CMDRF

ഒറ്റയടിക്ക് 2,010 യുക്രൈൻ സൈനികരെ കൊലപ്പെടുത്തി റഷ്യ, അമേരിക്കയും ബ്രിട്ടനും നൽകിയ ടാങ്കുകളും ചാമ്പലായി

ഒറ്റയടിക്ക് 2,010 യുക്രൈൻ സൈനികരെ കൊലപ്പെടുത്തി റഷ്യ, അമേരിക്കയും ബ്രിട്ടനും നൽകിയ ടാങ്കുകളും ചാമ്പലായി
ഒറ്റയടിക്ക് 2,010 യുക്രൈൻ സൈനികരെ കൊലപ്പെടുത്തി റഷ്യ, അമേരിക്കയും ബ്രിട്ടനും നൽകിയ ടാങ്കുകളും ചാമ്പലായി

ഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഒറ്റ ദിവസം 2,010 യുക്രെയ്ൻ സൈനികരെയാണ് റഷ്യൻ സായുധ സേന ഇല്ലാതാക്കിയിരിക്കുന്നത്. പത്ത് ഹിമർസ് റോക്കറ്റുകളും രണ്ട് ഹാമർ ബോംബുകളും 35 യുക്രെയ്നിയൻ ഡ്രോണുകളുമാണ് കഴിഞ്ഞ ദിവസം റഷ്യയുടെ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടിരിക്കുന്നത്. യുക്രെയ്ൻ നാവികസേനയുടെ രണ്ട് ആളില്ലാ ബോട്ടുകളും റഷ്യൻ കരിങ്കടൽ കപ്പൽ തകർത്തിട്ടുണ്ട്. ഇതിനു പുറമെ ഒരു Su-24 ഫ്രണ്ട്‌ലൈൻ ബോംബറും രണ്ട് എംഐ -8 ഉം ഒരു എംഐ -17 ഉം ഉൾപ്പെടെ മൂന്ന് യുക്രെയ്നിയൻ എയർഫോഴ്‌സ് ഹെലികോപ്റ്ററുകളും എയർഫീൽഡുകളിൽ റഷ്യൻ സൈന്യം തരിപ്പണമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ലിയട്ട് ബ്രിഗേഡിൻ്റെ ആക്രമണത്തിൽ യുക്രെയ്നിലെ ആറ് ബ്രിഗേഡുകളെ കീഴ്പ്പെടുത്താനും റഷ്യയുടെ സെൻ്റർ ബാറ്റിൽഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

കുർസ്ക് മേഖലയിലെ റഷ്യൻ സായുധ സേനയ്ക്ക് കീഴടങ്ങി യുക്രെയ്നിയൻ മിലിട്ടറി യൂണിറ്റ്

യുക്രെയ്നിലെ സായുധ സേനയുടെ 22-ാമത്തെ ബ്രിഗേഡിൽ നിന്നുള്ള 24 സൈനികരടങ്ങുന്ന യൂണിറ്റിനെ കീഴ്പ്പെടുത്തി റഷ്യൻ സായുധ സേന.

തന്ത്രപരമായ ആക്രമണത്തിലൂടെയാണ് കുർസ്ക് മേഖലയിലെ കൊമറോവ്ക ഗ്രാമത്തിന് സമീപത്ത് വെച്ച് യുക്രെയ്ൻ സേനയെ കീഴ്പ്പെടുത്തിയതെന്ന് റഷ്യൻ നിയമ നിർവ്വഹണ വക്താവ് അറിയിച്ചിട്ടുണ്ട്. ‘യുക്രെയ്നിലെ സായുധ സേനയുടെ പ്രത്യേക യന്ത്രവൽകൃത ബ്രിഗേഡിലെ ഇരുപത്തിനാല് സൈനികർ കുർസ്ക് ദിശയിലുള്ള കൊമറോവ്ക ഗ്രാമത്തിന് സമീപം വച്ചാണ് റഷ്യൻ സൈന്യത്തിന് കീഴടങ്ങിയത്.

