കേന്ദ്രമന്ത്രിയാക്കാമെന്ന ഓഫര്‍ ഉണ്ടായി വെളിപ്പെടുത്തി സാബു എം ജേക്കബ്

കേന്ദ്രമന്ത്രിയാക്കാമെന്ന ഓഫര്‍ ഉണ്ടായി വെളിപ്പെടുത്തി സാബു എം ജേക്കബ്
കേന്ദ്രമന്ത്രിയാക്കാമെന്ന ഓഫര്‍ ഉണ്ടായി വെളിപ്പെടുത്തി സാബു എം ജേക്കബ്

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണിലെ പ്രധാന കരടാണ് ട്വന്റി20യും അതിന്റെ നേതാവ് സാബു എം ജേക്കബും. എറണാകുളം ജില്ലയിലെ ഏതാനും പഞ്ചായത്തുകള്‍ ഭരിക്കുന്ന ട്വന്റി20യ്ക്ക് സമീപ പ്രദേശങ്ങളിലും സ്വാധീനമുണ്ട്.

തന്നെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സമീപിച്ചതായ വെളിപ്പെടുത്തലാണ് കിറ്റക്‌സ് ഗ്രൂപ്പിന്റെ ഉടമ കൂടിയായ സാബു എം ജേക്കബ് എക്‌സ്പ്രസ്സ് കേരളയോട് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

തന്നെ രാജ്യസഭയിലേക്കും നിയമസഭയിലേക്കും പരിഗണിക്കാമെന്ന ഓഫര്‍ വന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കേന്ദ്ര മന്ത്രിയാക്കാമെന്നും പറഞ്ഞു. എന്നാല്‍ താന്‍ അതിന് വഴങ്ങിയിട്ടില്ലന്നും ട്വന്റി20 നേതാവ് പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മൂന്നു ഘടകങ്ങള്‍ ആവശ്യമാണ്. മാന്‍, മെസ്സേജ്, മിഷനറി, ട്വന്റി 20യുടെ മെസ്സേജ് എന്താണ് ?

ജനങ്ങളുടെ ക്ഷേമം, രാജ്യത്തിന്റെ വികസനം അതാണ് ഞങ്ങളുടെ മെസ്സേജ്

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20ക്ക് വിജയസാധ്യത കൂടുതലുണ്ടോ ?

വിജയം ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. എല്ലാ സ്ഥാനാര്‍ഥികളും പറയുന്നു 100% ഞങ്ങള്‍ വിജയിക്കും. ജനങ്ങളെ സംബന്ധിച്ച് അധികാരം കിട്ടിയേ മതിയാകൂ, അല്ലെങ്കില്‍ ഇതില്‍ ജയിച്ചേ മതിയാകൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയും ഈ നാടിനു വേണ്ടിയും നിലകൊള്ളുന്ന ഒരു പാര്‍ട്ടിയാണ്. അപ്പോള്‍ ജനങ്ങള്‍ വിജയിപ്പിച്ചാല്‍ ഞങ്ങള്‍ അതിന്റെ മുന്നില്‍ നിന്ന് ജനങ്ങള്‍ക്കും നാടിനും വേണ്ടി പ്രവര്‍ത്തിക്കുക, അത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. മറിച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാരെ സംബന്ധിച്ച് അവര്‍ അധികാരത്തിന് വേണ്ടിയിട്ട് അല്ലെങ്കില്‍ പണമുണ്ടാക്കാനായിട്ടാണ് മത്സരിക്കുന്നതും വിജയിക്കുന്നതും. അല്ലാതെ ജനങ്ങള്‍ക്കോ നാടിനോ വേണ്ടിയിട്ടല്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനപ്രകാരം 95 ലക്ഷം രൂപയേ ചെലവാക്കാനാകൂ. പക്ഷെ ഓരോരുത്തരും 20 , 25 കോടി രൂപയൊക്കെയാണ് ചെലവാക്കുന്നത്. പണം ചെലവാക്കി ജനങ്ങളെ സ്വാധീനിച്ച് വോട്ട് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പകരം ഞങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍, ട്വന്റി20 കൊണ്ട് നാടിനും കുടുംബങ്ങള്‍ക്കും വ്യത്യാസമുണ്ടാകുമെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായിട്ടും ഞങ്ങളുടെ കൂടെ നില്‍ക്കും. ഞങ്ങള്‍ ജനങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് ഒരു മാറ്റത്തിന് വേണ്ടി അവര്‍ ആഗ്രഹിക്കുന്നു എന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് റിസള്‍ട്ട് വരുമ്പോഴാണ് ഫൈനല്‍ ആയി പറയാന്‍ സാധിക്കുക.

