ഇറാനെ ആക്രമിക്കാനുള്ള ഉത്തരവിൽ ഇസ്രയേൽ പ്രധാനമന്ത്രി ഒപ്പുവച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ ഇപ്പോൾ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇത്തരം ആക്രമണത്തിനുള്ള സാധ്യത പോലും പരിഗണിക്കരുതെന്നാണ് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്‌കോവ് മരിയ ദേവഖിന ഇറാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണവും വൻ ‘ദുരന്തം’ ആയിരിക്കുമെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. അത്തരം ആക്രമണങ്ങളുടെ സാധ്യതയെക്കുറിച്ച് സാങ്കൽപ്പികമായി പോലും ചിന്തിക്കരുതെന്ന മുന്നറിയിപ്പാണ് റഷ്യ നൽകുന്നത്.
നേരത്തെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും സമാനമായ മുന്നറിയിപ്പ് ഇസ്രയേലിന് നൽകിയിരുന്നു. ഇറാന്റെ സിവിലിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ‘ഗുരുതരമായ പ്രകോപനം’ ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇക്കാര്യത്തിലെ റഷ്യൻ നിലപാട് അറിഞ്ഞതോടെയാണ് ഇസ്രയേൽ തിരിച്ചടിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങളും ആണവകേന്ദ്രങ്ങളും ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി അമേരിക്ക രംഗത്ത് വന്നിരുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തിൽ റഷ്യ നേരിട്ട് ഇടപെടുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് ഇത്തരമൊരു അഭ്യർത്ഥന അമേരിക്ക മുന്നോട്ട് വച്ചിരുന്നത്.
Also Read:കാത്തിരുന്ന് യഹ്യയെയും വെട്ടി ഇസ്രയേൽ? യുദ്ധക്കലി അടങ്ങാതെ നെതന്യാഹു
എന്നാൽ, ഇസ്രയേലിലെ വ്യോമതാവളങ്ങൾ ഉൾപ്പെടെ ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നതിനാൽ തിരിച്ചടിക്കണമെന്ന വാശിയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉള്ളത്. ആക്രമിക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ രേഖപ്പെടുത്തിയ ഫയലിൽ ബെഞ്ചമിൻ നെതന്യാഹു ഇതിനകം ഒപ്പുവച്ചതായി എബിസി ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഇസ്രയേൽ എന്തായാലും തിരിച്ചടിക്കുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്. ഈ തിരിച്ചടി ഇറാനിൽ ഉണ്ടാക്കുന്ന നാശനഷ്ടത്തിന്റെ തോതിന് അനുസരിച്ചായിരിക്കും ഇറാന്റെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകാൻ പോകുന്നത്. ഇറാനിലെ ആണവ – എണ്ണ കേന്ദ്രങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലോ മിസൈൽ വീണാൽ ചരിത്രത്തിൽ ഇന്നുവരെ നേരിടാത്ത പ്രഹരം ഇസ്രയേൽ നേരിടേണ്ടി വരുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഹമാസിന്റെ പുതിയ മേധാവിയെയും ഇറാൻ വധിച്ചെന്ന വാർത്തകൾ പുറത്ത് വരുന്നതും ഇറാനെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ആക്രമിക്കാൻ ഇസ്രയേൽ ആയിട്ട് ഇനി അവസരം ഉണ്ടാക്കിയാൽ മാരക പ്രഹരശേഷിയുള്ള ആയുധങ്ങൾ ഇറാൻ പ്രയോഗിക്കാനുള്ള സാധ്യതയും ഏറെയാണ്. ആണവ ബോംബുകളേക്കാൾ പ്രഹരശേഷിയുള്ള രഹസ്യായുധം ഇറാന്റെ പക്കലുണ്ടെന്നാണ് ഇറാൻ ബ്രിഗേഡിയർ ജനറൽ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിനെ അമേരിക്കയും ഗൗരവമായാണ് കാണുന്നത്.
യെമൻ ആസ്ഥാനമായുള്ള ഹൂതി വിമതർക്കെതിരെ അമേരിക്കൻ സൈന്യം ഒക്ടോബർ 17 ന് നടത്തിയ വ്യോമാക്രമണം തന്നെ ഭയത്തിൽ നിന്നുള്ള ആക്രമണമാണ്. ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയാൽ ഇസ്രയേലിനെ സഹായിക്കാൻ മേഖലയിൽ തമ്പടിച്ച അമേരിക്കൻ സൈനികർക്ക് നേരെ ഹൂതികൾ ആക്രമണം നടത്തുമെന്നാണ് അമേരിക്ക കരുതുന്നത്. ഇറാൻ നൽകിയ അനവധി ഡ്രോണുകളും മിസൈലുകളും ഹൂതികളുടെ കൈവശമുണ്ട്. കടലിൽ ഒളിച്ചിരുന്ന് ആക്രമിക്കാൻ ശേഷിയുള്ള ഈ വിഭാഗം അമേരിക്കൻ ചേരിയിലെ കപ്പലുകൾ ആക്രമിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് അമേരിക്ക ഇപ്പോൾ ഹൂതി വിമതരെ ആക്രമിച്ചിരിക്കുന്നത്.