കീഴടങ്ങുന്നതിന് മുൻപായി യുക്രെയ്നിയൻ സൈന്യം FREE_SOLDIER2022 ചാനലിലൂടെ റഷ്യൻ സേനയെ ബന്ധപ്പെടുകയായിരുന്നു. ഓഗസ്റ്റ് 6 നാണ് , യുക്രെയ്നിയൻ സൈന്യം റഷ്യൻ അതിർത്തി കടന്ന് കുർസ്ക് മേഖലയിൽ ആക്രമണം ആരംഭിച്ചത്. സാധാരണ ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് യുക്രെയ്ൻ വലിയ തോതിലുള്ള പ്രകോപനം നടത്തിയതായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ആരോപിച്ചിരുന്നു. ‘രാജ്യത്തിന്റെ തെക്കൻ മേഖലയിലെ യുക്രെയ്ൻ നുഴഞ്ഞുകയറ്റം അസ്ഥിരത പടർത്താനുള്ള ശ്രമത്തിന്റ ഭാഗമാണ്. ഇതിന് തക്കതായ മറുപടി അവർക്ക് ലഭിക്കും, റഷ്യയുടെ അതിർത്തി പ്രദേശങ്ങളിൽ ശത്രുവിന് കൃത്യമായ മറുപടി ലഭിക്കുമെന്നും’പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണത്തെ വലിയ പ്രകോപനം എന്ന് വിശേഷിപ്പിച്ച വ്‌ളാഡിമിർ പുടിൻ ശത്രുക്കളെ പ്രദേശത്ത് നിന്ന് പുറത്തക്കാൻ റഷ്യൻ സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു.

പിടിച്ചു നിൽക്കാൻ മതിയായ ഉപകരണങ്ങളില്ലാതെ യുക്രെയ്ൻ

അതേസമയം, റഷ്യയുമായുള്ള യുദ്ധത്തിൽ ആക്രമണത്തെ മറികടക്കാനുള്ള ശേഷിയും മതിയായ യുദ്ധോപകരണങ്ങളും യുക്രെയ്ന് ഇല്ലെന്നും യുക്രെയ്ൻ കനത്ത നാശനഷ്ടങ്ങൾ നേരിടുകയാണെന്നും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡിഫൻസ് പ്രസി​ദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. യുക്രെയ്നിയൻ സായുധ സേന കനത്ത ആക്രമണത്തിനാണ് ഇരയാകുന്നത്. റഷ്യയുടെ വ്യോമ, കര സൈന്യത്തെ മറികടക്കാൻ മതിയായ കഴിവും, പീരങ്കി, വ്യോമ പ്രതിരോധവും, ദീർഘദൂര സ്‌ട്രൈക്ക് ഇല്ലാത്തതും യുക്രെയ്ന് വൻ തിരിച്ചടിയാണ്. അമേരിക്കയിൽ നിന്ന് ജൂണിൽ യുദ്ധോപകരണങ്ങൾ എത്തിച്ചെങ്കിലും റഷ്യയുടെ പ്രതിദിന പീരങ്കി വെടിവയ്പ്പുകളെ മറികടക്കാനോ, ആറുമാസത്തേക്ക് വലിയ ഒരു പ്രത്യാക്രമണം നടത്താനോ യുക്രെയ്ന്കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുക്രെയ്നിലേക്കുള്ള ആയുധങ്ങൾ വിതരണം ചെയ്യുന്നതിന് എതിരെ 2022 ഏപ്രിലിൽ റഷ്യ എല്ലാ നാറ്റോ രാജ്യങ്ങൾക്കും നയതന്ത്ര കുറിപ്പ് അയച്ചിരുന്നു. യുക്രെയ്നുള്ള ആയുധങ്ങളുമായി എത്തുന്ന ഏതൊരു സംവിധാനവും റഷ്യൻ ആക്രമണത്തിന് ഇരയാകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അമേരിക്ക ഉൾപ്പെടെയുളള പാശ്ചാത്യ ശക്തികളെ പിറകോട്ട് അടിപ്പിച്ചിട്ടുണ്ടെങ്കിലും, അവർ അതിനകം തന്നെ വലിയ രൂപത്തിലുള്ള ആയുധങ്ങൾ യുക്രെയ്ന് നൽകിയിട്ടുണ്ട്. ഈ ആയുധങ്ങളുമായാണ് റഷ്യ ഇപ്പോൾ ഏറ്റുമുട്ടുന്നത്. യുക്രെയ്ൻ സൈന്യം അമേരിക്കൻ – ബ്രിട്ടൺ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയുടെ അതിർത്തി കടന്നതിനാൽ , ആ സൈനികരെ ചക്രവ്യൂഹത്തിലാക്കി കൊലപ്പെടുത്തുന്ന തന്ത്രപരമായ നീക്കമാണ് റഷ്യൻ സേന ഇപ്പോൾ നടത്തുന്നത്.