ഒരു എംഎല്‍എ പോലുമില്ലാത്ത ട്വന്റി20ക്ക് വിജയസാധ്യത കുറവായിരിക്കില്ലേ ?

കുന്നത്തുനാട് ഇതിനുമുമ്പ് മൂവാറ്റുപുഴ പാര്‍ലമെന്റിന്റെ കീഴിലായിരുന്നു. അന്ന് പി സി തോമസ് ഇതുപോലെ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിയായി നിന്ന് മത്സരിച്ച് മൂന്ന് മുന്നണികളോടും ഏറ്റുമുട്ടി വിജയിച്ച ഒരു ചരിത്രമിവിടെയുണ്ട്. കേരളത്തെ സംബന്ധിച്ച് ജനങ്ങള്‍ വളരെ ബോധവാന്മാരാണ്, ചിന്താശേഷിയുള്ളവരാണ്. അതുകൊണ്ട് ഒരു എംഎല്‍എ ഉണ്ടാവണമെന്നില്ല, ജനങ്ങള്‍ നോക്കുന്നത് ആരാണ് അതിന് നേതൃത്വം കൊടുക്കുന്നത്, പാര്‍ട്ടിയിലുള്ള വിശ്വാസം, സത്യസന്ധത, ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാമാണ്. ഞങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു പ്രസ്ഥാനമല്ല, 12 വര്‍ഷമായിട്ട് ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതാണ്. പക്ഷെ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത് ആദ്യമായിട്ടാണ്. ഒരു എംല്‍എ ഉണ്ടായാല്‍ മാത്രമേ വിജയിക്കൂ എന്നൊന്നും കേരളത്തില്‍ ഇല്ല, ഒരു സ്ഥലത്തുമില്ല. അതുകൊണ്ട് ചരിത്രം തിരുത്തി കുറിക്കപ്പെടാം എന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നത്.

ട്വന്റി20യുടെ പ്രധാനശത്രു ആരാണ് ?

ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ ഒരു ഇന്ന വ്യക്തി ഇന്ന പാര്‍ട്ടി എന്ന് ഉദ്ദേശിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ഈ രാജ്യത്തെ കൊള്ളയടിക്കുന്ന അല്ലെങ്കില്‍ നശിപ്പിക്കുന്ന ഇവിടുത്തെ ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം തിന്ന് ജീവിക്കുന്ന ആളുകളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും അക്കാര്യത്തില്‍ ഒരുപോലെയാണ് അതിപ്പോ ബിജെപി ആയാലും കോണ്‍ഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും അവര്‍ ഈ രാജ്യത്ത് കൊള്ള ചെയ്യുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യുന്നു. അവരെ തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചു കൊണ്ടാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരായിട്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ നശിപ്പിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന എല്ലാവരും ഞങ്ങളുടെ ശത്രുക്കളാണ്.

ട്വന്റി20 ഒരു വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്താണ് ഇതിനുള്ള മറുപടി ?