Also Read: ഇറാനെ ആക്രമിക്കാനുള്ള ഉത്തരവിൽ ഒപ്പ് വച്ച് നെതന്യാഹു, യുദ്ധം തിരിച്ചടിക്കുമെന്ന ഭയത്തിൽ അമേരിക്ക
യെമനിലെ ഹൂതികളുടെ ഭൂഗർഭ ബങ്കറുകൾ ആക്രമിക്കാൻ അമേരിക്കൻ സൈന്യം ബി-2 സ്റ്റെൽത്ത് ബോംബറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കൻ സേനയെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനാണ് ഈ ടാർഗെറ്റഡ് സ്ട്രൈക്കുകൾക്ക് അംഗീകാരം നൽകിയതെന്നാണ്, അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ അവകാശപ്പെട്ടിരിക്കുന്നത്. ഈ ആക്രമണത്തിനുള്ള തിരിച്ചടി എന്തായിരിക്കുമെന്നതും ഇനി കണ്ടറിയേണ്ട കാര്യമാണ്.
അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും ആധുനികമായ എംക്യു 9 റീപ്പർ ഡ്രോൺ ഹൂതികൾ വെടിവെച്ചിട്ടത് അടുത്തയിടെയാണ്. വടക്കൻ പ്രവിശ്യയായ സാദയിലാണ് ഡ്രോൺ വെടിവെച്ചിട്ടിരുന്നത്. യെമനിലെ അൽജസീറ ടിവി ഈ ഡ്രോണിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ഹൂതികൾ വെടിവെച്ചിടുന്ന 11-ാംമത്തെ അമേരിക്കൻ ഡ്രോണാണിത്. ചെങ്കടൽ തുറമുഖമായ യെമനിലെ ഹൊദയ്ദയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടിരുന്നത്. ഇസ്രയേലിന് പിന്തുണ നൽകുന്നത് ഏത് രാജ്യമായാലും ആ രാജ്യത്തെ ടാർഗറ്റ് ചെയ്യുന്നതാണ് ഹൂതികളുടെ രീതി.
അമേരിക്കൻ സൈനിക ക്യാംപുകളുള്ള അറബ് രാജ്യങ്ങളും ഹൂതികളുടെ ലക്ഷ്യ കേന്ദ്രങ്ങളാണ്. ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെയോ അമേരിക്കയുടേയോ ശ്രമങ്ങൾക്ക് ഏതെങ്കിലും അറബ് രാജ്യങ്ങൾ വേദിയായാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് മേഖലയിലെ അറബ് രാജ്യങ്ങൾക്കും ഇറാൻ നൽകിയിട്ടുണ്ട്. 45,000ത്തോളം വരുന്ന പലസ്തീനികളുടെ ചോരയ്ക്ക് പകരം ചോദിക്കാൻ ഇറങ്ങിയതിനാണ് ഹമാസ് – ഹിസ്ബുള്ള മേധാവിമാരെ ഇസ്രയേൽ വധിച്ചതെന്നത് മറന്നു പോകരുതെന്നാണ് ഇസ്ലാമിക രാജ്യങ്ങളെ ഇറാൻ ഓർമ്മപ്പെടുത്തുന്നത്. ഗാസയ്ക്ക് പിന്നാലെ ലെബനനിലും കൂട്ടക്കുരുതിക്ക് നേതൃത്വം കൊടുക്കുന്ന ഇസ്രയേൽ അടുത്തതായി ഇറാനെയാണ് ലക്ഷ്യമിടുന്നതെന്നും ഈ ലക്ഷ്യം അധികം താമസിയാതെ മറ്റ് അറബ് രാജ്യങ്ങളിലേക്കും പടരുമെന്നുമാണ് ഇറാൻ നൽകുന്ന മുന്നറിയിപ്പ്. യെമനിൽ അമേരിക്ക ഇപ്പോൾ നടത്തിയ ആക്രമണം ഭയപ്പെടുത്താൻ ഉദ്ദേശിച്ചാണെങ്കിൽ അതെന്തായാലും വിലപ്പോവില്ലെന്നും ഇറാൻ തുറന്നടിച്ചിട്ടുണ്ട്.
വീഡിയോ കാണാം