റഷ്യയുടെ മണ്ണിൽ ഏത് വിദേശ രാജ്യത്തിൻ്റെ അടയാളമുള്ള ആയുധം പതിച്ചാലും, ആ രാജ്യത്തെ ആക്രമിക്കും എന്നതാണ് റഷ്യയുടെ പ്രഖ്യാപിത നിലപാട്. ഇതോടെ അമേരിക്കയും ബ്രിട്ടനും ആണ് ഇപ്പോൾ പ്രതിരോധത്തിൽ ആയിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും അധികം ആണവായുധങ്ങൾ ഉള്ള റഷ്യ ഈ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഏതെങ്കിലും നീക്കം നടത്തുമോ എന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്. ഇതോടെ റഷ്യയിൽ കയറി ആക്രമിക്കാൻ തങ്ങളുടെ ആയുധം ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശം അമേരിക്കയും ഇപ്പോൾ യുക്രെയ്ൻ നൽകിയിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ട് റഷ്യ – അമേരിക്കൻ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭയമാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

യുക്രെയ്ൻ്റെ ആക്രമണം സംഘർഷം അവസാനിപ്പിക്കില്ലെന്ന്

റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ നടത്തുന്ന ആക്രമണം സമാധാനം കൈവരിക്കാൻ സഹായിക്കില്ലെന്നാണ് അമേരിക്കൻ കോൺഗ്രസ് അംഗം പോൾ ഗോസർ അഭിപ്രായപ്പെടുന്നത്. ലക്ഷക്കണക്കിന് സൈനികരുടെ ജീവൻ അപഹരിച്ച യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ൻ നടത്തുന്ന അതിർത്തി കടന്നുള്ള കടന്നു കയറ്റം വിപരീതഫലമുണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. കുർസ്ക് മേഖലയിലെ സൈനിക നടപടിയെക്കുറിച്ച് യുക്രെയ്നുമായി അമേരിക്ക ചർച്ചകൾ തുടരുകയാണെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് ജോൺ കിർബിയും വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്ക നൽകിയ ആയുധങ്ങൾ കുർസ്ക് മേഖലയിൽ യുക്രെയ്ൻ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്ന് അമേരിക്കയുടെ പ്രതിരോധ വകുപ്പും പ്രതികരിച്ചു. അതേസമയം, യുക്രെയ്ൻ സേനയെ കുർസ്ക് മേഖലയിൽ നിന്ന് പുറത്താക്കാൻ റഷ്യ ‘നിർണായക’ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യയിലെ മുൻ അമേരിക്കൻ അംബാസഡർ ജോൺ സള്ളിവൻ പറഞ്ഞു. യുക്രെയ്ൻ സേനയുടെ ഓപ്പറേഷൻ വലിയ പ്രകോപനമാണെന്നും, സിവിലിയന്മാർക്ക് നേരെ വിവേചനരഹിതമായി വെടിയുതിർക്കുന്ന യുക്രെയ്ൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞതിനു പിന്നാലെയാണ് ഈ പ്രതികരണങ്ങളും പുറത്ത് വന്നിരിക്കുന്നത്.. കഴിഞ്ഞയാഴ്ച യുക്രെയ്നിയൻ സൈന്യം അതിർത്തി കടന്ന് റഷ്യയിലേക്ക് എത്തി കുർസ്ക് മേഖലയിൽ ആക്രമണം നടത്തി നിരവധി ഗ്രാമങ്ങൾ പിടിച്ചെടുത്തിരുന്നു. ഈ ആക്രമണത്തിൽ 12 സിവിലിയന്മാർ കൊല്ലപ്പെടുകയും പത്ത് കുട്ടികൾ ഉൾപ്പെടെ 121 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് കുർസ്ക് മേഖല ഗവർണർ അലക്സി സ്മിർനോവ് അറിയിച്ചിട്ടുണ്ട്.

