ചൈനയെ മറികടന്ന് മഞ്ഞുമൂടിയ പ്രദേശങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനായുള്ള റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ സ്വന്തമാക്കി ഇന്ത്യ. റഷ്യയുടെ നോർത്തേൺ സീ റൂട്ട് (എൻഎസ്ആർ) വികസന പദ്ധതിയുടെ ഭാഗമായാകും നാല് ഐസ്ബ്രേക്കർ കപ്പൽ നിർമിക്കുക. റഷ്യയ്‌ക്കായി നാല് ആണവേതര ഐസ് ബ്രേക്കർ കപ്പലുകൾ നിർമ്മിക്കാനുള്ള 6,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
2030 മുതൽ പ്രതിവർഷം കുറഞ്ഞത് 150 ദശലക്ഷം ടൺ അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി, മറ്റ് ചരക്കുകൾ എന്നിവ വടക്കൻ കടൽ റൂട്ട് വഴി വഹിക്കാൻ സാധിക്കുമെന്നാണ് റഷ്യൻ സർക്കാരിന്റെ വിലയിരുത്തൽ. 50-ലേറെ ഐസ്ബ്രേക്കറുകളും ഐസ് ക്ലാസ് കപ്പലുകളും നിർമിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.
Also Read: ലെബനനിൽ മൂന്നാഴ്ചയ്ക്കിടെ പലായനം ചെയ്തത് 4 ലക്ഷം കുട്ടികൾ
ഇന്ത്യയുടെ മാരിടൈം എഞ്ചിനീയറിംഗ് വൈദഗ്ധ്യം ലോകരാജ്യങ്ങൾ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണിത്. ആർട്ടിക് പ്രദേശത്താണ് ഐസ്ബ്രേക്കർ കപ്പലുകളുടെ ആവശ്യകതയുള്ളത്. വെള്ളത്തിലെ പ്രതിസന്ധികളെയും ദുരന്തങ്ങളെയും പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന
ഐസ്ബ്രേക്കറുകൾ ഇന്തോ-പസഫിക് മേഖലയിൽ സാന്നിധ്യം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും ഊർജ്ജം പകരുന്നവയാണ്. വടക്കൻ യൂറോപ്പിനും കിഴക്കൻ ഏഷ്യയ്‌ക്കും ഇടയിൽ പരമ്പരാഗത സൂയസ് കനാൽ റൂട്ടിനേക്കാൾ വേഗത്തിലുള്ള ഗതാഗതം നോർത്തേൺ സീ റൂട്ട് വഴി സാധിക്കും.