അമേരിക്കയെയും ഇസ്രയേലിനെയും ആശങ്കയിലാഴ്ത്തി ഇറാനുമായി സഹകരണം വർദ്ധിപ്പിക്കാൻ റഷ്യ നീക്കം തുടങ്ങി. ഹമാസ് തലവന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കെ തന്നെയാണ് റഷ്യ – ഇറാനുമായി ബന്ധം ശക്തമാക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
‘പരസ്പരബന്ധവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനായി മോസ്‌കോയും ഇറാനും തമ്മിൽ സമീപഭാവിയിൽ തന്നെ സമഗ്രമായ അന്തർ-സംസ്ഥാന കരാറിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ്’ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കിയിരിക്കുന്നത്.
നയതന്ത്രജ്ഞൻ പറയുന്നതിനനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിൽ ധാരാളം ഉഭയകക്ഷി പദ്ധതികളും ഇരു രാജ്യങ്ങൾക്കിടയിൽ നടക്കുന്നുണ്ടെന്നും ലാവ്റോവ് വ്യക്തമാക്കിയിട്ടുണ്ട്. മോസ്‌കോയിൽ നടന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ ആണ് പുതിയ ഇറാൻ-റഷ്യ പങ്കാളിത്തത്തിനെ കുറിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നതിനായുള്ള കരാറിന്റെ അന്തിമഘട്ടത്തിലാണ് ഇരു രാജ്യങ്ങളും നിലവിലുള്ളത്. ഇത് ഇറാനിയൻ നേതൃത്വവുമായുള്ള സുപ്രധാനമായ ചുവടുവെപ്പായിരിക്കുമെന്നുള്ള സൂചനയും റഷ്യൻ മന്ത്രി നൽകുന്നുണ്ട്. ‘നിലവിൽ ചില സാങ്കതിക കാര്യങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇറാനുമായുള്ള പുതിയ കരാർ ഇരു രാജ്യങ്ങൾക്കിടയിലെ സുപ്രധാന നാഴികക്കല്ലായി മാറുമെന്നും’ ലാവ്‌റോവ് പറഞ്ഞു.
ജൂലൈയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, രണ്ടാം റൗണ്ടിൽ 53.6% വോട്ട് നേടി വിജയിച്ച ശേഷമാണ് ഇറാന്റെ ഒമ്പതാമത്തെ പ്രസിഡന്റായി മസൂദ് പെസെഷ്‌കിയാൻ കഴിഞ്ഞമാസം സത്യപ്രതിജ്ഞ ചെയ്തിരുന്നത്. മെയ് മാസത്തിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റയ്സിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. പരിഷ്‌കരണവാദി നേതാവ് മസൂദ് പെസെഷ്‌കിയാൻ അധികാരത്തിൽ വന്നതിനുശേഷം ‘മൂല്യമുള്ള തന്ത്രപരമായ പങ്കാളി’ എന്ന് റഷ്യയെ വിശേഷിപ്പിക്കുകയും മോസ്‌കോയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
ഇരു രാജ്യങ്ങളുടെയും സംയുക്ത പദ്ധതികളെക്കുറിച്ച് സംസാരിക്കവേ ഇറാനിയൻ വിദേശകാര്യമന്ത്രി ലാവ്‌റോവ്… പ്രധാന ലോജിസ്റ്റിക് ഇടനാഴികളെ കുറിച്ചും പരാമർശം നടത്തിയിട്ടുണ്ട്. അതായത് സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് പേർഷ്യൻ ഗൾഫിലേക്കും പിന്നീട് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും എളുപ്പത്തിൽ പോകാൻ റഷ്യയെ അനുവദിക്കുന്ന ഇടനാഴി… ഇറാനിയൻ ‘നോർത്ത്-സൗത്ത്’ ആണെന്നും ഇത് യാത്രാ സമയവും ഗതാഗത ചെലവും ഗണ്യമായി കുറയ്ക്കുമെന്നും ലാവ്‌റോവ് അഭിപ്രായപ്പെട്ടു. ഇതൊരു ‘കാസ്പിയൻ സഹകരണം’ ആണെന്ന് പറഞ്ഞ ലാവ്റോവ് തങ്ങൾ തീരദേശ രാജ്യങ്ങളാണെന്നും അതുകൊണ്ട് തന്നെ ഇത് ആശയവിനിമയത്തിന്റെ വളരെ പ്രധാനപ്പെട്ട മേഖല കൂടിയാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
