാന്‍ കാരണമായിട്ടുണ്ട്. യുക്രേനിയന്‍ സായുധ സേനയുടെ 22-ാം മത്തെ ബ്രിഗേഡില്‍ നിന്നുള്ളവരാണ് പിടിക്കപ്പെട്ടത്. കുര്‍സ്‌ക് മേഖലയിലെ പോരാട്ടം മാത്രം എടുത്താല്‍, യുക്രേനിയന്‍ സായുധ സേനയ്ക്ക് ഓഗസ്റ്റ് 19 വരെ, 3,460 സൈനികരും 50 ടാങ്കുകളുമാണ് നഷ്ടമായിരിക്കുന്നത്.
EXPRESS VIEW