അത് ഇവിടുത്തെ രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും പറഞ്ഞുപരത്തുന്ന ഒരു കാര്യമാണ്. അങ്ങനെ ഒരു പാര്‍ട്ടിയായിരുന്നെങ്കില്‍, എന്തുകൊണ്ട് ഒരു പഞ്ചായത്തില്‍ തുടങ്ങി ഇപ്പോള്‍ നാല് പഞ്ചായത്തുകള്‍ ഞങ്ങള്‍ ഭരിക്കുന്നു. ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നു, രണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും ഉണ്ട്. ഇപ്പോഴത്തെ പ്രാദേശിക കേരള കോണ്‍ഗ്രസ് അങ്ങനെയുള്ള പാര്‍ട്ടികളെക്കാളൊക്കെ വളരെ നല്ല രീതിയില്‍ ജനങ്ങളുടെ സപ്പോര്‍ട്ടുള്ള പാര്‍ട്ടിയാണിത്. ഞങ്ങളുടെ സംഘടന സംവിധാനം വാര്‍ഡ് തലത്തില്‍ തുടങ്ങുന്നതാണ്. ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ 100 മുതല്‍ 120 പേരു വരെ അടങ്ങുന്ന ഒരു കമ്മിറ്റിയാണ് ട്വന്റി20യുടെ സംവിധാനം. ഇത്രയും സംഘടനാ സംവിധാനം ഉള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇന്ന് കേരളത്തില്‍ ഇല്ല, ഇന്ത്യയില്‍ പോലുമില്ല. ഞങ്ങളെ അധിക്ഷേപിക്കാന്‍ വേണ്ടി മാത്രം പറഞ്ഞു വരുത്തുന്ന കിംവദന്തികളാണ് അതെല്ലാം. അല്ലാതെ അതില്‍ യാതൊരു വസ്തുതയുമില്ല.

കിറ്റെക്‌സ് ഉടമയായ താങ്കളുടെ നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഇതുപോലെ മറ്റ് ബിസിനസുകാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചാല്‍ എന്തായിരിക്കും അവിടുത്തെ അവസ്ഥ ?

രാഷ്ട്രീയത്തില്‍ ആയിക്കോട്ടെ, വ്യവസായത്തില്‍ ആയിക്കോട്ടെ, കൃഷിയിലായിക്കോട്ടെ ഒരു ജോലി ചെയ്യുന്നതിന് ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണ്. അതിന് പ്രത്യേകിച്ച് ഒരു വിഭാഗത്തില്‍ ജനിക്കേണ്ടതോ അല്ലെങ്കില്‍ ഒരു പ്രത്യേക വിഭാഗമായിരിക്കണമെന്നോ ഇല്ല. ഇന്ത്യയിലെ ഏതൊരു പൗരനും അവന് ഇഷ്ടപ്പെട്ട ഏത് മേഖലയായാലും അതില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരാള് വ്യവസായി ആയതുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന നിയമമില്ല. ആര്‍ക്കും എന്തും പ്രവര്‍ത്തിക്കാവുന്ന ഒരു ഭരണഘടനയാണ് ഇന്ത്യയിലുള്ളത്. അതാണ് ഇവിടുത്തെ ഏറ്റവും വലിയ ഭരണഘടനാ സ്വാതന്ത്ര്യം. ഞാന്‍ ഒരു വ്യവസായി എന്നുള്ള നിലയില്‍ അല്ല രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഒരു പൗരന്‍ എന്നുള്ള നിലയ്ക്കാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കാരന് ഒരു വ്യവസായി ആകുന്നതിലെന്താണ് തെറ്റ്. അതിന് നിയമ തടസ്സങ്ങളോ ഭരണഘടനാപരമായോ യാതൊരു തടസ്സങ്ങളുമില്ല. അപ്പോള്‍ ഇന്ത്യയിലുള്ള പൗരന് ഏത് തൊഴില്‍ ചെയ്യാനും ഏതു മേഖലയിലും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്, ആ സ്വാതന്ത്രത്തില്‍ നിന്നാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്നെപ്പോലെ വേറൊരു വ്യവസായി രാഷ്ട്രീയത്തില്‍ വരുന്നത് അവരുടെ ഇഷ്ടം. ഒരു രാഷ്ട്രീയക്കാരന്‍ വ്യവസായി ആകുന്നതും അവരുടെ ഇഷ്ടം. അത് വ്യക്തിസ്വാതന്ത്ര്യമാണ്.

കേരളത്തിലെ മുഖ്യമന്ത്രി ആകാനുള്ള താല്പര്യം താങ്കള്‍ക്കുണ്ടോ ?

