റൗഡി ബേബി, അമരൻ എന്നീ ചിത്രങ്ങളുടെ സക്സസ് പോസ്റ്ററുകളിൽ നിന്നും പ്രമുഖ നടി സായ് പല്ലവിയെ ഒഴിവാക്കിയെന്ന വിമർശനവുമായി ചിന്മയി ശ്രീപദ. യൂട്യൂബിൽ ‘റൗഡി ബേബി’ എന്ന ഗാനം 10 ലക്ഷം വ്യൂസ് നേടിയതിന്റെയും അമരൻ എന്ന ചിത്രം 19 ദിവസങ്ങൾക്കുള്ളിൽ തന്നെ 300 കോടി കളക്ഷൻ നേടിയതിന്റെയും പോസ്റ്ററുകൾ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിലാണ് ഈ വിമർശനം. ‘ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സ്ത്രീ കലാകാരികൾക്ക് ഇപ്പോഴും, ഒരു പുരുഷനുമായി തോളോട് തോൾ ചേർന്ന് ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന പോസ്റ്ററിൽ ഇടം പിടിക്കാൻ സാധിച്ചില്ലാ’യെന്നാണ് ചിന്മയി വിമർശിക്കുന്നത്.
‘റൗഡി ബേബി എന്ന സൂപ്പർ ഹിറ്റ് ഗാനം പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനംപിടിച്ചത് ധനുഷിനൊപ്പം പാടിയ ധീ എന്ന ഗായികയുടെ ശബ്ദം കൂടെ കാരണമാണ്, എന്നാൽ ഇവിടെ ഗിറ്റാറുമായി നിൽക്കുന്ന ധനുഷ് മാത്രമാണ് പോസ്റ്ററിലുള്ളത്. മാരി 2, അമരൻ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്ത സായ് പല്ലവിയും ഈ പോസ്റ്ററുകളിൽ ഒന്നും ഇടം നേടിയില്ലെന്നും ചിന്മയി വിമർശിച്ചു. നിലവിൽ ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ പ്രധാന വേഷത്തിലെത്തിയ അമരൻ 300 കോടിയും കടന്ന് ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. കമൽ ഹാസൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് രാജ്കുമാർ പെരിയസ്വാമിയാണ്.
Also Read : ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം എആർ റഹ്മാന്
ചിന്മയിയുടെ വിമർശനത്തെ പിന്തുണച്ചും എതിർത്തും നിരവധിപേരാണ് രംഗത്തെത്തിയത്. ആരാധകർ നിർമിച്ച പോസ്റ്ററാണിതെന്നാണ് ഒരു കൂട്ടരുടെ വാദം. നേരത്തെ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി ഒരു മീ ടു ആരോപണം ഉന്നയിച്ചിരുന്നു, തുടർന്ന് വലിയ വിവാദങ്ങൾ ഇതിന്റെ ഭാഗമായി ഉയർന്ന് വന്നിരുന്നു.