റഷ്യ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം അമേരിക്കയെ ആക്രമിക്കാന്‍ തയ്യാറാണെന്ന കൃത്യമായ പ്രഖ്യാപനം കൂടിയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ തീയിട്ടും തീയിടാന്‍ പ്രേരണ നല്‍കിയും അശാന്തി പടര്‍ത്തി മുന്നോട്ട് പോകുന്ന അമേരിക്കയുടെ അഹങ്കാരം അവസാനിപ്പിക്കാന്‍ തന്നെയാണ് റഷ്യ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധമുള്ള റഷ്യയുടെ പുതിയ നീക്കം അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. റഷ്യ – യുക്രെയ്ന്‍ യുദ്ധം രണ്ടരവര്‍ഷം പിന്നിട്ടിരിക്കെ രാജ്യത്തേക്ക് മിസൈലുകള്‍ വര്‍ഷിക്കാന്‍ നാറ്റോയ്ക്ക് പദ്ധതിയുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആണവ മിസൈലുകള്‍ തന്നെ റഷ്യ ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്.
അമേരിക്കയും നാറ്റോയും ചിന്തിക്കും മുന്‍പ് തന്നെ ആക്രമിച്ചിരിക്കണം എന്നതാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നയം. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. റഷ്യ അസാധാരണമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത് ഇറാനും, ഉത്തര കൊറിയയും ഉള്‍പ്പെടെയുള്ള റഷ്യന്‍ ചേരിയെ ആവേശത്തിലാക്കിയിട്ടുണ്ട്. അവസരം മുതലാക്കി അമേരിക്കന്‍ ചേരിയിലുള്ള തായ് വാനെ പിടിച്ചെടുക്കാന്‍ ചൈനയും തയ്യാറായാണ് നില്‍ക്കുന്നത്.
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ആണവ മിസൈലിന്റെ പരീക്ഷണം റഷ്യ നടത്തിയിരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. നിരവധി തവണ പരീക്ഷണമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെയാണ് റഷ്യ മിസൈലുകള്‍ പരീക്ഷിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നായിരുന്നു ഈ പരീക്ഷണം നടന്നത് എന്നതും ശ്രദ്ധേയമാണ്.
Also Read: ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി
മേഖലയിലെ വര്‍ധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ റഷ്യ എല്ലാറ്റിനും തയ്യാറായി നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നാണ് മിസൈല്‍ പരീക്ഷണത്തിന് ശേഷം പുടിന്‍ വ്യക്തമാക്കിയിരിക്കുന്നത്. പുടിന് പുറകെ, റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവും ശത്രുക്കളുടെ ഏത് തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കാന്‍ റഷ്യ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയില്‍ ഏത് രാജ്യത്തിന്റെ ചിഹ്നം പതിഞ്ഞ ആയുധം വീണാലും ആ രാജ്യത്തെ ആക്രമിക്കാനാണ് റഷ്യന്‍ സൈന്യത്തിന് പുടിന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
റഷ്യയുടെ ഇപ്പോഴത്തെ പ്രകോപനത്തില്‍ ആകെ വിരണ്ടിരിക്കുന്നത് അമേരിക്കയാണ്. ഒരു കുഞ്ഞ് മിസൈല്‍ പോലും അമേരിക്കയില്‍ പതിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. അമേരിക്കന്‍ സൈനികര്‍ പോലും യുദ്ധം ആഗ്രഹിക്കാത്തവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, റഷ്യയുടെയും ഉത്തര കൊറിയയുടെയും ഇറാന്റെയും സൈനികര്‍ അങ്ങനെയല്ല. പോരാട്ടവീര്യത്തില്‍ ഇവര്‍ക്കൊപ്പം നില്‍ക്കാനുള്ള മനോധൈര്യം അമേരിക്കന്‍ സൈനികര്‍ക്കുണ്ടോ എന്നത് തന്നെ സംശയമാണ്. അമേരിക്കയെ പാഠം പഠിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും ഈ രാജ്യങ്ങളിലെ സൈനികര്‍ പാഴാക്കുകയില്ല. അവര്‍ അത്തരമൊരു ഉത്തരവിനായാണ് കാത്തിരിക്കുന്നത്.
