റഷ്യ- യുക്രെയ്ൻ യുദ്ധം റഷ്യയിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. റഷ്യയിലെ യുവാക്കൾ കൂട്ട പലായനം നടത്തിയതുൾപ്പെടെ റഷ്യയുടെ ജനസംഖ്യയെ തന്നെ കാര്യമായി ബാധിച്ചു. യുക്രെയ്നുമായുള്ള യുദ്ധത്തിൽ ഒരു ദശലക്ഷത്തിലധികം ചെറുപ്പക്കാരായ റഷ്യൻ പൗരന്മാരാണ് രാജ്യം വിട്ടത്. കൂടാതെ, ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള പ്രധാന കാരണമായി മാറിയെന്നും റിപ്പോർട്ടുകളുണ്ട്. 1999 ന് ശേഷം ഏറ്റവും താഴ്ന്ന ജനന നിരക്കാണ് റഷ്യയിൽ നിലവിലുള്ളത്. ജൂണിൽ 100,000 ൽ താഴെ ജനനങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. റഷ്യയുടെ ഗവൺമെൻ്റ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ റോസ്സ്റ്റാറ്റ് പറയുന്നതനുസരിച്ച്, രാജ്യത്ത് ജനനനിരക്കിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്.
Also Read: ‘തകര്‍പ്പന്‍ പ്രതികരണം’; ഇസ്രയേലിനെയും വിറപ്പിച്ച് ഇറാന്റെ ആത്മീയ നേതാവ്
2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ റഷ്യയിൽ ആകെ 5,99,600 കുട്ടികൾ ജനിച്ചു, ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16,000 കുറവാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് 2024 ൽ രാജ്യത്ത് മരണനിരക്കും കൂടുതലാണ്. 49,000 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെ ജനസംഖ്യ നിലവിലെ 144 ദശലക്ഷത്തിൽ നിന്ന് 2050 ഓടെ ഏകദേശം 130 ദശലക്ഷമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടികളായി കുറഞ്ഞു, സുസ്ഥിരമായ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1-ല്‍ നിന്ന് രാജ്യത്തെ ജനന നിരക്ക് 1.5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയതോടെ ആശങ്കയിലായ പുടിൻ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാൻ പുതിയ നയവുമായി രംഗത്തെത്തിയിരുന്നു.
ജോലിസ്ഥലത്തും ഉച്ചഭക്ഷണത്തിനും കോഫി ഇടവേളയ്ക്കും ഇടയിൽ ‘റൊമാന്റിക് മീറ്റിങുകളിൽ’ ഏർപ്പെടാനായിരുന്നു പുടിൻ റഷ്യക്കാരെ ഉപദേശിച്ചത്. ലോകം മുഴുവൻ ഈ വാർത്ത ആശ്‌ചര്യത്തോടെയാണ് കേട്ടത്. തുടർന്നും നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമുണ്ടായതായി കാണാം. ജോലി സന്താന ഉൽപാദനത്തിനു തടസ്സമാകരുതെന്നും കുടുംബ വിപുലീകരണത്തിനായി ഉച്ചഭക്ഷണവും കോഫി ബ്രേക്കുകളും പ്രയോജനപ്പെടുത്താൻ റഷ്യൻ ആരോഗ്യമന്ത്രി ഡോ. യെവ്ജെനി ഷെസ്റ്റോപലോവും അഭ്യർത്ഥിച്ചു. തൊഴിലിടങ്ങളിലുള്ള ജീവനക്കാരുടെ പ്രസവം നിരീക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു തന്ത്രം പാർലമെന്റ് അംഗം ടാറ്റിയാന ബട്ട്സ്കയും(Tatiana Butskaya)അവതരിപ്പിച്ചു “ഓരോ തൊഴിലുടമയും അവരുടെ ജോലിസ്ഥലം നിരീക്ഷിക്കണം: ജനന നിരക്ക് എത്ര? കുട്ടികളെ പ്രസവിക്കാൻ കഴിവുള്ള എല്ലാവർക്കും ഈ വർഷം ഒരു കുട്ടി കൂടി ഉണ്ടാകുമോയെന്നതും പരിശോധിക്കണമെന്നും പറഞ്ഞതായാണ് റിപ്പോർട്ട്.