എനിക്ക് മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രി ആകാനോ ഒരു എംപി ആകാനോ ഒരു എംഎല്‍എ ആകാനോ ഉള്ള ഒരു താല്പര്യവുമില്ല. അങ്ങനെ ആകണമെന്നുണ്ടായിരുന്നെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യം പോലും എനിക്ക് ഉണ്ടായിരുന്നില്ല. കാലങ്ങള്‍ക്ക് മുന്‍പ് തന്നെ എനിക്ക് രാജ്യസഭാ സീറ്റ് ഓഫര്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുവഴി മന്ത്രിയാക്കാം കേന്ദ്രമന്ത്രിയാക്കാം എന്നുള്ള ഓഫറുകള്‍ വന്നിട്ടുണ്ട്. ഇവിടെ എംഎല്‍എ ആയിട്ട് മത്സരിക്കാനായിട്ടുള്ള ഓഫറുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതിന് എനിക്ക് സ്വന്തമായിട്ട് ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കേണ്ട ഒരു ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെ ആകാനായിട്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. അങ്ങനെയൊരു താല്പര്യത്തോടു കൂടിയല്ല രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്.

എന്നെങ്കിലും ട്വന്റി20 കേരളം പിടിക്കുമോ ?

അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. എല്‍ഡിഎഫ് യുഡിഎഫ് ഏത് പാര്‍ട്ടിയുമായിക്കോട്ടെ, കഴിഞ്ഞ 67 വര്‍ഷക്കാലമായിട്ട് കേരളം കട്ടുമുടിച്ച് നശിപ്പിച്ച് താറുമാറാക്കിയിരിക്കുകയാണ്. ജനങ്ങള്‍ അത്രമാത്രം പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്. അങ്ങനെയൊരു തകര്‍ന്ന് തരിപ്പണമായിരിക്കുന്ന കേരളത്തെ ഉയര്‍ത്തിയെടുക്കുക. ഗതികേടുകൊണ്ട് ഇവിടെ നിന്ന് തൊഴില്‍ തേടിപോയിരിക്കുന്ന 80 ലക്ഷത്തോളം ആളുകളെ തിരികെ കൊണ്ടുവരിക. ഇതിനൊക്കെ വേണ്ടിയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇങ്ങനെയൊരു ആശയം മുന്നോട്ടു വയ്ക്കുമ്പോള്‍ ജനങ്ങളാണ് ആ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഒന്നല്ലെങ്കില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഇനിയും പരീക്ഷിച്ച് കേരളം എന്നെന്നേയ്ക്കുമായി ഇല്ലാതാവുക. മലയാളി എന്ന വംശം കേരളത്തില്‍ ഇല്ലാതെയാവുക. അതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ അവരുടെ കൂടെ നില്‍ക്കും. തങ്ങളുടെ നാടുവിട്ടുപോയ കുട്ടികള്‍ തിരിച്ചുവരണം, തൊഴില്‍ തേടിപോയ ആളുകള്‍ തിരിച്ചുവരണം, കേരളം രക്ഷപ്പെടണം, ഇവിടുത്തെ കുടുംബം രക്ഷപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും ട്വന്റി20 കേരളം ഭരിച്ചിരിക്കും. കേരളം പിടിച്ചിരിക്കും, കേരളത്തെ രക്ഷപ്പെടുത്തിയിരിക്കും.

ഏത് രാഷ്ട്രീയ നേതാവിനെയാണ് റോള്‍മോഡലാക്കുവാന്‍ ആഗ്രഹിക്കുന്നത് ?

