എസ് രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് തന്നെ, സസ്പെൻ്റ് ചെയ്യപ്പെട്ടവൻ പോയിട്ട് എന്തുകാര്യമെന്ന് സി.പിഎം പ്രവർത്തകർ

എസ് രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് തന്നെ, സസ്പെൻ്റ് ചെയ്യപ്പെട്ടവൻ പോയിട്ട് എന്തുകാര്യമെന്ന് സി.പിഎം പ്രവർത്തകർ
എസ് രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് തന്നെ, സസ്പെൻ്റ് ചെയ്യപ്പെട്ടവൻ പോയിട്ട് എന്തുകാര്യമെന്ന് സി.പിഎം പ്രവർത്തകർ

ധികാര മോഹം എന്നത് വല്ലാത്ത ഒരു മോഹം തന്നെയാണ്. പ്രത്യയശാസ്ത്ര ബോധത്തേക്കാള്‍ ഇത്തരക്കാരെ നയിക്കുന്നത് സാമ്പത്തികബോധമാണ്. അതാകട്ടെ വ്യക്തവുമാണ്. ഇത്തരം നിലപാട് സ്വീകരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജനാധിപത്യ പ്രക്രിയകളെയാണ് വെല്ലുവിളിക്കുന്നത്. രണ്ട് സീറ്റില്‍ നിന്നും രാജ്യം ഭരിക്കുന്ന അവസ്ഥയിലേക്ക് ബി.ജെ.പിയെ വളര്‍ത്തിയത് ഹിന്ദുത്വ രാഷ്ട്രീയമായിരുന്നെങ്കില്‍ നരേന്ദ്ര മോദിയ്ക്ക് മുന്നില്‍ തുടര്‍ഭരണം എളുപ്പമാക്കിയത് അവര്‍ പയറ്റിയ കൂറുമാറ്റ തന്ത്രങ്ങളാണ്. അധികാരത്തിന്റെ അപ്പക്കഷ്ണം കാണിച്ച് മറ്റു പാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള… നിരവധി നേതാക്കളെയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബി.ജെ.പിയിലേക്ക് കൂറുമാറ്റിയിരിക്കുന്നത്. ബി.ജെ.പിയുടെ ഈ ‘സര്‍ജിക്കല്‍ സ്ട്രൈക്കില്‍’ ഏറ്റവും കൂടുതല്‍ നേതാക്കളെ നഷ്ടപ്പെട്ടത് കോണ്‍ഗ്രസ്സിനാണ്. മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ അനവധി നേതാക്കളാണ് കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയിലേക്ക് കൂട് മാറിയിരിക്കുന്നത്.

കോണ്‍ഗ്രസ്സ് … നേതാക്കളാല്‍ കേന്ദ്രീകൃതമായ പാര്‍ട്ടി ആയതിനാല്‍ കൂറുമാറ്റം ബി.ജെ.പിക്ക് വലിയ രൂപത്തിലാണ് ഗുണം ചെയ്തിരിക്കുന്നത്. ഓരോ നേതാവിനൊപ്പവും വലിയ രൂപത്തിലാണ് അനുയായികളും ബി.ജെ.പിയില്‍ എത്തിയിരിക്കുന്നത്. ഇതോടെ സാധാരണ ജനങ്ങള്‍ക്കിടയിലും വിശ്വാസ്യതയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറുകയുണ്ടായി. അവിടെയാണ് രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയും തുടങ്ങിയിരിക്കുന്നത്. ഇന്ന് വെറും മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് സര്‍ക്കാറുള്ളത്. ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, തെലങ്കാന സര്‍ക്കാറുകളാണത്.

