ബംഗളൂരു: മഹാരാജ ട്രോഫിയിൽ ഫോമിലേക്ക് തിരിച്ചെത്തി രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ മൈസൂർ വാരിയേഴ്‌സ് താരം ഇന്നലെ ഗുൽബർഗ മിസ്റ്റിക്‌സിനെതിരെ 33 റൺസ് നേടി. 24 പന്തുകളിൽ നിന്നാണ് താരം ഇത്രയും റൺസ് നേടിയത്. ഒരു സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു സമിത്തിന്റെ ഇന്നിംഗ്‌സ്. 18കാരൻ ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും ടീം പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മൈസൂർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് മൈസൂർ നേടിയത്. മറുപടി ബാറ്റിംഗിൽ ഗുൽബർഗ അവസാന പന്തിൽ ലക്ഷ്യം മറികടന്നു.
തകർച്ചയോടെയായിരുന്നു മൈസൂരിന്റെ തുടക്കം. 18 റൺസിന് അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. പിന്നാലെ ക്രീസിൽ ഒന്നിച്ച സമിത് – കരുൺ നായർ (66) സഖ്യമാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 83 റൺസ് കൂട്ടിചേർത്തു. 12-ാം ഓവറിലാണ് സമിത് മടങ്ങുന്നത്. തുടർന്നെത്തിയ സുമിത് കുമാർ (19), മനോജ് ഭണ്ഡാഗെ (0) എന്നിവർ പെട്ടന്ന് മടങ്ങിയെങ്കിലും ജഗദീഷ് സുചിത്തിന്റെ (40) ഇന്നിംഗ്‌സ് മൈസൂരിന് മികച്ച സ്‌കോർ സമ്മാനിച്ചു. 16-ാം ഓവറിൽ കരുൺ മടങ്ങിയിരുന്നു. മൂന്ന് സിക്‌സും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്‌സ്. മോനിഷ് റെഡ്ഡി, പൃത്വിരാജ് ഷെഖാവത്ത് എന്നിവർ രണ്ട്് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ആർ സ്മരൺ നേടിയ സെഞ്ചുറിയാണ് ഗുൽബർഗയെ വിജയത്തിലേക്ക് നയിച്ചത്. 60 പന്തിൽ 104 റൺസാണ് സ്മരൺ നേടിയത്. നാല് സിക്‌സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്്‌സ്. പ്രവീൺ ദുബെ 37 റൺസെടുത്തു. മൂന്ന് മത്സരങ്ങളിൽ രണ്ട് തോൽവിയുള്ള മൈസൂർ ഇപ്പോൾ നാലാം സ്ഥാനത്താണ്.