CMDRF

ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്ക്: സാം പിട്രോഡ

ബിജെപിയാണ് രാഹുലിന് പപ്പുവെന്ന പട്ടം നല്‍കിയത്

ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്ക്: സാം പിട്രോഡ
ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്ക്: സാം പിട്രോഡ

ഡല്‍ഹി: ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷന്‍ സാം പിട്രോഡ. ബിജെപിയാണ് രാഹുലിന് പപ്പുവെന്ന പട്ടം നല്‍കിയത്. എന്നാല്‍ ഇന്ന് അതേ ബിജെപി രാഹുലിനെ പപ്പു എന്ന് അഭിസംബോധന ചെയ്യാന്‍ മടിക്കുകയാണെന്നും സാം പിട്രോഡ പറഞ്ഞു. പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെക്‌സസിലെ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു പിട്രോഡയുടെ പരാമര്‍ശം.

തന്റെ പ്രവര്‍ത്തനത്തിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ബിജെപി ചാര്‍ത്തിയ പപ്പുവെന്ന പേര് മാറ്റിയെടുത്തത്. ഭാരത് ജോഡോയുടെ 4000 കിലോമീറ്റര്‍ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്നും പിട്രോഡ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘അന്‍പതുകളില്‍ ക്ലാസ് മുറികളിലേക്ക് കയറുമ്പോള്‍ ഗാന്ധിയന്‍ കാഴ്ചപ്പാടുകളും ചിന്തകളും വീക്ഷണങ്ങളുമായിരുന്നു ഞങ്ങളുടെ പഠനത്തിന്റെ കാതല്‍. വൈവിധ്യവും ഏകത്വും ഞങ്ങള്‍ക്ക് വെറും വാക്കുകള്‍ മാത്രമായിരുന്നില്ല. അതായിരുന്നു ഞങ്ങളുടെ ജീവിതം. എന്നാല്‍ സമൂഹത്തിലെ അടിസ്ഥാന വിഷയങ്ങളില്‍ പോലും മാറ്റങ്ങളും അക്രമണങ്ങളുമുണ്ടായപ്പോള്‍ ഞങ്ങള്‍ ഭയപ്പെട്ടു, ആശങ്കയിലായി. ജാതി, മത, വര്‍ണ ഭേദമന്യേ എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കുകയാണ് ഇതിന് ഏക പോംവഴി. ഞങ്ങള്‍ രാജ്യത്തെ ഓരോ പൗരനും തുല്യമായ അവസരമൊരുക്കുന്നു, ഏതൊരു തൊഴിലിനും അന്തസുറപ്പാക്കുന്നു. ഇതാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്, അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്’, സാം പിട്രോഡ പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം വൈവിധ്യങ്ങളെ ആഘോഷിക്കുകയാണ്. ജനാധിപത്യം നിസാര കാര്യമല്ല. ജനാധിപത്യത്തിന് ഒരു കൂട്ടമാളുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും സാം പിട്രോഡ പറഞ്ഞു.

Top