മോസ്‌കോ: യുക്രെയിന്‍ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രെയിന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക നീക്കിയതിന് പിന്നാലെ അമേരിക്കന്‍ നിര്‍മ്മിത എടിഎസിഎംഎസ് മിസൈല്‍ ആക്രമണം നടന്നത്. റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയിലേക്ക് മിസൈലുകള്‍ യുക്രെയിന്‍ തൊടുത്തുവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read:ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് വാങ് യി
റഷ്യയിലേക്ക് ദീര്‍ഘദൂര അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ബൈഡന്‍ ഭരണകൂടം കൈവിന് പച്ചക്കൊടി നല്‍കിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നത്. റിപ്പോര്‍ട്ടിനോട് കിവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയ്ക്കകത്തെ സൈനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമിട്ടുള്ള ആക്രമണം നടത്താന്‍ യുക്രെയിന്‍ ആദ്യമായാണ് ദീര്‍ഘദൂര അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 3:25 ന് ബ്രയാന്‍സ്‌കിലെ ഒരു കേന്ദ്രത്തിലേക്ക് യുക്രെയിന്‍ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായാണ് മന്ത്രാലയം അറിയിക്കുന്നത്. അഞ്ച് മിസൈലുകള്‍ ആക്രമിച്ചു തകര്‍ത്തു. മറ്റൊന്ന് തകര്‍ന്നുവീണു. തകര്‍ന്ന മിസൈലിന്റെ ഭാഗങ്ങള്‍ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ച് തീപിടിത്തത്തിന് കാരണമായി. അത് അണച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ വ്യോമ പ്രതിരോധ സേന അറിയിച്ചു.