അങ്ങനെ പ്രത്യേകിച്ച് റോള്‍മോഡലാക്കാന്‍ പറ്റിയ ഒരു രാഷ്ട്രീയക്കാരും ഇന്ന് ഇവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സത്യസന്ധമായി ആദര്‍ശത്തോടുകൂടി ഇവിടെ പ്രവര്‍ത്തിച്ച് ജീവിച്ച ഒട്ടനവധി ആളുകളുണ്ട്. അതില്‍ പേരെടുത്ത് പറയാവുന്ന നമ്മുടെ മുഖ്യമന്തയായിരുന്ന ഒരാളാണ് പി കെ വാസുദേവന്‍ നായര്‍. ബല്‍റാം, വ്യവസായ മന്ത്രിയായിരുന്ന ടി വി തോമസ്, അങ്ങനെ കുറെ ആളുകളുണ്ട്. സത്യസന്ധമായിട്ട് യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ട രീതിയില്‍ പ്രവര്‍ത്തിച്ച ആളുകളാണ് ഇവരെല്ലാം.

പൗരത്വ നിയമഭേദഗതി വിഷയത്തിലും ഏക സിവില്‍ കോഡ് വിഷയത്തിലും എന്താണ് ട്വന്റി20യുടെ നിലപാട് ?

ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരായിക്കോട്ടെ ഏതു സര്‍ക്കാരുകളുമായിക്കോട്ടെ ഒരിക്കലും ഇവിടുത്തെ ജനങ്ങളെ രാഷ്ട്രീയത്തിന്റെയും മതങ്ങളുടെയും പേരില്‍ വേര്‍തിരിക്കുന്ന ഒരു നിയമങ്ങളും ശരിയല്ല. അങ്ങനെയുള്ള ഏത് നിയമങ്ങളെയും എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. ഓരോ പൗരന്മാരെയും ഒരേപോലെ കണ്ടുകൊണ്ട് ഒരേ നീതി നടപ്പാക്കുന്ന ഭരണസംവിധാനങ്ങളാണ് നമുക്ക് വേണ്ടത്. ഏതെങ്കിലും മതവിഭാഗത്തെ ഉപദ്രവിക്കുന്നതോ പ്രീണിപ്പെടുത്തുന്നതോ ആയ എല്ലാ സംവിധാനങ്ങളും തെറ്റാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരെ മാത്രം സഹായിക്കുന്ന നിലപാട്, ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരെ ഉപദ്രവിക്കുന്ന നിലപാട് ഇതെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.

ഇന്ത്യ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടിലാണ്. ഇത്തവണ ആരായിരിക്കും ദേശീയ തലത്തില്‍ അധികാരത്തിലെത്തുന്നത് ?

അതെല്ലാം നമ്മള്‍ കാത്തിരുന്ന് കാണേണ്ടതാണ്. അവരവരുടെ രാഷ്ട്രീയ ചായ്വ് അനുസരിച്ച് പല പ്രവചനങ്ങളും നടത്തുന്നു. ഞാന്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടി ജയിക്കും എന്ന് പറയുന്നത് തെറ്റാണ്. ജനങ്ങള് തീരുമാനിക്കേണ്ട ഒരു കാര്യമാണിത്. തിരഞ്ഞെടുപ്പിനോട് ഏതാണ്ട് ഒരാഴ്ച എടുക്കുമ്പോള്‍ ആയിരിക്കും ജനങ്ങള്‍ തീരുമാനമെടുക്കുക. ഒട്ടനവധി കാര്യങ്ങള്‍ അവരുടെ മുന്നിലുണ്ട്. അതെല്ലാം വിലയിരുത്തിക്കൊണ്ടുള്ള ഒരു തീരുമാനമായിരിക്കും ജനങ്ങളുടേത്. അത് പറയാന്‍ ഞാന്‍ ആളല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അത് പറയാന്‍ എനിക്ക് സാധിക്കില്ല.

നിലവിലെ രാഷ്ട്രീയ സംവിധാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന താങ്കള്‍ , രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കിയത് ശരിയായ നടപടിയാണോ ?

