തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരിവയ്ക്കാലുള്ള സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നിലക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് വിരിവയ്ക്കുവാൻ ജർമൻ പന്തൽ സജ്ജമാക്കിയിട്ടുണ്ട്. പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കും. രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താത്ക്കാലിക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
Also Read: ‘ദിവ്യക്ക് ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കിൽ അത് വിഷമം ഉണ്ടാക്കിയേനേ’: ശ്രീമതി ടീച്ചർ
മണ്ഡല മകരവിളക്ക് കാലത്ത് വരി നിൽക്കുന്ന ഭക്തർക്കായി ചൂടുവെള്ളം എത്തിക്കും. ശരംകുത്തി മുതൽ വലിയ നടപന്തൽ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. മലകയറുന്ന ഭക്തർക്ക് 2000 സ്റ്റീൽ ബോട്ടിലിൽ ചുക്കു വെള്ളം നിറച്ച് നൽകുന്നതിനുള്ള ക്രമീകരണം പൂർത്തിയായി.
ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതൽ ശരംകുത്തി വരെ 60 ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിക്കും. നിലവിൽ മണിക്കൂറിൽ 4000 ലിറ്റർ സംഭരണശേഷിയുള്ള ശരം കുത്തിയിലെ ബോയിലറിന്‍റെ ശേഷി പതിനായിരം ലിറ്റർ ആക്കി ഉയർത്തി. പമ്പയിൽ വനിതകൾക്കായി പ്രത്യേക വിശ്രമ കേന്ദ്രമുണ്ടാവും. വനിത ഫെസിലിറ്റേഷൻ സെന്ററിൽ 50 പേർക്കുള്ള സൗകര്യം കൂടി ഒരുക്കും. ആയിരം പേർക്ക് വിശ്രമിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങളാണ് മരക്കൂട്ടം മുതൽ ഇത്തവണ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്.