കോട്ടയം: ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത മങ്ങാത്ത ഒരു ഓര്‍മ്മയായി വന്ദന. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍… 2023 മെയ് ഒമ്പതിന് അവള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പതിവുപോലെ ഡ്യൂട്ടിക്ക് എത്തി. ഡ്യൂട്ടിയില്‍ ഇരിക്കുമ്പോള്‍ പുലര്‍ച്ച നാലരയോടെയാണ് ലഹരിക്കടിമയായ സന്ദീപിനെ പോലീസുകാര്‍ അവിടെ എത്തിക്കുന്നത്. കാലിലെ മുറിവ് തുന്നി കെട്ടാന്‍ ആണ് പോലീസ് കൊണ്ടുവന്നത്. കൈവിലങ്ങ് വച്ചിരുന്നില്ല. മുറിവ് തുന്നി കെട്ടുന്നതിനിടെ പ്രകോപിതനായ പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ ആഞ്ഞുകുത്തി. ഒന്നല്ല ആറ് തവണ. വന്ദനയുടെ കഴുത്തിലും മുതുകിലും പിന്നില്‍ നിന്നും കുത്തി. നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ട് അക്രമാസക്തനായ പ്രതിയെ കീഴടക്കി. ശേഷം വന്ദനയെ ആശുപത്രിയിലേക്ക് മാറ്റി പരിക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം പകല്‍ ഒമ്പതിന് സ്ഥിരീകരിക്കുന്നു.
കേരളം മുന്‍പെങ്ങും കാണാത്ത വിധം ഉള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമരം. മെഡിക്കല്‍ മേഖല ഒന്നാകെ തെരുവില്‍ ഇറങ്ങി. ഇങ്ങനെ ജീവന്‍ നഷ്ടപ്പെടുത്തി ജോലി ചെയ്യാന്‍ ആകില്ലെന്ന് ഉറക്കെ പറഞ്ഞു. ഡോക്ടര്‍മാരുടെ സമരം പിന്‍വലിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന ആശുപത്രി സംരക്ഷണ നിയമം അടിമുടി മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അതിശക്തമായ സമരത്തിനൊടുവില്‍ സര്‍ക്കാര്‍, ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട ഭേദഗതികളോടെ സെപ്റ്റംബറില്‍ വന്ദനയുടെ പേരില്‍ തന്നെ നിയമം പാസാക്കി. ആശുപത്രിയിലെ സുരക്ഷാ വീഴ്ച ഡോക്ടറുടെ ജീവനെടുത്ത് ഒരാണ്ട് കഴിഞ്ഞിട്ടും ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് മാത്രമാണ് പ്രതീക്ഷയെന്ന് വന്ദനയുടെ മാതാപിതാക്കള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഏകമകള്‍ വന്ദനയുടെ കണ്ണീരോര്‍മയിലാണ് മുട്ടുച്ചിറ നമ്പിച്ചിറക്കാലയില്‍ മോഹന്‍ദാസും ഭാര്യ വസന്ത കുമാരിയും. കേസിന്റെ വിചാരണ നടപടികള്‍ ഇപ്പോള്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.