ഞാന്‍ സംസാരിക്കുന്നത് ട്വന്റി20 എന്ന പാര്‍ട്ടിയുടെ ഒരു അധ്യക്ഷന്‍ എന്നുള്ള നിലയ്ക്കാണ്. ഫണ്ടുകള്‍ നല്‍കുന്നത് ഒരു വ്യവസായി എന്നുള്ള നിലയ്ക്കാണ്. രണ്ടും രണ്ടായി കാണേണ്ടതാണ്. നമ്മള്‍ സ്വമേധയാ രാഷ്ട്രീയ പാര്‍ട്ടിക്ക് പിരിവ് കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അല്ലെങ്കില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റില്ല. അതുപോലെ സാമുദായിക സംഘടനകള്‍ക്ക്, സമുദായങ്ങള്‍ക്ക്, അമ്പലങ്ങള്‍ക്ക്, പള്ളികള്‍ക്കെല്ലാം കൊടുക്കുന്നുണ്ട്. അതില്ലാതെ ഒരു സമുദായത്തിനും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ല.

ശ്രീനിജന്‍ എം.എല്‍.എ ദ്രോഹിക്കുന്ന കാര്യം താങ്കള്‍ പരസ്യമായി പറഞ്ഞിട്ടുണ്ട് , ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടോ ?

അദ്ദേഹം എനിക്ക് എതിരായിട്ട് കള്ളക്കേസുകള്‍ ഉണ്ടാക്കുമ്പോഴൊക്കെ ഞാന്‍ കോടതിയെ സമീപിക്കാറുണ്ട്. അത് കോടതി തടഞ്ഞിട്ടുമുണ്ട്. എംഎല്‍എ ആയി തെരഞ്ഞെടുത്ത അന്നുമുതല്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണത്. ഇല്ലാതാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നോടുള്ള വ്യക്തിവൈരാഗ്യമല്ല. ട്വന്റി20 എന്ന രാഷ്ട്രീയ പാര്‍ട്ടി ഇല്ലാതാക്കണം. അതിന് സാബു ജേക്കബിനെ ഇല്ലാതാക്കണം. അതിനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. രാഷ്ട്രീയ ഭയം കൊണ്ടാണത്. കഴിഞ്ഞതവണ അദ്ദേഹം ജയിച്ചു, ഇനി ഇങ്ങനെയൊരു അവസരം ലഭിക്കില്ലായെന്ന ഉറപ്പുണ്ട്. അതുകൊണ്ട് ട്വന്റി20 എന്ന പാര്‍ട്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവിടെയുണ്ടാകരുത്. തുടര്‍ച്ചയായി ആക്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം അതാണ്. ഞാന്‍ അതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുന്നു. അതില്‍ എനിക്ക് പ്രത്യേകിച്ച് വൈരാഗ്യമില്ല.

ശ്രീനിജന്‍ എംഎല്‍എയുടെ എല്ലാ പ്രവൃത്തികളെയും സിപിഎം അംഗീകരിക്കുന്നുണ്ടോ ?

അത് എനിക്ക് പറയാന്‍ സാധിക്കില്ല. പാര്‍ട്ടി നേതാക്കന്‍മാര്‍ പറയേണ്ട ഒരു കാര്യമാണ്. നേതാക്കന്മാര്‍ ഇക്കാര്യത്തില്‍ സത്യം പറഞ്ഞുകൊള്ളണമെന്നില്ല. അത് അവരോട് ചോദിക്കേണ്ട ഒരു ചോദ്യമാണ്. അതിനെപ്പറ്റി എനിക്കറിയില്ല.

ട്വന്റി20 രൂപീകരിച്ചപ്പോള്‍ ഉള്ള ധൈര്യം പിന്നീട് നഷ്ടപ്പെട്ടതു കൊണ്ടാണോ ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയത് ?