സോവിയറ്റ് യൂണിയനെ എങ്ങനെയാണോ അമേരിക്ക ഭയപ്പെട്ടത് അതാണിപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. റഷ്യന്‍ ചേരിയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ എത്തിക്കഴിഞ്ഞു. എന്തിനേറെ നാറ്റോ അംഗമായ തുര്‍ക്കി പോലും റഷ്യയും ചൈനയും ഇന്ത്യയും നേതൃത്വം നല്‍കുന്ന ബ്രിക്സ് കൂട്ടായ്മയില്‍ എത്തിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ചേരിയായാണ് ബ്രിക്സ് ഇപ്പോള്‍ മാറിയിരിക്കുന്നത്. ഇതിന് പിന്നാലെ നാറ്റോയ്ക്ക് ബദലായ ഒരു സൈനിക സഖ്യത്തിനാണ് റഷ്യ ശ്രമിക്കുന്നത്. അത്തരമൊരു സൈനികസഖ്യം ഔദ്യോഗികമായി രൂപീകരിച്ചിട്ടില്ലെങ്കിലും നിലവില്‍ റഷ്യന്‍ സൈനിക ചേരിയില്‍ ചൈനയും ഉത്തര കൊറിയയും ഇറാനും ഇപ്പോള്‍ തന്നെയുണ്ട്.
അമേരിക്കയുടെയും അവരുടെ സഖ്യരാജ്യങ്ങളുടെയും സകല ശത്രു രാജ്യങ്ങളെയും ഒപ്പം നിര്‍ത്തി അമേരിക്കയ്ക്കെതിരെ വ്യത്യസ്ത പോര്‍മുഖങ്ങള്‍ തുറക്കാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്. അതായത് അമേരിക്കയുടെ ഒരു കളിയും ഇനി നടക്കില്ലെന്നത് വ്യക്തം. അമേരിക്കയുടെ വ്യോമതാവളങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക രാജ്യങ്ങള്‍ക്കുമേലും റഷ്യ പിടിമുറുക്കിയാല്‍ അമേരിക്കയെ ഇനി കൈവിടേണ്ടി വരും. ഗാസയിലും ലെബനനിലും പതിനായിരങ്ങളെ കൊന്നൊടുക്കാന്‍ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്ന അമേരിക്കയുടെ നടപടിയില്‍ ശക്തമായ അമര്‍ഷമാണ് ഇസ്ലാമിക രാജ്യങ്ങള്‍ക്കുള്ളത്. മാറുന്ന ലോക ക്രമത്തില്‍ അവര്‍ക്കും ഇനി കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല.
Also Read: ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി
റഷ്യയെ പോലെയുളള ഒരു വന്‍ സൈനികശക്തി അമേരിക്കയെ വെല്ലുവിളിച്ച് രംഗത്തിറങ്ങുന്നത് അമേരിക്കന്‍ ചേരിയെയാണ് യഥാര്‍ത്ഥത്തില്‍ ദുര്‍ബലമാക്കുക. അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളായ ജര്‍മ്മനിയും ഫ്രാന്‍സും ബ്രിട്ടണും ഉള്‍പ്പെടെ റഷ്യയുമായി ഏറ്റുമുട്ടാന്‍ ആഗ്രഹിക്കാത്തവരാണ്. പുടിന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഭരണാധികാരിയാണ് എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. റഷ്യ ആണവക്കലവറ തുറന്നാല്‍ ലോകം തന്നെ ഇല്ലാതാകുമെന്നും ഈ രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്. പുടിനൊപ്പം ഇപ്പോള്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചേര്‍ന്നതും അമേരിക്കന്‍ ചേരിക്ക് ഇരട്ട പ്രഹരമാണ്.