സകല ജനാധിപത്യ മര്യാദകളും ലംഘിച്ച് മറ്റു പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ അടിച്ചു മാറ്റുന്ന ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം കേരളമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഓപ്പറേഷന്‍ കേരളയ്ക്ക് തുടക്കമിടാനാണ് സംഘപരിവാര്‍ സംഘടനകളും തീരുമാനിച്ചിരിക്കുന്നത്. ഇതിനകം തന്നെ കോണ്‍ഗ്രസ്സില്‍ നിന്നും എത്തിയ എ.പി അബ്ദുള്ളക്കുട്ടിക്കും ആന്റണി പുത്രന്‍ അനില്‍ ആന്റണിയ്ക്കും പാര്‍ട്ടിയില്‍ വലിയ പദവികളാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്. അബ്ദുള്ളക്കുട്ടിക്ക് ദേശീയ വൈസ് പ്രസിഡന്റ് പദവിയാണ് നല്‍കിയതെങ്കില്‍ അനില്‍ ആന്റണിയെ ജനറല്‍ സെക്രട്ടറി ആയാണ് നിയമിച്ചിരിക്കുന്നത്. കരുണാകര പുത്രി പത്മജയ്ക്കും ഉടന്‍ തന്നെ ബി.ജെ.പി വലിയ പദവി നല്‍കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ബി.ജെ.പിയിലേക്ക് നേതാക്കളെ ആകര്‍ഷിക്കാന്‍ ബി.ജെ.പി വയ്ക്കുന്ന ഓഫറില്‍ പല പ്രമുഖ നേതാക്കളും ഇതിനകം തന്നെ കുടുങ്ങിയിട്ടുണ്ട്. ഇത്തരമൊരു വല സി.പി.എം നേതാവ് ഇപി ജയരാജനു നേരെ ബി.ജെ.പി എറിഞ്ഞെങ്കിലും ആ വലയില്‍ എന്തായാലും ഇപി കുടുങ്ങിയിട്ടില്ല. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ടാല്‍ പല പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും ബി.ജെ.പിയില്‍ പോകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. കെ.പി.സി.സി അദ്ധ്യക്ഷ പദം ലഭിച്ചില്ലങ്കില്‍ കെ സുധാകരന്‍ തന്നെ ബി.ജെ.പിയിലേക്ക് പോയാലും… അത്ഭുതപ്പെടേണ്ടതില്ല. നിലവിലെ അവസ്ഥയും അതു തന്നെയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കേരള ഭരണം പിടിക്കണമെങ്കില്‍ ആദ്യം തകര്‍ക്കേണ്ടത് ഇടതുപക്ഷത്തെയാണെന്ന കൃത്യമായ ബോധ്യം ബി.ജെ.പി ദേശീയ നേതൃത്വത്തിന് ഉണ്ട്. സി.പി.എമ്മിന് ഒപ്പം നില്‍ക്കുന്ന ജനവിഭാഗങ്ങളെ അടര്‍ത്തിയെടുക്കാതെ ബി.ജെ.പിക്ക് വളര്‍ച്ച സാധ്യമല്ലന്നാണ് ആര്‍.എസ്.എസും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആര്‍.എസ്.എസിന് ഏറ്റവും കൂടുതല്‍ ശാഖകള്‍ ഉള്ള കേരളത്തില്‍ ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടാകാത്തതില്‍ നരേന്ദ്രമോദിക്കു മാത്രമല്ല ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനും കടുത്ത അതൃപ്തിയാണുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സി.പി.എം നേതാക്കളെ അടര്‍ത്തിയെടുക്കുന്നത് നടപ്പുള്ള കാര്യമല്ലാത്തതിനാല്‍ സി.പി.എം മാറ്റി നിര്‍ത്തിയവരെയും സംഘടനാ നടപടിക്ക് വിധേയരായവരെയും ലക്ഷ്യമിട്ടാണ് പുതിയ നീക്കം നടക്കുന്നത്.