ട്വന്റി20 പാര്‍ട്ടി കേരളത്തിലെ പാര്‍ട്ടിയാണ്. ഇലക്ടറല്‍ ബോണ്ട് 25 കോടി രൂപ കൊടുത്തിരിക്കുന്നത് തെലുങ്കാനയില്‍ ഉള്ള ബിആര്‍എസ് എന്ന പാര്‍ട്ടിക്കാണ്. 2021 നിയമസഭയില്‍ ഞങ്ങള്‍ എട്ടു മണ്ഡലങ്ങളിലാണ് മത്സരിച്ചത്. തോറ്റു എങ്കിലും 15 ശതമാനം വോട്ട് നേടാന്‍ സാധിച്ചു. മൂന്ന് ദേശീയ മുന്നണികളോടാണ് ഞങ്ങള്‍ ഏറ്റുമുട്ടിയത്. മൂന്ന് മുന്നണി എന്ന് പറയുന്നത് 26 രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടിയ ഒരു സഖ്യമാണത്. 26 പാര്‍ട്ടികളോട് ഏറ്റുമുട്ടി 15 ശതമാനം വോട്ട് ഞങ്ങള്‍ ഒറ്റയ്ക്ക് നിന്ന് നേടി എന്നത് വലിയൊരു വിജയമായി തന്നെയാണ് കാണുന്നത്. ഈ 15 ശതമാനം ഞങ്ങള്‍ നേടിയപ്പോള്‍ അത് വലിയൊരു അപകടമായി കണ്ട് തീരുമാനിച്ചതാണ് എല്‍ഡിഎഫും യുഡിഎഫും ഞങ്ങളെ ഇല്ലാതെയാക്കണമെന്ന്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷവും ഇവിടുത്തെ ഭരണസംവിധാനങ്ങള്‍ എല്ലാം ഉപയോഗിച്ചാണ് എന്നെ അറ്റാക്ക് ചെയ്തത്. റെയ്ഡില്‍ ഒരു മൈനര്‍ മിസ്റ്റേക്ക് പോലും അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. ആ സമയത്താണ് 3500 കോടി രൂപ ഇനി ഇവിടെ നിക്ഷേപിക്കുന്നില്ല എന്ന് തീരുമാനിച്ചത്.

തെലങ്കാനയിലെ വ്യവസായ മന്ത്രി ഉള്‍പ്പെടെ ഇന്ത്യയിലെ തന്നെ 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എന്നെ ക്ഷണിച്ചത്. ഞങ്ങള്‍ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും നല്‍കി. 2021 ല്‍ തന്നെ അവരുമായിട്ട് കരാറിലേര്‍പ്പെട്ടു, പ്രവര്‍ത്തനങ്ങളും തുടങ്ങി. പ്രയാസത്തില്‍ വീണു കിടന്നപ്പോള്‍ അഭയം തന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് അവര്‍. അതിന് സമ്മാനം കൊടുക്കണം എന്ന് ഞാന്‍ സ്വന്തമായി തീരുമാനമെടുത്ത് എമൗണ്ട് തീരുമാനിച്ച് ഞാന്‍ അങ്ങോട്ട് കൊടുത്തതാണ്. അവരെന്നോട് 5 പൈസ പോലും ചോദിച്ചിട്ടില്ല, വേണമെന്ന് പറഞ്ഞിട്ടില്ല. അഭയം തന്നവര്‍ക്ക് കൊടുത്ത ഒരു സമ്മാനം. നിയമവിരുദ്ധമായിട്ട് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അങ്ങനെയുള്ള ഒരു സഹായം ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. അത് സ്വീകരിക്കുകയുമില്ല. ഞങ്ങള്‍ ഇവര്‍ക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും സംഭാവന കൊടുത്തിട്ടുണ്ട്. അങ്ങോട്ട് സംഭാവന കൊടുത്തതല്ലാതെ കഴിഞ്ഞ 35 വര്‍ഷമായി ഒരു രൂപയുടെ പോലും നിയമപരമായ സംഭാവന ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല.

ഇലക്ടറല്‍ ബോണ്ടിനെ എങ്ങനെയാണ് കാണുന്നത് ?

അതില്‍ ഗുണവും ദൂഷ്യവുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന കൊടുത്താല്‍ അത് വേറെ പാര്‍ട്ടി അറിയുന്നില്ല. വ്യവസായികളെ സംബന്ധിച്ച് അങ്ങനെയൊരു ഗുണം മാത്രമേ അതിലുള്ളൂ. കളവും അഴിമതിയും കൊള്ളയും നടത്താനായിട്ടുള്ള അവസരം അതില്‍ രാഷ്ട്രീയക്കാര്‍ക്കുണ്ട്. അതുകൊണ്ട് സുതാര്യമായിരിക്കുന്നതാണ് നല്ലത് എപ്പോഴും.

