ആര്‍ട്ടിക്ക് സമുദ്രത്തിലെ ‘ദ്വീപുകളെ’ കാണാനില്ല!!

ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ 2035 ഓടെ അപ്രത്യക്ഷമാകുമെന്ന് നേരത്തെയും മുന്നറിയിപ്പ് ലഭിച്ചിരുന്നു

ആര്‍ട്ടിക്ക് സമുദ്രത്തിലെ ‘ദ്വീപുകളെ’ കാണാനില്ല!!
ആര്‍ട്ടിക്ക് സമുദ്രത്തിലെ ‘ദ്വീപുകളെ’ കാണാനില്ല!!

ർട്ടിക് സമുദ്രത്തിലെ ഒരു റഷ്യൻ ദ്വീപസമൂഹമാണ് ഫ്രാൻസ് ജോസഫ് ലാൻഡ്.1865-ലാണ് നോർവീജിയൻ നാവികരായ നിൽസ് ഫ്രെഡ്രിക്ക് റോൺബെക്കും ജോഹാൻ പീറ്റർ ഐഡിജാർവിയും ചേർന്ന് ഈ ദ്വീപസമൂഹം ആദ്യമായി കണ്ടെത്തുന്നത് , ഈ കണ്ടെത്തൽ റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിലും, ജൂലിയസ് വോൺ പേയർ , കാൾ വെയ്പ്രെക്റ്റ് എന്നിവരുടെ നേതൃത്വത്തിൽ 1873-ൽ നടത്തിയ ഓസ്‌ട്രോ-ഹംഗേറിയൻ ഉത്തരധ്രുവ പര്യവേഷണത്തിലാണ് ആദ്യമായി ഈ ദ്വീപ സമൂഹങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്തിന് ഫ്രാൻസ് ജോസഫ് ഒന്നാമൻ ചക്രവർത്തിയുടെ പേരാണ് നൽകിയിരിക്കുന്നത്.

ഇവിടത്തെ 85% പ്രദേശവും ഹിമാനികളാൽ നിറഞ്ഞിരിക്കുന്നു. മാറുന്ന കാലാവസ്ഥയിൽ ഫ്രാൻസ് ജോസഫ് ലാൻഡ് നേരിടുന്നത് ഗുരുതര വെല്ലുവിളികളാണ്. ജനവാസമില്ലാത്ത ഈ ദ്വീപസമൂഹത്തിന് സമീപമുള്ള ഒരു വലിയ ഹിമാനി, പൂർണ്ണമായും അപ്രത്യക്ഷമായതാണ് റഷ്യൻ ജിയോഗ്രാഫിക്കൽ സൊസൈറ്റി ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഗോളതാപനമാണ് ഇതിന് കാരണമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

Russian Arctic & Franz Josef Land

പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്ത യുവ സന്നദ്ധപ്രവർത്തകർ നടത്തിയ നിരീക്ഷണങ്ങളെ ഉദ്ധരിച്ച് ജിയോഗ്രാഫിക്കൽ സൊസൈറ്റി ഒരു ലേഖനം പുറത്തിറക്കിയിരുന്നു. ”ആർട്ടിക്ക് മഹാസമുദ്രത്തിലെ ഫ്രാൻസ് ജോസഫ് ലാൻഡ് ദ്വീപസമൂഹത്തിലെ ഇവാ-ലിവ് ദ്വീപിന് സമീപം, ‘മെസ്യാറ്റ്‌സെവ് ദ്വീപ്’ എന്ന് അറിയപ്പെട്ടിരുന്ന ഒരു വലിയ ഹിമാനി അപ്രത്യക്ഷമായി”എന്നാണ് റഷ്യൻ ജിയോഗ്രാഫിക്കൽ സൊസൈറ്റി ഗ്രൂപ്പിൻ്റെ തലവൻ അലക്‌സി കുചെയ്‌ക്കോ ഇതിൽ പറഞ്ഞിരിക്കുന്നത്.