Also read: അമേരിക്കൻ യുദ്ധവിമാനം വീണതിലും പോര്, വ്യോമസേന തലവൻ തെറിച്ചു, യുക്രെയ്ൻ വീഴുന്നു
യൂറോപ്പുൾപ്പെടെ ഇന്ത്യ, ഇറാൻ, അസർബൈജാൻ, മധ്യേഷ്യ, റഷ്യ എന്നിവിടങ്ങളിൽ ചരക്കുനീക്കുന്നതിനായി കപ്പൽ, റെയിൽ, റോഡ് മാർഗങ്ങളെ ബന്ധിപ്പിക്കുന്ന 7,200 കിലോമീറ്റർ നീളമുള്ള മൾട്ടി-മോഡ് ട്രാൻസിറ്റ് സംവിധാനമാണ് ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ എന്ന് പറയുന്ന INSTC. 2000 ന്റെ തുടക്കത്തിൽ തന്നെ INSTC യുടെ നിർമ്മാണം ആരംഭിച്ചുവെങ്കിലും അതിന്റെ പ്രവർത്തനം കൂടുതൽ ശക്തമാകുന്നത് ഇപ്പോഴാണ്. റഷ്യയ്ക്കുമേൽ പാശ്ചാത്യ ഉപരോധം ഉണ്ടായപ്പോൾ ഏഷ്യയിലേക്കും മിഡിൽ ഈസ്റ്റിലേക്കും തങ്ങളുടെ വ്യാപാര പാതകൾ മാറ്റാൻ റഷ്യയെ ഇത് വളരെയേറെ സഹായിച്ചിട്ടുണ്ട്.
ഇറാനിലെ ബുഷെർ ആണവ നിലയത്തിന്റേയും മറ്റ് സംയുക്ത നിക്ഷേപ പദ്ധതികളുടേയും സഹകരണത്തെക്കുറിച്ചും റഷ്യൻ വിദേശകാര്യ മന്ത്രി പരാമർശിച്ചിട്ടുണ്ട്. ഇസ്രയേലിനെ സംബന്ധിച്ച് ഇത് വൻ ഭീഷണിയാണ്. റഷ്യയും ഇറാനും പാശ്ചാത്യ ഉപരോധത്തിന് കീഴിലായ സാഹചര്യമാണ് ഇരുവരെയും കൂടുതൽ അടുപ്പിച്ചിരിക്കുന്നത്. ഇതാകട്ടെ, ഊർജ-വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും, ആയുധകൈമാറ്റത്തിലും വരെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഇസ്ലാമിക് റിപ്പബ്ലിക്കിലേക്കുള്ള പൈപ്പ്‌ലൈൻ വാതക വിതരണത്തിനായി റഷ്യൻ ഊർജ്ജ ഭീമനായ ഗാസ്‌പ്രോം… ഇറാനുമായി മെമ്മോറാണ്ടം ഒപ്പുവച്ചിട്ടുണ്ട്.
Also read: ഇസ്രയേലിനെതിരെ മറ്റൊരു ചാവേര്‍ ഗ്രൂപ്പുകൂടി രംഗത്ത്, പ്രതികാരം ചെയ്യാന്‍ സകലരും ഒന്നിക്കുന്നു
2022-ൽ തന്നെ റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് ഇറാനുമായി 40 ബില്യൺ ഡോളറിന്റെ വൻതോതിലുള്ള ഊർജകരാറും എണ്ണ, പ്രകൃതി വാതകം എന്നിവ കൈമാറ്റം ചെയ്യാനുള്ള കരാറും പ്രഖ്യാപിച്ചിരുന്നു. 2023 ജൂലൈയിൽ ഇറാൻ… റഷ്യയുടെ നേതൃത്വത്തിലുള്ള ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ അംഗരാജ്യങ്ങൾക്കിടയിൽ ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്ന ഒരു പൂർണ്ണ അംഗമായും മാറിയിട്ടുണ്ട്. ഇതും ഇറാനെ സംബന്ധിച്ച് വൻ നേട്ടമാണ്. റഷ്യൻ ചേരിയുമായി ഇറാനുള്ള അടുപ്പം നാൾക്കുനാൾ വർദ്ധിക്കുന്നതിൽ യഥാർത്ഥത്തിൽ ഭയപ്പെടേണ്ടത് ഇസ്രയേൽ മാത്രമല്ല അമേരിക്ക കൂടിയാണ്. അതാകട്ടെ വ്യക്തവുമാണ്.
STAFF REPORTER