ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സംരംഭക ലോകത്ത് തന്റെ പുതിയ ഇന്നിങ്‌സിനൊരുങ്ങുന്നു. സ്‌പോര്‍ട്‌സ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിനാണ് സച്ചിന്‍ തുടക്കമിടുന്നത്. സച്ചിനൊപ്പം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന്റെ മുന്‍ മേധാവി കാര്‍ത്തിക് ഗുരുമൂര്‍ത്തിയും മുന്‍ വൈസ് പ്രസിഡന്റ് കരണ്‍ അറോറയും സഹസ്ഥാപകരായുണ്ടാകും.
കായിക ഇനങ്ങള്‍, ജിം, സ്‌പോര്‍ട്‌സ് ട്രെയിനിങ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഉല്‍പന്നങ്ങളാണ് ഇന്ത്യയില്‍ തന്നെ നിര്‍മിച്ച്, ആകര്‍ഷക വിലയില്‍ ഈ സ്‌പോര്‍ട്‌സ് അത്‌ലീഷര്‍ ബ്രാന്‍ഡ് വിപണിയിലെത്തിക്കുക. ക്രിക്കറ്റിനും ബാഡ്മിന്റണിനും അനുയോജ്യമായ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചാകും തുടക്കം.
സച്ചിന്‍ തെന്‍ഡുല്‍ക്കറും വെഞ്ചര്‍ഫണ്ട് സ്ഥാപനമായ വൈറ്റ്‌ബോര്‍ഡ് കാപ്പിറ്റലും ചേര്‍ന്ന് തുടക്കമിട്ട എസ്ആര്‍ടി10 അത്‌ലീഷര്‍ പ്രൈവറ്റ് ലിമിറ്റഡാണ് സംരംഭത്തിന്റെ മാതൃസ്ഥാപനം. സച്ചിനും വൈറ്റ്‌ബോര്‍ഡ് കാപ്പിറ്റലുമാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. വെഞ്ചര്‍ കാപ്പിറ്റല്‍ ഫണ്ടുകളില്‍ നിന്ന് മൂലധന സമാഹരണം നടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
സച്ചിന്‍ നേരത്തേ ബ്രാന്‍ഡ് അംബാസഡര്‍, നിക്ഷേപകന്‍ എന്നീ നിലകളില്‍ നിരവധി ബ്രാന്‍ഡുകളുമായി സഹകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാകുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളായ നൈക്കി, അഡിഡാസ്, പ്യൂമ എന്നിവയോടാകും വിപണിയില്‍ പ്രധാനമായും എസ്ആര്‍ടി10 അത്‌ലീഷര്‍ ഏറ്റുമുട്ടുക. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ്, ജീം അനുബന്ധ ഉല്‍പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയുണ്ടെന്നത് കരുത്താക്കിയാണ് സച്ചിന്റെ പുതിയ ഇന്നിങ്‌സ്.
സംരംഭകനായും മികച്ച ഫോമില്‍
അര്‍വിന്ദ് ഫാഷന്‍സുമായി ചേര്‍ന്ന് ആരംഭിച്ച പുരുഷന്മാരുടെ വസ്ത്ര ബ്രാന്‍ഡായ ട്രൂ ബ്ലൂവിന്റെ സഹസ്ഥാപകനും ബ്രാന്‍ഡ് അംബാസഡറുമാണ് സച്ചിന്‍. സ്പിന്നി, ബൂസ്റ്റ്, ബിഎംഡബ്ല്യു തുടങ്ങിയവയുമായും സച്ചിന്‍ സഹകരിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകനെന്ന നിലയിലും സച്ചിന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.
സച്ചിന് ഓഹരി പങ്കാളിത്തമുള്ള, കുട്ടികളുടെ ഉല്‍പന്ന ബ്രാന്‍ഡായ ഫസ്റ്റ്‌ക്രൈ കഴിഞ്ഞദിവസം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. 9.99 കോടി രൂപയാണ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) മുമ്പ് ഫസ്റ്റ്‌ക്രൈയില്‍ സച്ചിനുണ്ടായിരുന്ന നിക്ഷേപം. ലിസ്റ്റിങ്ങിന് പിന്നാലെ, അദ്ദേഹത്തിന്റെ നിക്ഷേപത്തിന്റെ മൂല്യം 13.82 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
നേരത്തേ ആസാദ് എന്‍ജിനിയറിങ് എന്ന കമ്പനിയില്‍ സച്ചിന്‍ നിക്ഷേപിച്ച 4.99 കോടി രൂപയും ലിസ്റ്റിങ്ങിന് പിന്നാലെ 60 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഒറ്റവര്‍ഷം കൊണ്ടായിരുന്നു സച്ചിന്റെ നിക്ഷേപമൂല്യം 4.99 കോടിയില്‍ നിന്ന് 60 കോടി രൂപയായി വര്‍ധിച്ചത്
സച്ചിന് പുറമേ മറ്റ് ക്രിക്കറ്റ് താരങ്ങളും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരുമായ വിരാട് കോലി, മഹേന്ദ്ര സിങ് ധോണി തുടങ്ങിയവരും നേരത്തേ സ്വന്തം സ്‌പോര്‍ട്‌സ് ഉല്‍പന്ന ബ്രാന്‍ഡുകള്‍ ആരംഭിച്ചവരാണ്. യൂണിവേഴ്‌സല്‍ സ്‌പോര്‍ട്ബിസ് എന്നാണ് കോഹ്‌ലിയുടെ കമ്പനിയുടെ പേര്. പ്രമുഖ വസ്ത്ര ബ്രാന്‍ഡായ റോങ് (ണഞഛഏച) ഈ കമ്പനിക്ക് കീഴിലുള്ളതാണ്. ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ സെവന്‍ ബൈ എംഎസ് ധോണി ആണ് ധോണിയുടെ കമ്പനി.