വ്യവസായികള്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കിയിട്ട് ഇലക്ട്റല്‍ ബോണ്ട് വഴിതന്നെ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുക്കുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ അതൊരു ദൂഷ്യവശമല്ലേ ?

ഒരു രാഷ്ട്രീയ പാര്‍ട്ടി ഇലക്ട്റല്‍ ബോണ്ട് വഴി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് കൊടുത്തതായി എനിക്കറിവില്ല. തമിഴ്നാട്ടിലെ ഡിഎംകെ എന്നുപറയുന്ന പാര്‍ട്ടി സിപിഎമ്മിനും സിപിഐക്കും ഭീമമായിട്ടുള്ള തുക കെടുത്തിട്ടുണ്ട്. ഇലക്ട്റല്‍ ബോണ്ട് വഴിയല്ല, ചെക്ക് ആയിട്ടാണ് കൊടുത്തിരിക്കുന്നത്. അതില്‍ അഴിമതി നടന്നിട്ടുണ്ട്.

ലാഭം മാത്രമായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. അതുപോലെ ബിസിനസുകാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചാല്‍ അത് നാടിന് വിപത്താകില്ലേ ?

അത് രാഷ്ട്രീയക്കാരുടെ കാഴ്ച്ചപ്പാടാണ്. അവരുടെ ഭയം കൊണ്ട് പറയുന്നതാണ്. ഇവിടുത്തെ ജനങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നുള്ളതാണ്. ഈസ്റ്റിന്ത്യാ കമ്പനി, കോര്‍പ്പറേറ്റ് കമ്പനി അങ്ങനെ ഒന്നും ചിന്തിക്കേണ്ട കാര്യമില്ല. ആരാണോ യഥാര്‍ത്ഥ രാഷ്ട്രീയം നടത്തുന്നത് അവരെ ജനങ്ങള്‍ സ്വീകരിക്കും. രാഷ്ട്രീയമെന്ന് പറഞ്ഞു കഴിഞ്ഞാല്‍ പ്രധാനമായിട്ടും ആ രാജ്യത്തിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നുള്ളതാണ്. ഇപ്പോള്‍ ജനങ്ങളുടെ ക്ഷേമത്തിന് പകരം ഭരിക്കുന്നവരുടെ, അവരുടെ കുടുംബത്തിന്റെ, പ്രവര്‍ത്തകരുടെ അല്ലെങ്കില്‍ അവരുടെ അണികളുടെ ക്ഷേമം മാത്രമാണ് ഉറപ്പ് വരുത്തുന്നത്.

ഞങ്ങള്‍ യഥാര്‍ത്ഥ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് ഞങ്ങളെ വിജയിപ്പിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളെ സംബന്ധിച്ച് യഥാര്‍ത്ഥ രാഷ്ട്രീയം നടത്തുന്ന ജനസേവകരമായ പ്രവര്‍ത്തനം നടത്തുന്ന ആളുകളെ അവര്‍ തിരഞ്ഞെടുക്കുന്നു. ആരോപണം ഉയര്‍ത്തുന്നവര്‍ അവര്‍ക്ക് ചെയ്യേണ്ട കാര്യങ്ങള്‍ അവരു ചെയ്യാതിരുന്നതു കൊണ്ടും അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതിരുന്നത് കൊണ്ട് അത് വേറൊരാള്‍ ചെയ്യുകയും ജനങ്ങള്‍ അതിനോടൊപ്പം നില്‍ക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ആ ഭയപ്പാടുകൊണ്ട് പറയുന്നതാണ്. ഞങ്ങള്‍ ഏതെങ്കിലും രീതിയിലുള്ള ജനവഞ്ചന നടത്തിയിട്ടുണ്ടെങ്കില്‍ പറയട്ടെ. ഞങ്ങള്‍ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളില്‍ നാടിന് ദൂഷ്യമുണ്ടാക്കിയ ഒരു കാര്യം പറയട്ടെ, ഞങ്ങള്‍ ഈ പാര്‍ട്ടി ഇന്ന് ഇവിടെ അവസാനിപ്പിക്കാം.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top