Also Read: 634 വധശ്രമങ്ങൾ, 62 വർഷത്തെ ഉപരോധം, എന്നിട്ടും അമേരിക്കയ്ക്ക് കീഴ്പെടുത്താൻ പറ്റാത്ത രാജ്യം
24 വയസ്സിന് താഴെയുള്ള സ്ത്രീകൾആദ്യത്തെ കുഞ്ഞിന് ജന്മം നൽകുന്നതിന് 8,500 പൗണ്ട് നൽകുന്നതുപോലുള്ള പ്രോത്സാഹനവും സർക്കാർ നൽകുന്നുണ്ട്. ജനസംഖ്യയിലെ ഇടിവ് നിയന്ത്രിക്കാന്‍ വേറേയും നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ വന്ധ്യതാ പരിശോധന, ഗര്‍ഭച്ഛിദ്രം നിരോധിക്കുക, വിവാഹമോചനങ്ങള്‍ നിരുത്സാഹപ്പെടുത്താനായി ഫീസ് കുത്തനെ ഉയര്‍ത്തുക മുതലായവയാണ് അവ. വനിതാ തൊഴിലാളികളെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും പ്രോത്സാഹിപ്പിക്കണമെന്നും അതിനായി തൊഴിലുടമകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന വ്യത്യസ്തമായ നിര്‍ദേശവും റഷ്യന്‍ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇതിനിടെയാണ് ജോലിസ്ഥലത്തെ പ്രണയബന്ധങ്ങൾക്കെതിരെ റഷ്യൻ ഓർത്തഡോക്സ് സഭ തന്നെ രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ ഓർത്തഡോക്സ് ചർച്ച് പ്രതിനിധി “ഗസറ്റ” പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒരു കൂട്ടം ആവശ്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. തൊഴിലുടമകൾക്കും ജീവനക്കാർക്കും കുടുംബങ്ങൾ ഉണ്ടായിരിക്കണം, സഹപ്രവർത്തകരുമായി പ്രണയബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം ഇതെല്ലാമാണ് ആവശ്യങ്ങൾ.
അവിവാഹിതർ, വിവാഹമോചനം നേടിയവർ എന്നിവർക്കിടയിലും നല്ല ഉദ്യോഗാർത്ഥികളുണ്ടായിരിക്കാം, എന്നാൽ ഇത്തരം ആളുകളെ ജോലിക്കെടുക്കുന്നത് സാധാരണ രീതിയല്ലെന്നാണ് അദ്ദേഹം പരാമർശിച്ചത്. “ഇത് ഉദ്യോഗാർഥികളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുന്നതിനല്ല മറിച്ച് പുരുഷ മാനേജർമാരും ജോലിക്കാരും എല്ലാം കുടുംബക്കാരാണ് എന്ന സാമൂഹിക മാനദണ്ഡത്തിനാണ് ഊന്നൽ നൽകുന്നത്. ഒഴിവാക്കലുകൾ ഉണ്ടാകാം, എന്നാൽ അവ ഒരു മാനദണ്ഡമായി മാറരുത്, എന്നാണ് അദ്ദേഹം പറഞ്ഞത്, എന്നാൽ ഇവയെല്ലാം സ്ത്രീകൾക്ക് ബാധകമാണോ എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
Also Read: യുക്രെയ്ന്‍ ഇതുവരെ കാണാത്ത ശക്തമായ സൈനിക നീക്കവുമായി റഷ്യ
വിവാഹമോചനം സാധാരണമല്ലെന്നും വിവാഹമോചനത്തെ ഒരു ദുരന്തമായി കാണണമെന്നും സഭ പറയുന്നു. ജോലിസ്ഥലത്ത് പ്രണയങ്ങളിൽ ഏർപ്പെടുന്നതിനുപകരം പുരുഷന്മാർ വിവാഹിതരാവുകയും കുടുംബം പുലർത്തുകയും വേണമെന്ന് സഭ ഊന്നിപ്പറയുന്നു. ജോലിസ്ഥലത്തുള്ള പുരുഷന്മാർ സഹപ്രവർത്തകരുമായി ബന്ധങ്ങൾ സൃഷ്ടിക്കുന്നതിന് പകരം കുടുംബങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് സഭ പ്രതിനിധി പറയുന്നത്. ‘ഒരു മാനേജർ സ്ഥാനത്തേക്ക് ഒരാളെ നിയമിക്കുമ്പോൾ, അവരുടെ കുടുംബ പദവി പ്രധാനമാണ്’ സ്വന്തമായി ഒരു കുടുംബം സൃഷ്ടിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർക്ക് എങ്ങനെ വലിയ ടീമുകളെ നയിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും റഷ്യൻ ഓർത്തഡോക്‌സ് സഭയും ദീർഘകാലമായി പരമ്പരാഗത കുടുംബ മൂല്യങ്ങളെ പിന്തുണയ്ക്കുന്നവരാണ്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സാമ്പത്തിക സഹായത്തോടെ യുവജനങ്ങള്‍ക്കിടയില്‍ പരമ്പരാഗത കുടുംബ മൂല്യങ്ങളുടെ പ്രചാരണത്തിനും, ബോധവത്കരണത്തിനായുമുള്ള പ്രവര്‍ത്തനങ്ങള്‍ സഭ നടത്തി വരുന്നുണ്ട്. ഇവയെല്ലാം രാജ്യത്ത് ഫലം കണ്ടതായാണ് സഭ അവകാശപെടുന്നത്.