യുദ്ധമുഖത്ത് പോലും ഏറ്റവും മാന്യമായി യുദ്ധം ചെയ്യുന്ന സേനയാണ് റഷ്യയുടേത്. അതുകൊണ്ടാണ് സാധാരണക്കാരായ യുക്രെയിനിലെ ജനങ്ങൾ ഗാസയിലെപ്പോലെ കശാപ്പ് ചെയ്യപ്പെടാതിരിക്കുന്നത്. റഷ്യയുടെ പക്കലുള്ള നശീകരണ ശേഷിയുള്ള ഒറ്റ ബോംബു കൊണ്ട് യുക്രെയ്ൻ പ്രസിഡൻ്റ് ഇരിക്കുന്ന കീവിനെ തന്നെ ഇല്ലാതാക്കാമായിരുന്നു. എന്നാൽ, റഷ്യ അത് ചെയ്തിട്ടില്ല. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് തന്നെ യുക്രെയ്ൻ ജനതയ്ക്ക് നാട് വിടാനുള്ള സമയവും റഷ്യ നൽകിയിട്ടുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ റഷ്യ ലക്ഷ്യമിട്ടത് അത്രയും, യുക്രെയ്‌ന്റെ സൈനിക താവളങ്ങളും മറ്റ് തന്ത്ര പ്രധാന സ്ഥലങ്ങളുമാണ്. റഷ്യ വലിയ മാന്യത കാണിച്ചത് കൊണ്ട് മാത്രമാണ് യുദ്ധം ഇത്രയും നീണ്ടിരിക്കുന്നത്. മാധ്യമങ്ങളും മറ്റു രാജ്യങ്ങളും യുദ്ധമാണ് നടക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. അവരുടെ ഭാഷയിൽ യുക്രെയ്നു നേരെ നടക്കുന്നത് കേവലം സൈനിക നടപടി മാത്രമാണ്.
രണ്ടേമുക്കാൽ വർഷം നീണ്ടു നിന്ന ഈ സംഘർഷത്തിനിടയിൽ ഇപ്പോൾ റഷ്യയിൽ നിന്നും പുറത്ത് വരുന്ന മറ്റൊരു വാർത്ത റഷ്യൻ ഭരണകൂടത്തിൻ്റെ മാനുഷിക മുഖം വ്യക്തമാക്കുന്നതാണ്. യുക്രെയ്നിൽ കടന്ന് കയറിയ റഷ്യൻ സൈനികരിൽ രണ്ടു പേർ ഒമ്പതംഗ യുക്രെയ്ൻ കുടുംബത്തെ കൊലപ്പെടുത്തിയതിന് റഷ്യൻ കോടതി വിധിച്ചിരിക്കുന്നത് ജീവപര്യന്തം തടവുശിക്ഷയാണ്. അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും യുദ്ധക്കുറ്റങ്ങൾ ആരോപിച്ച റഷ്യ തന്നെയാണ് സ്വന്തം സൈനികരെ പിടികൂടി ശിക്ഷിച്ചിരിക്കുന്നത്.
Also Read: ഇനി ഖത്തറിന്റെ നിലപാടെന്ത് ..? യുദ്ധത്തിൽ ട്രംപിന്റെ ഇടപെടൽ നിർണായകം
കഴിഞ്ഞ വർഷം ഡൊണെറ്റ്സ്ക് മേഖലയിലെ യുക്രെയ്ൻ പൗരന്മാരുടെ വീട്ടിൽ വെച്ചാണ് റഷ്യൻ സൈനികരായ ആൻ്റൺ സോപോവ്, സ്റ്റാനിസ്ലാവ് റൗ എന്നിവർ ചേർന്ന് കൂട്ടക്കൊല നടത്തിയിരുന്നത്. കൊലപാതകം നടന്ന് ഒരു ദിവസത്തിന് ശേഷം, യുക്രെയ്ൻ്റെ ഓംബുഡ്‌സ്മാനാണ് ഇക്കാര്യം പുറത്ത് വിട്ടിരുന്നത്. ശിക്ഷിക്കപ്പെട്ട റഷ്യൻ സൈനികർ കുറ്റം സമ്മതിച്ചോ എന്നതുപോലുള്ള കേസിൻ്റെ ചില വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. സൈനിക രഹസ്യം കാരണം വിചാരണ അടച്ചിട്ട കോടതി ഹാളിലാണ് നടന്നിരുന്നത് എന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റഷ്യൻ സൈന്യത്തിന് വീട് വിട്ടുനൽകാൻ വിസമ്മതിച്ചതിനാലാണ് അവർ കുടുംബത്തെ കൊലപ്പെടുത്തിയത് എന്ന് തങ്ങൾ വിശ്വസിക്കുന്നു എന്നാണ് യുക്രെയ്ൻ ആരോപിച്ചിരുന്നത്. 2022 ഫെബ്രുവരിയിൽ, യുക്രെയ്‌നിലെ സൈനിക നടപടി തുടങ്ങി ആഴ്‌ചകൾക്ക് ഉള്ളിൽ തന്നെ പ്രധാന യുക്രെയ്ൻ നഗരമായ വോൾനോവാഖ റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു.
യുദ്ധം ആരംഭിച്ച് മൂന്ന് വർഷം പൂർത്തിയാകാറായ ഈ ഘട്ടത്തിൽ യുക്രെയ്‌ൻ്റെ ഏതാണ്ട് പ്രധാന പ്രദേശങ്ങൾ എല്ലാം തന്നെ റഷ്യൻ സൈന്യത്തിൻ്റെ പിടിയിലാണുള്ളത്. അധികം താമസിയാതെ യുക്രെയ്ൻ റഷ്യ പിടിച്ചെടുക്കുമെന്ന അവസ്ഥ വന്നതോടെ സമാധാന ശ്രമങ്ങളുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരും ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്.
വീഡിയോ കാണാം