ആണവ പോര്‍മുനകളുള്ള ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ ജീവിതാഭിലാഷം തന്നെ അമേരിക്കയെ ആക്രമിക്കുക എന്നതാണ്. പുടിന്‍ ഒരു സിഗ്നല്‍ നല്‍കിയാല്‍ അപ്പോള്‍ തന്നെ അമേരിക്കയിലേക്ക് മിസൈലുകള്‍ അയയ്ക്കാന്‍ കിം ജോങ് ഉന്‍ തയ്യാറാകും. അതാകട്ടെ വ്യക്തവുമാണ്. അമേരിക്കയില്‍ എത്തുന്ന ആണവ മിസൈല്‍ ഉത്തരകൊറിയക്ക് ഉണ്ട് എന്ന ഒറ്റ കാരണത്താലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അമേരിക്ക ഉത്തരകൊറിയയുമായി സമവായ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയെ മറികടന്ന് ഉത്തര കൊറിയയ്ക്കെതിരായ ഉപരോധത്തിനായി അമേരിക്ക പുതുതായി 11 അംഗ ഉപരോധ നിരീക്ഷണ സംഘത്തെ നിയോഗിച്ചതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
റഷ്യയ്ക്കൊപ്പം ചേര്‍ന്ന് യുക്രെയിനെ ആക്രമിക്കാന്‍ 10,000 ത്തോളം സൈനികരെ ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇക്കാര്യം റഷ്യ നിഷേധിച്ചിട്ടുണ്ടെങ്കിലും ഉത്തര കൊറിയന്‍ സൈന്യം റഷ്യയില്‍ എത്തിക്കഴിഞ്ഞതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു യുക്രെയിന്‍ എന്നതിനാല്‍ പരമാവധി നാശനഷ്ടം ഒഴിവാക്കാനാണ് റഷ്യ ഇതുവരെ യുക്രെയിനെതിരെ യുദ്ധം പ്രഖ്യാപിക്കാതിരുന്നത്. സൈനിക നടപടി മാത്രമായാണ് ഇപ്പോഴും യുക്രെയിനെതിരായ നടപടിയെ റഷ്യ വിശേഷിപ്പിക്കുന്നത്.
അതുകൊണ്ടു തന്നെ, റഷ്യന്‍ സൈന്യത്തിലെ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് ഇപ്പോഴും സംഘര്‍ഷ മേഖലയിലുള്ളത്. നശീകരണ ശേഷിയുള്ള വലിയ ആയുധങ്ങളോ, ആധുനിക യുദ്ധവിമാനങ്ങളോ, പടകപ്പലുകളോ ഒന്നും തന്നെ റഷ്യ യുക്രെയിനെതിരെ ഉപയോഗിച്ചിട്ടില്ല. സംഘര്‍ഷം ഇത്രയും നീളാന്‍ പ്രധാന കാരണവും അതൊരു സൈനിക നടപടി മാത്രമായി റഷ്യ ഒതുക്കിയതിനാലാണ്. അമേരിക്കയും സഖ്യകക്ഷികളും നല്‍കിയ ആധുനിക ആയുധങ്ങള്‍ പ്രയോഗിച്ചിട്ടും യുക്രെയിന്‍ സൈന്യത്തിന് ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ കഴിഞ്ഞിട്ടില്ല.
Also Read: ഇറാൻ്റെ ആക്രമണം ഭയന്ന് ഇസ്രയേൽ, മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കി ഉത്തരവിറങ്ങി
നിലവില്‍ റഷ്യന്‍ സേന ഏതാണ്ട് പൂര്‍ണ്ണമായും യുക്രെയിന്‍ വളഞ്ഞ അവസ്ഥയിലാണുള്ളത്. അതായത്, എപ്പോള്‍ വേണമെങ്കിലും യുക്രെയിനെ റഷ്യ പിടിച്ചെടുക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് അമേരിക്കയും ചില നീക്കങ്ങള്‍ നടത്താന്‍ പ്ലാന്‍ ചെയ്തിരുന്നത്. അതാണിപ്പോള്‍ റഷ്യയുടെ ആണവ മിസൈല്‍ പരീക്ഷണത്തില്‍ കലാശിച്ചിരിക്കുന്നത്. സാഹസത്തിന് അമേരിക്ക മുതിര്‍ന്നാല്‍ തീര്‍ത്ത് കളയുമെന്ന റഷ്യന്‍ മുന്നറിയിപ്പില്‍ നാറ്റോ സഖ്യം മാത്രമല്ല ലോകരാജ്യങ്ങളും പകച്ച് പോയിരിക്കുകയാണ്.
Express View
വീഡിയോ കാണാം