യുക്രെയിനെയും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളെയും ഭയപ്പെടുത്തിയ ആക്രമണം സ്ഥിരീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ രംഗത്ത്. റഷ്യക്കുള്ളില്‍ ആക്രമണം നടത്താന്‍ അമേരിക്കയും ബ്രിട്ടനും വിതരണം ചെയ്ത ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ചതിന് റഷ്യ ഒരു പുതിയ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് യുക്രെയിനെ ആക്രമിച്ചതായാണ് പുടിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ (ICBM) സ്വഭാവ സവിശേഷതകളുള്ള ഒരു ‘പുതിയ റഷ്യന്‍ റോക്കറ്റ്’ ഉപയോഗിച്ചാണ് യുക്രെയിനെ റഷ്യ ആക്രമിച്ചതെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞതിന് പിന്നാലെയാണിത്.
യുക്രെയിന്റെ കിഴക്കന്‍ നഗരമായ ഡിനിപ്രോയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുക്രെയിന്‍ പറയുന്നുണ്ടെങ്കിലും ആക്രമണത്തില്‍ എന്താണ് തകര്‍ന്നതെന്ന് ഇപ്പോഴും അവര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഈ ആക്രമണത്തില്‍ യുക്രെയിന്റെ തന്ത്രപ്രധാനമായ സൈനിക-വ്യാവസായിക സൈറ്റായ ഡിനിപ്രൊപെട്രോവ്‌സ്‌കില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
Also Read: എന്താണ് എടിഎസിഎംഎസ്, സ്റ്റോം ഷാഡോ മിസൈലുകൾ? റഷ്യയെ പ്രകോപിപ്പിച്ച ആയുധങ്ങള അറിയുക
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷം ആരംഭിച്ച്, മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന സ്ഫോടന പരമ്പരയില്‍ ഡിനിപ്രോ നഗരം നടുങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിസൈലുകളുടെയും ഡ്രോണുകളുടെയും കാതടപ്പിക്കുന്ന ശബ്ദമാണ് നഗരത്തില്‍ അലയടിച്ചത്. ഈ യുദ്ധത്തില്‍ റഷ്യ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടെന്ന യുക്രെയിന്‍ ആരോപണത്തിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നത്. ആറായിരം മൈല്‍ വരെ ദൂരപരിധിയുള്ളതും ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്നതുമായ മിസൈല്‍ കാസ്പിയന്‍ കടലിന് സമീപമുള്ള അസ്ട്രഖാനില്‍ നിന്നാണ് വിക്ഷേപിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ ബിബിസിയോട് വ്യക്തമാക്കിയിരിക്കുന്നത്.
നഗരമധ്യത്തില്‍ നിന്ന് വളരെ ദൂരെയുള്ള ഒരു വലിയ വ്യവസായ സമുച്ചയത്തിന്റെ പ്രദേശത്ത് നാല് സ്ഫോടനങ്ങളാണ് നടന്നിരിക്കുന്നത്. ആണവായുധം വഹിക്കാവുന്ന മിസൈലില്‍ മറ്റ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായാണ് നാറ്റോ സൈനിക നേതൃത്വം പറയുന്നത്. അവരും ഇത് റഷ്യയുടെ ഒരു റിഹേഴ്സലായാണ് നോക്കി കാണുന്നത്. ആണവ ഇതര ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ആക്രമിച്ചതെങ്കിലും ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് ഈ ആക്രമണത്തിലൂടെ അമേരിക്കന്‍ ചേരിക്ക് നല്‍കിയിരിക്കുന്നത്.
Also Read: യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ റഷ്യ പ്രയോഗിച്ചെന്ന് യുക്രെയ്ൻ സൈന്യം
പാശ്ചാത്യ ശക്തികള്‍ വിതരണം ചെയ്ത മിസൈലുകളുടെ ഉപയോഗം കൊണ്ട് നിലവിലെ റഷ്യന്‍ മുന്നേറ്റത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെന്നും പുടിന്‍ തുറന്നടിച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യം എല്ലായിടത്തും മുന്നേറുകയാണ്. റഷ്യയുട എല്ലാ ലക്ഷ്യങ്ങളും കൈവരിച്ച് ശേഷമേ ഈ യുദ്ധം അവസാനിപ്പിക്കുകയൊള്ളൂവെന്നും റഷ്യന്‍ പ്രസിഡന്റ് രാജ്യത്തോട് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയുടെയും ബ്രിട്ടന്റെയും ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്ക് നേരെ യുക്രെയിന്‍ സേന പ്രയോഗിച്ചതിന് ആദ്യ തിരിച്ചടിയായാണ് റഷ്യയുടെ ഈ ആക്രമണം. യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് റഷ്യ ഇത്രയും ശക്തമായ ദീര്‍ഘദൂര മിസൈല്‍ ഉപയോഗിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യ വന്‍ ആക്രമണത്തിന് തയ്യാറെടുത്ത് കഴിഞ്ഞതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ നിലവില്‍, അമേരിക്കയുടെയും അവരുടെ പല സഖ്യകക്ഷികളുടെയും യുക്രെയിനിലെ എംബസികള്‍ അടച്ച് പൂട്ടിയ അവസ്ഥയിലാണുള്ളത്.