Also Read: വിവാഹിതനല്ലെങ്കിൽ ജോലി ഇല്ല; തൊഴിലിടത്തെ പ്രണയബന്ധങ്ങൾക്ക് വിലക്ക്

1995-ഓടെയാണ് ഈവ ലിവ് ദ്വീപിലെ മഞ്ഞുപാളിയിൽ നിന്ന് വേർപെട്ട് ‘മെസ്യാറ്റ്‌സെവ് ദ്വീപ്’ രൂപപ്പെടുന്നത്. 2015 ആഗസ്ത് വരെ ഏകദേശം 53 ഹെക്‌ടർ (0.2 ചതുരശ്ര മൈൽ) ഉണ്ടായിരുന്നെങ്കിൽ ഈ വർഷം ആദ്യത്തോടെ ദ്വീപ് 3 ഹെക്ടറായി ചുരുങ്ങിയതായി സൊസൈറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സെപ്റ്റംബറിലെ ഉപഗ്രഹ ചിത്രങ്ങൾ ഗവേഷകർ വിശകലനം ചെയ്തതോടെയാണ് ദ്വീപിന്റെ അവശിഷ്ടം പോലും അവിടെ നിന്ന് മറഞ്ഞതായി കണ്ടെത്തിയത്. നിഗമനം സ്ഥിരീകരിക്കുന്നതിന് പ്രദേശത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും ലേഖനത്തിൽ പറയുന്നു. ആഗോളതാപനം മൂലം ആർട്ടിക് മേഖലയിലെ സമുദ്രനിരപ്പ് ഉയരുന്നതും, ഹിമ പാളികളുടെ തകർച്ചയും ഏറെ ഗൗരവത്തോടെയാണ് ഗവേഷകർ നിരീക്ഷിക്കുന്നത്.

Franz Josef Land map and satellite image

എന്നാൽ, നിലവിലെ കാലാവസ്ഥാ വ്യതിയാനം ഈ നിലയിൽ തുടരുകയാണെങ്കിൽ റഷ്യയുടെ ജിഡിപി “ഓരോ പത്ത് വർഷത്തിലും ഏകദേശം 0.6 ട്രില്യൺ റൂബിൾസ് (6.5 ബില്യൺ ഡോളർ)” വളരുമെന്നാണ് ഈ വർഷം ആദ്യം പുറത്തിറക്കിയ റഷ്യൻ അക്കാദമി ഓഫ് സയൻസസിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഫോർകാസ്റ്റിംഗ് റിപ്പോർട്ടിൽ പറയുന്നത്. ഓരോ പത്ത് വർഷത്തിലും റഷ്യയിലെ ശരാശരി താപനില 0.5 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുന്നതായാണ് ഗവേഷകർ വിലയിരുത്തുന്നത്. പ്രത്യേകിച്ച് കാർഷിക മേഖലയ്ക്കും വനമേഖലയ്ക്കും ശരാശരി താപനില ഉയരുന്നത് പ്രയോജനം ചെയ്യും. കൂടാതെ, ആഗോളതാപനം ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ വിദൂര കിഴക്കൻ സാമ്പത്തിക ശക്തികേന്ദ്രങ്ങളുമായി യൂറോപ്പിനെ ബന്ധിപ്പിക്കുന്ന റഷ്യൻ ആർട്ടിക് തീരത്ത് ഒഴുകുന്ന നോർത്തേൺ സീ റൂട്ടിൻ്റെ (എൻഎസ്ആർ) വികസനത്തെയും പ്രോത്സാഹിപ്പിക്കും.

Also Read: മാരകവിഷാംശമുള്ള പതകള്‍ നിറഞ്ഞ് യമുന: വരാനിരിക്കുന്നത് വന്‍ ദുരന്തം

ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ 2035 ഓടെ അപ്രത്യക്ഷമാകുമെന്ന് നേരത്തെയും മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇവയെല്ലാം ലോകത്തിലെ പാരിസ്ഥിതിക മാറ്റത്തിന്റെ ഏറ്റവും കടുത്തഭാവങ്ങളാണ് പ്രകടമാക്കുന്നത്. അടുത്ത പതിനഞ്ചു വർഷങ്ങൾക്കുള്ളിലാണ് ലോകത്തെ പിടിച്ചു കുലുക്കുന്ന വിധത്തിൽ മഞ്ഞുപാളികൾ ആർട്ടിക് സമുദ്രത്തിൽ നിന്നും ഇല്ലാതാകുമെന്ന ഭയാനകമായ മുന്നറിയിപ്പ് ശാസ്ത്രലോകം നൽകുന്നത്. ഇത് വലിയതോതിൽ കടൽനിരപ്പ് വർധിക്കാൻ കാരണമാകും. ഇനിയും ഇത്തരം ചെറു ദ്വീപുകളും ഹിമാനികളും അലിഞ്ഞില്ലാതാകുന്ന നാളുകൾ ദൂരവ്യാപകമല്ല എന്ന് സാരം.

Top