യുക്രെയ്ൻ സേനയെ റഷ്യൻ അതിർത്തിയിൽ കയറാൻ അവസരമൊരിക്കിയത് റഷ്യൻ സൈന്യമാണെന്നും, ഈ കാരണം ചൂണ്ടിക്കാട്ടി മാരകായുധങ്ങൾ പ്രയോഗിക്കാനാണ് റഷ്യയുടെ പദ്ധതിയെന്നുമുള്ള അഭ്യൂഹവും മേഖലയിൽ ശക്തമാണ്. അമേരിക്കയും ഇങ്ങനെ തന്നെയാണ് സംശയിക്കുന്നത്. ഇറാൻ – ഇസ്രയേൽ യുദ്ധം പൊട്ടിപുറപ്പെടുന്ന സമയം നോക്കി, റഷ്യ മാരക ബോബുകൾ പ്രയോഗിച്ചാൽ, പിന്നെ ഇസ്രയേലിനെ സംരക്ഷിക്കാൻ ഇറങ്ങിയ അമേരിയ്ക്ക് അതിന് കഴിയാതെ വരും.

ഗാസ യുദ്ധം ‘2025 വരെ നീണ്ടുനിൽക്കും’; ഇസ്രായേലിൻ്റെ ക്രെഡിറ്റ് റേറ്റിംഗ് വെട്ടിക്കുറച്ച് ഫിച്ച്

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം 2025 വരെ നീണ്ടുനിൽക്കുമെന്നും അവ ഇസ്രയേലിൻറെ സാമ്പത്തിക പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നുമുള്ള വിലയിരുത്തലും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. യുഎസ് ക്രെഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച്. ഇസ്രയേലിൻറെ റേറ്റിങ് ‘A+’-ൽ നിന്ന് ‘A’ ആയി താഴ്ത്തിയിട്ടുണ്ട്. മനുഷ്യരെ നഷ്‌ടപ്പെടുന്നതിന് പുറമേ, യുദ്ധം അധിക സൈനിക ചെലവുകൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്കും കാരണമാകുമെന്നും ഫിച്ച് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രവർത്തനങ്ങളിലും നിക്ഷേപങ്ങളിലും കൂടുതൽ തകർച്ച ഉണ്ടാകുമെന്നും, ഇത് ഇസ്രയേലിൻറെ ക്രെഡിറ്റ് മെട്രിക്സിനെ തകർച്ചയിലേക്ക് തള്ളിവിടുമെന്നുമാണ് ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ വർഷം ഇസ്രയേൽ ബജറ്റ് കമ്മി പ്രഖ്യാപിച്ചത് രാജ്യത്തിൻറെ പൊതു ധനകാര്യത്തെ കാര്യമായി ബാധിച്ചിരുന്നു. അടുത്ത വർഷവും തുടരുന്ന സംഘർഷം സൈന്യത്തിനായുള്ള ഉയർന്ന ചെലവ് തുടരാൻ ഇസ്രയേലിനെ പ്രേരിപ്പിക്കും. അതിർത്തി പ്രദേശങ്ങളിലെ വിനോദസഞ്ചാരം, നിർമാണം, ഉത്പാദനം എന്നിവയിൽ കൂടുതൽ തടസമുണ്ടാകും. ലെബനനിലെ ഹിസ്ബുള്ളയുമായി ഇസ്രയേൽ ദിവസേന അതിർത്തി കടന്നുള്ള ആക്രമണം നടത്തുന്നതിനാൽ വടക്കൻ അതിർത്തി മേഖലയിൽ നിന്ന് ഇസ്രയേലികൾ വ്യാപകമായി ഒഴിയുന്നുണ്ട്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.

