റഷ്യ -യുക്രെയ്ൻ സന്ദർശനം: മോദിയുടെ ‘തന്ത്ര’പ്രധാന നയങ്ങളുടെ പിന്നിലെന്ത്?

റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെ സന്ദർശിച്ചതിന് പിന്നാലെ യുക്രയ്ൻ സന്ദർശനവും പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

റഷ്യ -യുക്രെയ്ൻ സന്ദർശനം: മോദിയുടെ ‘തന്ത്ര’പ്രധാന നയങ്ങളുടെ പിന്നിലെന്ത്?
റഷ്യ -യുക്രെയ്ൻ സന്ദർശനം: മോദിയുടെ ‘തന്ത്ര’പ്രധാന നയങ്ങളുടെ പിന്നിലെന്ത്?

ഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെ സന്ദർശിച്ചതിന് പിന്നാലെ യുക്രയ്ൻ സന്ദർശനവും പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷമുള്ള ഇന്ത്യയുടെ നീക്കങ്ങൾ അതീവ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങൾ നോക്കികാണുന്നത്. മോദിയുടെ റഷ്യ സന്ദർശനം പാശ്ചാത്യലോകത്തുണ്ടാക്കിയ കടുത്ത അമർഷം ഇതിനുദാഹരണമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുമായി മറ്റു പല വേദികളും മോദി പങ്കിട്ടിരുന്നെങ്കിലും രാജ്യങ്ങളിൽ നേരിട്ടുള്ള സന്ദർശനം വരുമ്പോൾ സാഹചര്യം അതല്ല.

യുക്രെയ്ൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ സന്ദർശനം നടത്തുന്നത്. മോദിയുടെ റഷ്യ സന്ദർശനം യുക്രെയ്‌നിലുണ്ടാക്കിയ വിമർശനത്തിന് ബദലായുള്ള സന്ദർശനം എന്ന് പറഞ്ഞാലും തെറ്റില്ല. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്‌കോയിൽ ആലിംഗനം ചെയ്യുന്നത് കാണുന്നതിൽ നിരാശയുണ്ടെന്നായിരുന്നു യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാഡിമിർ സെലെൻസ്‌കിയുടെ പ്രതികരണം. അപ്പോൾ പിന്നെ സെലൻസ്‌കിയെയും മറ്റ് പാശ്ചാത്യ നേതാക്കളെയും സമാധാനിപ്പിക്കാനാണോ മോദിയുടെ ഈ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്?

Narendra Modi meets Zelensky

പരസ്പരം പോരടിക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇന്ത്യ സന്തുലിതമാക്കാൻ ശ്രമിക്കുന്നതിൽ അതിശയിക്കാനില്ല. ദശാബ്ദങ്ങളായി തുടരുന്ന ഭൗമരാഷ്ട്രീയത്തോടുള്ള ഇന്ത്യയുടെ ചേരിചേരാ സമീപനത്തിൽ മാറ്റം വരുത്താനാണ് താൻ ശ്രമിക്കുന്നതെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഒട്ടേറെ ‘ആദ്യ’ സംഭവങ്ങൾ മോദിയുടെ ഈ നയത്തിന്റെ ഭാഗമാണ്. റഷ്യയുമായി ശക്തമായ ബന്ധം തുടരുമെങ്കിലും പാശ്ചാത്യരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നതിന്റെ സൂചനയാണ് 45 വർഷത്തെ ഇടവേളയ്ക്കു ശേഷം പോളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ മോദി ഊട്ടിയുറപ്പിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്കു സുപ്രധാനവും ക്രിയാത്മകവുമായ പങ്കുവഹിക്കാനാകുമെന്നു പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കും അഭിപ്രായപ്പെടുകയുണ്ടായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌നിലേക്കു പോകുന്നതിനു തൊട്ടുമുൻപായിരുന്നു ടസ്‌കിന്റെ ഈ പ്രതികരണം.

