ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി ആരോ​ഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു

കൊൽക്കത്ത: യുവഡോക്ടറുടെ ക്രൂര കൊലപാതകം നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴും ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. രാജ്യ തലസ്ഥാനത്തെ ആശുപത്രികളിൽ പോലും സിസിടിവി സ്ഥാപിക്കാനും വേണ്ടത്ര സുരക്ഷാ ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കാനുമുള്ള നടപടികൾ എവിടെയുമെത്തിയില്ല. മലയാളികളടക്കമുള്ള ആരോ​ഗ്യ പ്രവർത്തകർ ഭീതിയിലാണ് രാപ്പകൽ ജോലി ചെയ്യുന്നത്.

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി ആരോ​ഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ആഴ്ചകൾ നീണ്ട സമരം സുപ്രീംകോടതിയുടെ നിർണായക ഇടലപെടലുകൾക്ക് വരെ കാരണമായി. എന്നാൽ ഈ പ്രതിഷേധം കൊണ്ടൊന്നും അധികാരികൾ ഉണർന്ന് പ്രവർത്തിച്ചില്ല. ആശുപത്രികളിൽ എല്ലായിടത്തും സിസിടിവി, രാത്രിയിലടക്കം പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോ​ഗസ്ഥർ, വിശ്രമമുറികൾ, പോലീസ് സുരക്ഷ ഇതെല്ലാം വേണമെന്നായിരുന്നു ആവശ്യം.

Also Read: ബലാത്സംഗ കൊലപാതകം; നിർണായക രേഖ കാണാനില്ല: സുപ്രീംകോടതി

സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെ തിരക്കുപിടിച്ചുള്ള പ്രഖ്യാപനങ്ങളല്ലാതെ നടപടികൾ ഒന്നും എവിടെയുമെത്തിയിട്ടില്ലെന്നാണ് ആരോ​ഗ്യ പ്രവർത്തകർ പറയുന്നത്. രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ പോലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനോ വേണ്ടത്ര സുരക്ഷാ ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കാനോ ഇതുവരെ നടപടികളുണ്ടായിട്ടില്ല.

വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി നിർദേശങ്ങൾ നൽകാൻ ദേശീയ കർമ്മ സമിതിയെ രൂപീകരിച്ചിരുന്നു. എന്നാൽ സമിതിയിൽ ആരോ​ഗ്യ പ്രവർത്തകരിൽ ഭൂരിപക്ഷമായ നേഴ്സുമാരുടെ പ്രതിനിധികളാരെയും ഉൾപ്പെടുത്തിയില്ല. സുപ്രീം കോടതിയുടെ ഇടപെടലും കേന്ദ്രസർക്കാറിന്റെ വാ​ഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിച്ചുമാണ് ആരോ​ഗ്യ പ്രവർത്തകർ സമരം നിർത്തിയത്. എന്നാൽ ഓരോ ദിവസവും പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നാണ് മലയാളികളടക്കമുള്ള ദില്ലിയിലെ ആരോ​ഗ്യ പ്രവർത്തകർ പറയുന്നത്. പ്രഖ്യാപനങ്ങൾക്കപ്പുറം ഊർജിതമായ നടപടികളാണാവശ്യം.

Top