ദേവിക്കുളം മുന്‍ എം.എല്‍.എ ആയ എസ് രാജേന്ദ്രന്‍ ബി.ജെ.പിയുടെ ഈ വലയില്‍ വീണതായാണ് സൂചന. രാജേന്ദ്രന് നല്‍കിയ ഓഫര്‍ എന്തൊക്കെയാണെന്നതാണ് ഇനി അറിയാനുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ തന്നെ രാജേന്ദ്രനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും സി.പി.എമ്മിന്റെ തന്ത്രപരമായ ഇടപെടലിനെ തുടര്‍ന്ന് ആ നീക്കം പൊളിയുകയാണ് ഉണ്ടായത്. ആ ഘട്ടത്തില്‍ രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോകാതിരിക്കേണ്ടത് സി.പി.എമ്മിന്റെ ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്പെന്റ് ചെയ്യപ്പെട്ട രാജേന്ദ്രന്‍ ഏത് പാര്‍ട്ടിയില്‍ പോയാലും അത് സി.പി.എമ്മിനെ ബാധിക്കില്ലന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാര്‍ട്ടിയുടെ മൂന്നാറിലെ സ്ഥാനാര്‍ത്ഥി രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതും ചൂണ്ടിക്കാട്ടിയാണ് രാജേന്ദ്രനെ സി.പി.എം സസ്പെന്റ് ചെയ്തിരുന്നത്. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും ഇടുക്കിയിലെ സി.പി.എം നേതൃത്വത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇതെല്ലാം ശരിക്കും മനസ്സിലാക്കി തന്നെയാണ് ബി.ജെ.പിയിലേക്ക് പോകാന്‍ രാജേന്ദ്രന്‍ കരുക്കള്‍ നീക്കിയിരിക്കുന്നത്. മൂന്നു തവണ ദേവികുളത്തു നിന്നും സി. പി.എം ടിക്കറ്റില്‍ എം.എല്‍.എ ആയ രാജേന്ദ്രന് ഇനി ഒരിക്കലും സി.പി.എം അത്തരം ഒരവസരം നല്‍കില്ലന്ന തിരിച്ചറിവില്‍ നിന്നുണ്ടായ തീരുമാനം കൂടിയാണ് ബി.ജെ.പി പ്രവേശനം. അത് എപ്പോള്‍… എവിടെ വച്ച് … എന്നതു മാത്രമാണ് ഇനി അറിയാനുള്ളത്.

ബിജെപി നേതാക്കള്‍ വീട്ടിലെത്തി ബിജെപി പ്രവേശനം സംബന്ധിച്ച് സംസാരിച്ചുവെന്ന കാര്യം രാജേന്ദ്രന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപിയിലേക്ക് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് അറിയിച്ച അദ്ദേഹം സിപിഎമ്മിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ‘തനിക്കൊപ്പം നില്‍ക്കുന്നവരെ സിപിഎം അടിച്ചൊതുക്കുകയാണെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണ്ട സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് അക്രമണമെന്നുമാണ് ആരോപണം. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ അറിവോടെയാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് രാജേന്ദ്രന്‍ പറയുന്നത്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് ഈ ക്വട്ടേഷന്‍ സംഘം തങ്ങിയതെന്നും അടിച്ചൊതുക്കാനാണ് പാര്‍ട്ടി പരിശ്രമം നടത്തുന്നതെന്നും പറഞ്ഞ രാജേന്ദ്രന്‍ മൂന്നിടങ്ങളില്‍ തന്നെ അനുകൂലിക്കുന്നവരെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്‍പ് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച റദ്ദാക്ക ഡല്‍ഹിയില്‍ നിന്നും തിരിച്ചു പോന്ന രാജേന്ദ്രനെ വീണ്ടും പാര്‍ട്ടിയിലേക്ക് ക്ഷണിക്കാന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീള ദേവി മധ്യ മേഖല പ്രസിഡന്റ് എന്‍ ഹരി എന്നിവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി നേതാക്കള്‍ എത്തിയിരിക്കുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് രാജേന്ദ്രന്‍ സി.പി.എം നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോയാല്‍, അദ്ദേഹവും കുടുംബവും പോകും എന്നതല്ലാതെ മറ്റൊന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ലന്നാണ് സി. പി.എം നേതൃത്വം പറയുന്നത്. പാര്‍ട്ടി നടപടിക്ക് വിധേയരായവരുടെ പ്രത്യയശാസ്ത്ര ബോധം ചര്‍ച്ചചെയ്തിട്ട് എന്ത് കാര്യമെന്നാണ് നേതൃത്വം ചോദിക്കുന്നത്. ഇതു കൊണ്ടൊന്നും ബി.ജെ.പിയുടെ ഒരു അജണ്ടയും കേരളത്തില നടപ്പാക്കപ്പെടാന്‍ പോകുന്നില്ലന്നും അവസാന കമ്യൂണിസ്റ്റുകാരന്‍ അവശേഷിക്കും വരെയും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ പോരാട്ടം തുടരുമെന്നുമാണ് സി.പി.എം വ്യക്തമാക്കുന്നത്. രാജേന്ദ്രനെതിരെ സി.പി.എം തന്നെ കടുപ്പിച്ചതോടെ രാജേന്ദ്രന്‍ ഇനി ബി.ജെ.പിയില്‍ എത്തിയാലും രാഷ്ട്രീയമായി അത് ഇടതുപക്ഷത്തിനെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ്സിനും കഴിയുകയില്ല.

EXPRESS KERALA VIEW

Top