ഇന്ത്യ പോളണ്ട് ബന്ധത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായാണ് മോദി വാഴ്സയിലെത്തിയത്. മൊറാർജി ദേശായിയാണ് ഇതിനു മുൻപ് പോളണ്ടിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി. 1979 ലായിരുന്നു ഈ സന്ദർശനം. പിന്നീട് 45 വർഷം എല്ലാ പ്രധാനമന്ത്രിമാരും ഈ യൂറോപ്യൻ രാജ്യവുമായി ‘അകലം’ പാലിച്ചു. എന്തായിരുന്നു അതിന്റെ കാരണമെന്നത് ഇന്നും അവ്യക്തമായി തുടരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ രമ്യതയ്ക്കു ശ്രമിച്ചതായി അവകാശപ്പെടുന്ന രാജ്യങ്ങൾ നേരത്തേ നടത്തിയ ശ്രമങ്ങൾ മിക്കതും ഏകപക്ഷീയമായതോടെ യുദ്ധത്തിന്റെ കാര്യത്തിൽ റഷ്യയെ നേരിട്ട് വിമർശിക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

Narendra Modi with Vladimir Putin

ഉദാഹരണത്തിന് രണ്ട് മാസം മുൻപ് സ്വിറ്റ്‌സർലൻഡ് മുൻകൈയ്യെടുത്ത ശ്രമം റഷ്യ ബഹിഷ്‌കരിച്ചിരുന്നു. ഇരുരാജ്യങ്ങളും ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് മാറിനിന്നു പറയുന്ന നിലപാടിൽനിന്നു ചെറിയൊരു മാറ്റംവരുത്തി, പ്രശ്‌നപരിഹാര സാധ്യതകൾ ഇരുവരോടും ആരായുന്ന നിലപാടിലേക്ക് ഇന്ത്യ നീങ്ങുകയാണെന്നും സൂചനയുണ്ട്. എന്നാൽ അവിടെയും മധ്യസ്ഥതയ്ക്ക് ശ്രമിക്കാനുള്ള സാധ്യതയില്ല. കാരണം ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം നിലനിർത്തേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണ്. രമ്യതയ്ക്കു സാധ്യതയുണ്ടെങ്കിൽ അക്കാര്യം വൻശക്തികളുമായി ചർച്ച ചെയ്യാനാവും ഇന്ത്യയുടെ ശ്രമം.

ഇന്ത്യയുടെ സൈനികായുധങ്ങളുടെ 60 ശതമാനത്തിലധികം ഇപ്പോഴും റഷ്യൻ നിർമിതമോ റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ചതോ ആണ്. അവയുടെ തുടർന്നുള്ള അറ്റകുറ്റപ്പണിക്കും യന്ത്രഭാഗങ്ങൾക്കും മറ്റും റഷ്യയെ ആശ്രയിച്ചേ തീരൂ. വിലക്കുറവ് മുതലെടുത്ത് ഇന്ത്യയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു – കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണക്കാരൻ റഷ്യയായിരുന്നു. യുക്രെയ്‌നുമായും ഇന്ത്യയ്ക്ക് നല്ല ബന്ധം പുലർത്തിയേ തീരൂ. പഴയ സോവിയറ്റ് നിർമിത ആയുധങ്ങളിൽ നല്ലൊരു ഭാഗം അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്‌നിൽ നിർമിച്ചവയാണ്. ഉദാഹരണത്തിന് സിയാച്ചിനിലേക്കും മറ്റും സൈനിക സാമഗ്രികൾ എത്തിച്ചുകൊടുക്കാൻ ആവശ്യമായ അന്റോണോവ്32 വിമാനങ്ങൾ യുക്രെയ്‌നിൽ അസംബിൾ ചെയ്തവയാണ്. അവയിൽ 40 എണ്ണം യുക്രെയ്‌നിൽ നവീകരിക്കാനും 65 എണ്ണം യുക്രെയ്ൻ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ഇന്ത്യയിൽ നവീകരിക്കാനും കരാർ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണു യുദ്ധം ആരംഭിച്ചത്.

