നാഗചൈതന്യയുമായുള്ള വിവാഹമോചന വിവാദത്തില്‍ പ്രതികരണവുമായി നടി സാമന്ത റൂത്ത് പ്രഭു. വിവാഹ മോചനത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ടാ സുരേഖയ്‌ക്കെതിരെ രൂക്ഷ വിമർശനമുമായി സാമന്ത രംഗത്ത് എത്തിയത്. സാമന്ത-നാഗചൈതന്യ ദമ്പതികളുടെ വിവാഹമോചനത്തില്‍ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.ടി. രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു കൊണ്ടാ സുരേഖയുടെ വാദം. മന്ത്രിയുടെ പരാമർശം ഒരു സ്ത്രീ എന്ന നിലയിലുള്ള തൻ്റെ യാത്രയെ നിസാരവൽക്കരിക്കുന്നതാണെന്നും വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നുമായിരുന്നു സാമന്തയുടെ പ്രതികരണം.
“വിമാഹമോചനം എന്‍റെ വ്യക്തിപരമായ കാര്യമാണ്. ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. വ്യക്തതയ്ക്കായി: എൻ്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരവുമായിരുന്നു, അതില്‍ രാഷ്ട്രീയ ഗൂഢാലോചനകള്‍ ഉള്‍പ്പെട്ടിട്ടില്ല”, നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.