ഹമാസിൻറെ രാഷ്‌ട്രീയ നേതാവിനെ ടെഹ്‌റാനിലും ഹിസ്ബുള്ള കമാൻഡറെ ബെയ്‌റൂട്ടിലും വെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനും ഹിസ്ബുള്ളയും ഏത് സമയവും ഇസ്രയേലിനെ ആക്രമിക്കാം എന്നതാണ് നിലവിലെ അവസ്ഥ. മിഡിൽ ഈസ്‌റ്റിനെ വ്യാപകമായി ബാധിച്ചേക്കാവുന്ന ഒരു യുദ്ധമായി ഇത് മാറുമോ എന്ന ആശങ്കയും ലോക രാജ്യങ്ങൾക്ക് മുമ്പിലുണ്ട്. ഇറാനെ റഷ്യയും ചൈനയും സഹായിക്കുന്ന സാഹചര്യം വന്നാൽ, മൂന്നാം ലോക യുദ്ധത്തിലാണ് അത് കലാശിക്കുക. ഈ പേടി ശരിക്കും അമേരിക്കയ്ക്കും യൂറോപ്യൻ സഖ്യകക്ഷികൾക്കും ഉള്ളതു കൊണ്ടാണ് അവർ ഇറാനോട് ആക്രമണം ഉണ്ടാകരുതെന്ന് നിരന്തരം അഭ്യർത്ഥിക്കുന്നത്.

ഗാസയിലെ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കാൻ, അന്താരാഷ്‌ട്ര മധ്യസ്ഥർ ഇസ്രയേലിനെയും ഹമാസിനെയും വീണ്ടും ക്ഷണിച്ചപ്പോൾ, ആദ്യം തന്നെ ഈ ക്ഷണം സ്വീകരിച്ചത് ഇസ്രയേലാണ് എന്നതും ശ്രദ്ധേയമാണ്. എന്നാൽ, കൂടുതൽ ചർച്ചകൾക്ക് പകരം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ നേരത്തെ അവതരിപ്പിച്ച ഉടമ്പടി ആദ്യം നടപ്പാക്കാനാണ്, ഹമാസ് നേതൃത്വം മധ്യസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാൻ്റെ പ്രതികാരത്തെ തണുപ്പിക്കാനാണ് ഇസ്രയേൽ ശ്രമം നടത്തുന്നതെങ്കിൽ, അതെന്തായാലും നടക്കില്ലെന്ന കാര്യവും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് മേധാവിയെ ഇറാനിൽ വെച്ച് കൊലപ്പെടുത്തിയതിന് എതിരെയാണ് ഇറാൻ പ്രതികാരം പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുടെ ഭാഗത്ത് നിന്നും ഒരു ‘ഗ്രീൻ’ ന്നിഗ്നൽ ലഭിച്ചാൽ ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ തന്നെയാണ് സാധ്യത. ഇസ്രയേലിനെ സഹായിക്കാൻ തമ്പടിച്ച അമേരിക്കൻ പടക്കപ്പലുകളെ ആക്രമിക്കാൻ റഷ്യൻ നിർമ്മിത ആയുധങ്ങൾ ഇറാൻ സൈന്യവും, ഹൂതികൾ ഉൾപ്പെടെയുള്ള ചാവേറുകളും ഉപയോഗിക്കുമെന്ന ആശങ്കയും മേഖലയിൽ ശക്തമാണ്.

STAFF REPORTER

Top