മിക്ക ഇന്ത്യൻ യുദ്ധക്കപ്പലുകളിലുമുള്ള ടർബൈൻ, യുക്രെയ്ൻ നിർമിതമാണ്. ഇതിന്റെ യുക്രെയ്‌നിലെ ഒരു പ്ലാന്റ് പലതവണ റഷ്യൻ മിസൈലാക്രമണം നേരിടുകയും ചെയ്തു. എന്നാൽ വരും കാലങ്ങളിൽ ഭൗമരാഷ്ട്രീയത്തിൽ മധ്യ യൂറോപ്യൻ രാജ്യങ്ങൾ വലിയ പങ്ക് വഹിക്കുമെന്നും അവരുമായുള്ള അടുപ്പം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസും സഖ്യകക്ഷികളും യുദ്ധത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ ഇന്ത്യയോട് പലപ്പോഴും അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും കടുത്ത ഉപരോധമോ സമ്മർദ്ദമോ പ്രയോഗിക്കുന്നതിൽ ഇന്ത്യ വിട്ടുനിൽക്കുകയാണ്. ഇന്ത്യ-ചൈന വിഷയത്തിലും ഇരു കൂട്ടരെയും പിണക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നില്ല. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ,അതി വേഗം വളരുന്ന വിപണി കൂടിയാണ്. എതിരാളികളായിരുന്ന ചൈനയും റഷ്യയും അടുത്ത കാലത്തായി ബന്ധം പുനഃ സ്ഥാപിച്ചത് ഇന്ത്യയെ ഗുണകരമായി ബാധിക്കാനാണ് സാധ്യത. ഇന്ത്യയ്ക്കും പശ്ചിമേഷ്യ ആവശ്യമാണ്. ചൈനയിൽ സമ്മർദ്ദം ചെലുത്താൻ കഴിയുന്ന ശക്തിയായാണ് റഷ്യയെ ഇന്ത്യ പണ്ടുമുതൽക്കേ കാണുന്നത്.

Also read: കൈകൂപ്പി അഭിവാദ്യം ചെയ്ത് മോദി; വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഇതിനിടെ റഷ്യയുമായും പാശ്ചാത്യരാജ്യങ്ങളുമായും ഇന്ത്യയുടെ അടുത്ത ബന്ധം കണക്കിലെടുത്ത് മോദിയുടെ മധ്യസ്ഥ സാധ്യത പല മാധ്യമ നിരൂപകരും സംസാരിക്കുന്നുണ്ടെകിലും അത്തരം ഒരു സാധ്യത നിലവിലില്ല. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നിൽ പുടിനെ വിമർശിച്ച സെലെൻസ്‌കിക്ക് മുഖംതിരിക്കാൻ കഴിയില്ല എന്നതും വസ്തുതയാണ്. ചേരിചേരാ നയം പുനഃസ്ഥാപിക്കുന്നതിനുമപ്പുറം, ഇന്ത്യയ്ക്ക് വലിയ ലക്ഷ്യങ്ങളുമുണ്ട്. കഴിഞ്ഞ ദശകത്തിൽ യൂറോപ്പുമായി, പ്രത്യേകിച്ച് മധ്യ, കിഴക്കൻ യൂറോപ്പിലെ താഴ്ന്ന പ്രദേശങ്ങളുമായി ഇന്ത്യ ബന്ധം പുലർത്തുന്നുണ്ട്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കാനും ആഗ്രഹിക്കുന്നുണ്ട്. യൂറോപ്പുമായുള്ള വ്യാപാര കരാർ ചർച്ചകൾ ഇന്ത്യൻ സർക്കാർ പുനരുജ്ജീവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഐസ്ലാൻഡ്, ലിച്ചെൻസ്‌റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവയുടെ ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനായ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായി ഇന്ത്യ ഒരു വ്യാപാര നിക്ഷേപ കരാറിൽ ഒപ്പുവക്കുകയുണ്ടായി, യുദ്ധത്തിനുമപ്പുറം മധ്യ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനാണു ഈ സന്ദർശനം കൂടുതൽ ലക്ഷ്യമിടുന്നത് എന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

REPORT: MINNU WILSON

Top