CMDRF

യൂട്യൂബിനെതിരെ റഷ്യ; റഷ്യന്‍ ചാനലുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യം

യൂട്യൂബിനെതിരെ റഷ്യ; റഷ്യന്‍ ചാനലുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യം
യൂട്യൂബിനെതിരെ റഷ്യ; റഷ്യന്‍ ചാനലുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യം

മോസ്കോ: യൂട്യൂബിനുമേൽ കടന്നാക്രമണവുമായി റഷ്യന്‍ ഭരണകൂടം. റഷ്യന്‍ ചാനലുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് റഷ്യന്‍ ഭൂപരിധിയില്‍ യൂട്യൂബിന്റെ വേഗം ഗണ്യമായി വെട്ടിക്കുറച്ചാണ് രാജ്യം കമ്പനിക്കുമേൽ സമ്മർദ്ദം ചെലുത്തിയിരിക്കുന്നത്. യൂട്യൂബിന്റെ സ്ട്രീമിങ് വേഗം നിലവില്‍ 40 ശതമാനത്തോളവും ഈ ആഴ്ച 70 ശതമാനത്തോളവും കുറയ്ക്കാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് യൂട്യൂബ് വീഡിയോകള്‍ പ്ലേ ചെയ്യുന്നതില്‍ പ്രയാസം നേരിടും.

ഇത് അനിവാര്യമായ നടപടിയാണെന്നും യൂട്യൂബിനെതിരായ നടപടി റഷ്യന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ വേണ്ടിയല്ലെന്നും യൂട്യൂബ് അധികൃതരെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും റഷ്യന്‍ സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി മേധാവി അലക്‌സാണ്ടര്‍ ഖിന്‍സ്റ്റീന്‍ പറഞ്ഞു. യൂട്യൂബ് വേഗം വെട്ടിക്കുറച്ചത് റഷ്യന്‍ നിയമങ്ങള്‍ക്ക് വിധേയരാവാന്‍ യൂട്യൂബില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള റഷ്യയുടെ നയതന്ത്ര നടപടികളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ യൂട്യൂബിനെ ശക്തമായി വിമര്‍ശിച്ച ഖിന്‍സ്റ്റീന്‍ കമ്പനി നിലപാട് മാറ്റിയില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളും റഷ്യന്‍ ഭരണകൂടവും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് യൂട്യൂബിനെതിരായ നീക്കം. റഷ്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിരായതും റഷ്യയില്‍ നിയമവിരുദ്ധമായതുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന ഭരണകൂടത്തിന്റെ ഉത്തരവ് നിരാകരിച്ചതിന് ഗൂഗിളിന് റഷ്യ പലതവണ പിഴ ചുമത്തിയിരുന്നു.

യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ യൂട്യൂബ് വിലക്കേര്‍പ്പെടുത്തിയ 200 സര്‍ക്കാര്‍ അനുകൂല യൂട്യൂബ് ചാനലുകള്‍ പുനസ്ഥാപിക്കാന്‍ അടുത്തിടെ റഷ്യ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടി ബ്രോഡ്കാസ്റ്റര്‍, മാധ്യമസ്ഥാപനമായ ആര്‍ബിസി എന്നിവയുടെ ചാനലുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്.

Top