ശബരിമല വിമാനത്താവളം പദ്ധതി; ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സർക്കാർ പിൻവലിക്കും

ശബരിമല വിമാനത്താവളം പദ്ധതി; ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സർക്കാർ പിൻവലിക്കും
ശബരിമല വിമാനത്താവളം പദ്ധതി; ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സർക്കാർ പിൻവലിക്കും

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്തത്. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴി‌ഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം അംഗീകരിച്ചാണ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.

ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർ‍ക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയത് സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ്. ഇത് സർക്കാറിന് കീഴിലുള്ള ഏജൻസിയാണെന്നും കേന്ദ്ര-സംസ്ഥാന ചടങ്ങൾക്ക് വിരുദ്ധമാണിതെന്നും ഹർജിക്കാർ കുറ്റപ്പെടുത്തി. ഈ വാദം പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സ്റ്റേ ചെയ്തത്.

Top