ഡല്‍ഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുളള അമേരിക്കന്‍ പ്രസ്താവന തിരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ്. കെജ്രിവാളിന്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ വിദേശങ്ങളില്‍ ചര്‍ച്ചയാകുമ്പോഴാണ് റഷ്യ മോദി സര്‍ക്കാരിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത്.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ നേരത്തെ അമേരിക്ക. യുകെ തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിയമസംവിധാനത്തെക്കുറിച്ച് മനസ്സിലാക്കി വേണം പ്രതികരണം എന്ന് വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു. ഇതിനിടെയാണ് അമേരിക്കയിലെ മതസ്വാതന്ത്യ കമ്മീഷന്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നു എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അമേരിക്കന്‍ ഭരണകൂടം ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് ഇന്ത്യയെക്കുറിച്ച് അറിവില്ലാതെയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് അമേരിക്കയുടെ നീക്കം എന്നാണ് റഷ്യ ആരോപിക്കുന്നത്
അമേരിക്ക, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമങ്ങളിലും മോദി സര്‍ക്കാരിനെതിരായ റിപ്പോര്‍ട്ടുകള്‍ നിരന്തരം വരികയാണ്. വിദേശത്ത് സര്‍ക്കാരിനെതിരെ കാണുന്ന വികാരം ബിജെപി തളളിക്കളയുന്നതിനിടെയാണ് റഷ്യയുടെ പിന്തുണ കേന്ദ്രത്തിന് നേട്ടമാകുന്നത്. വ്‌ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധമാണ് മോദിക്കുള്ളത്. റഷ്യ യുക്രെയിന്‍ സംഘര്‍ഷത്തിലും ഇന്ത്യ പുടിന്റെ കൂടെ നിന്നിരുന്നു. 2019ല്‍ തെരഞ്ഞെടുപ്പ് കാലത്ത് റഷ്യയും യുഎഇയും മോദിക്ക് പരമോന്നത പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ച് പരോക്ഷ സഹായം നല്കുകയും ചെയ്തു.